

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വര്‍ധന. ഗ്രാമിന് 25 രൂപ കൂടി 11,910 രൂപയായി. പവന് 200 രൂപ വര്‍ധിച്ച് 95,280 രൂപയുമായി. യു.എസ് ഡോളറിന്റെ വിനിമയ നിരക്ക് ഇടിഞ്ഞതും പലിശ നിരക്ക് കുറക്കുമെന്ന പ്രതീക്ഷ വര്‍ധിച്ചതുമാണ് വില കൂടാന്‍ പ്രധാന കാരണം. ലൈറ്റ് വെയിറ്റ് സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 9,795 രൂപാണ്. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7,630 രൂപയും 9 കാരറ്റ് 4,920 രൂപയുമാണ്. വെള്ളി വില ഗ്രാമിന് 187 രൂപയായി തുടരുന്നു.
ഇന്ന് പുറത്തു വരാനിരിക്കുന്ന യു.എസ് പണപ്പെരുപ്പ കണക്കാണ് നിക്ഷേപകര്‍ കാത്തിരിക്കുന്നത്. അടുത്ത മാസം യു.എസ് ഫെഡ് റിസര്‍വ് പലിശ നിരക്കില്‍ വരുത്തുന്ന മാറ്റത്തിന്റെ സൂചന ഇതില്‍ ലഭ്യമാകും. 25 ബേസിസ് പോയിന്റ് പലിശ നിരക്ക് കുറക്കുമെന്ന പ്രതീക്ഷ നിലനില്‍ക്കുന്നുണ്ട്. എന്നാലും വിപണിക്ക് ഇക്കാര്യത്തില്‍ ഉറപ്പില്ല.
യു.എസില്‍ പുതുതായി തൊഴിലില്ലായ്മ ആനുകൂല്യം വാങ്ങുന്നവരുടെ എണ്ണം മൂന്നുവര്‍ഷത്തെ താഴ്ന്ന നിലയിലെത്തിയെന്നാണ് പുതിയ കണക്ക്. സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിച്ചതിലും ഏറെ താഴെയാണിത്. മറ്റൊരു വശത്ത് നവംബറിലെ സ്വകാര്യ നിയമനങ്ങളില്‍ വലിയ കുറവുണ്ടായി. ഇക്കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ ഫെഡ് നിരക്ക് കുറക്കാനുള്ള സാധ്യത 87 ശതമാനമായി കുറഞ്ഞു. ഇന്നലെ വിപണിയുടെ പ്രതീക്ഷ 89 ശതമാനമായിരുന്നു.
അതിനിടെ അടുത്ത വര്‍ഷത്തില്‍ (2026) സ്വര്‍ണവില നിലവിലുള്ളതിനേക്കാള്‍ 15-30 ശതമാനം വരെ വര്‍ധിക്കുമെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍. നടപ്പുവര്‍ഷത്തില്‍ സ്വര്‍ണവില 53 ശതമാനം വരെയാണ് വര്‍ധിച്ചത്. യു.എസ് താരിഫും ഭൗമരാഷ്ട്രീയ വിഷയങ്ങളും കാരണം ആളുകള്‍ സുരക്ഷിത നിക്ഷേപ മാര്‍ഗം തേടിയതാണ് വില ഉയര്‍ത്തിയത്. കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയതും പലിശ നിരക്കുകളില്‍ മാറ്റം വരുത്തിയതും വിലയെ സ്വാധീനിച്ചു. ഇതേ സാഹചര്യങ്ങള്‍ അടുത്ത വര്‍ഷവും നിലനില്‍ക്കാനുള്ള സാധ്യതയാണ് വിദഗ്ധര്‍ കാണുന്നത്. മറ്റ് വിപണികളില്‍ മാന്ദ്യം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഗോള്‍ഡ് ഇ.ടി.എഫുകളിലെ ഡിമാന്‍ഡ് വര്‍ധിക്കുമെന്നും കൗണ്‍സില്‍ ചൂണ്ടിക്കാട്ടി.
ഇന്നത്തെ വിലയില്‍ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ കുറഞ്ഞത് 1,03,100 രൂപയെങ്കിലും വേണ്ടി വരും. കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും നികുതിയും ഹാള്‍മാര്‍ക്കിംഗ് ചാര്‍ജും ചേര്‍ത്തുള്ള തുകയാണിത്. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയും വിലയിലും മാറ്റമുണ്ടാകാനും സാധ്യതയുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine