സ്വര്‍ണവിലയില്‍ വീണ്ടും മാറ്റം, ഉച്ചക്ക് കൂടിയത് 440 രൂപ, ഒരു പവന്‍ സ്വര്‍ണാഭരണത്തിന്റെ വില ലക്ഷം കടന്നു
സംസ്ഥാനത്തെ സ്വര്‍ണം, വെള്ളി വിലയില്‍ വീണ്ടും മാറ്റം. ഉച്ചക്ക് ശേഷം ഗ്രാമിന് 55 രൂപ വര്‍ധിച്ച് 10,930 രൂപയും പവന് 480 രൂപ വര്‍ധിച്ച് 87,440 രൂപയിലുമെത്തി. സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വിലയാണിത്. കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 45 രൂപ വര്‍ധിച്ച് 8,980 രൂപയായി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6,990 രൂപയിലും 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,510 രൂപയിലുമാണ് ഇനിയുള്ള വ്യാപാരം. വെള്ളി വില ഗ്രാമിന് 3 രൂപ വര്‍ധിച്ച് 156 രൂപയിലെത്തി. ഇതും റെക്കോഡാണ്.
അമേരിക്കയിലെ ഒരു ഡസനോളം വകുപ്പുകള്‍ സ്തംഭനത്തിലേക്ക് നീങ്ങിയതാണ് സ്വര്‍ണവില വര്‍ധിക്കാനുള്ള ഇപ്പോഴത്തെ പ്രധാന കാരണം. അമേരിക്കന്‍ ഡോളറിന്റെ വിനിമയ നിരക്ക് ഇടിഞ്ഞതും യു.എസ് ഫെഡ് റിസര്‍വ് പലിശ നിരക്ക് കുറക്കുമെന്ന റിപ്പോര്‍ട്ടുകളും വില വര്‍ധനക്ക് കാരണമായി. ഡോളര്‍ ഇന്‍ഡെക്‌സ് ഒരാഴ്ച്ചത്തെ താഴ്ന്ന നിലയിലാണ്. ഇതോടെ മറ്റ് കറന്‍സികളില്‍ സ്വര്‍ണം വാങ്ങുന്നത് എളുപ്പമായി. അന്താരാഷ്ട്ര വിപണിയില്‍ 3,885.30 ഡോളറിലാണ് ഇപ്പോഴത്തെ സ്വര്‍ണവ്യാപാരം നടക്കുന്നത്. വില ഇനിയും വര്‍ധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഒരുലക്ഷം കടന്ന് ആഭരണ വില
ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ അഞ്ച് ശതമാനം പണിക്കൂലി കണക്കാക്കിയാല്‍ നികുതിയും ഹാള്‍മാര്‍ക്കിംഗ് ചാര്‍ജുകളും ചേര്‍ത്ത് 94,629 രൂപയാകും. പത്ത് ശതമാനം പണിക്കൂലി കണക്കാക്കിയാല്‍ ആഭരണ വില ഒരു ലക്ഷം കടക്കും. ഇതാദ്യമായാണ് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണാഭരണത്തിന്റെ വില ഒരുലക്ഷം കടക്കുന്നത്. വില പിടിവിട്ട് കുതിച്ചതോടെ കേരളത്തിലെ സ്വര്‍ണവ്യാപാരികളും പ്രതിസന്ധിയിലാണ്.
Read DhanamOnline in English
Subscribe to Dhanam Magazine

