

അമേരിക്കന്‍ ഫെഡ് നിരക്ക് കുറക്കുമെന്ന പ്രതീക്ഷ ശക്തമായതോടെ പിടിവിട്ട് സ്വര്‍ണവില. സംസ്ഥാനത്തെ സ്വര്‍ണവില ഗ്രാമിന് 125 രൂപ വര്‍ദ്ധിച്ച് 10,110 രൂപയും, പവന് 1,000 രൂപ വര്‍ദ്ധിച്ച് 80,880 രൂപയുമായി. സംസ്ഥാനത്ത് ഇതാദ്യമായാണ് ഇത്രയും ഉയര്‍ന്ന വില രേഖപ്പെടുത്തുന്നത്. ഇന്നലെ രാവിലെ സ്വര്‍ണ്ണവില ഗ്രാമിന് 10 രൂപ കുറഞ്ഞെങ്കിലും ഉച്ചയ്ക്ക് 50 രൂപ വര്‍ധിച്ചിരുന്നു. കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 100 രൂപ വര്‍ധിച്ച് 8,300 രൂപയിലെത്തി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6,465 രൂപയിലും 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,165 രൂപയിലുമാണ് ഇന്നത്തെ വ്യാപാരം. വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 133 രൂപ.
അമേരിക്കന്‍ ഡോളറിന്റെ വിനിമയ നിരക്ക് കുറഞ്ഞതും ഫെഡ് പലിശ നിരക്ക് കുറക്കുമെന്ന പ്രതീക്ഷ ശക്തമായതുമാണ് സ്വര്‍ണ വില കുതിക്കാന്‍ ഇടയാക്കിയത്. ഡോളര്‍ സൂചിക 0.10 ശതമാനം ഇടിഞ്ഞത് മറ്റ് കറന്‍സികളില്‍ സ്വര്‍ണം വാങ്ങല്‍ എളുപ്പമാക്കി. ഈ മാസം നടപ്പിലാക്കുമെന്ന് പ്രതീക്ഷിക്കുന്ന യു.എസ് പലിശ ഇളവാണ് വില വര്‍ധനവിന്റെ പ്രധാന ചാലക ശക്തി. ഫെഡ് വൃത്തങ്ങള്‍ സൂചന നല്‍കിയതിന് പുറമെ കഴിഞ്ഞ ദിവസം പുറത്തുവന്ന സാമ്പത്തിക കണക്കുകളും നിരക്ക് കുറക്കുമെന്ന് ഉറപ്പിച്ചിട്ടുണ്ട്. അമേരിക്കന്‍ തൊഴില്‍ കണക്കുകള്‍ ഇടിഞ്ഞതും നിര്‍ണായകമായി.
2022 ഡിസംബര്‍ 29ന് ഗ്രാമിന് 5,005 രൂപയും പവന് 40,040 രൂപയുമായിരുന്നു സ്വര്‍ണ വില. അന്താരാഷ്ട്ര വിപണിയിലെ വില ഔണ്‍സിന് 1,811 ഡോളറെന്ന നിലയിലും. യു.എസ് ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് 82.84ലായിരുന്നു. മൂന്ന് വര്‍ഷത്തിനുള്ളില്‍ സ്വര്‍ണവില ഇരട്ടിയായി. അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് 3,652 ഡോളര്‍ എന്ന നിരക്കിലാണ് ഇന്നത്തെ വ്യാപാരം. ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 88.03 രൂപയിലുമെത്തി. ട്രംപിന്റ തീരുവയുദ്ധത്തെ തുടര്‍ന്നുള്ള ആഗോള ആശങ്കകള്‍, ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, ഡോളറിന്റെ വിനിമയ നിരക്ക്, കേന്ദ്രബാങ്കുകളുടെ വാങ്ങല്‍ തുടരുന്നത്, വിവിധ രാജ്യങ്ങളുടെ സാമ്പത്തിക നിലപാടുകള്‍, ആഗോളതലത്തില്‍ സാമ്പത്തിക വളര്‍ച്ച മുരടിക്കുമെന്ന സൂചനകള്‍ തുടങ്ങിയ കാരണങ്ങളാണ് വില വര്‍ധനവിന് ഇടയാക്കിയത്.
ഓണ്‍ലൈന്‍ വ്യാപാരികള്‍ സ്വര്‍ണ നിക്ഷേപം വിറ്റഴിക്കാതെ കൈവശം വെച്ചിരിക്കുന്നതും വില വര്‍ധനവിന് കാരണമാകുന്നതായി ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.അബ്ദുല്‍ നാസര്‍ പറഞ്ഞു. അന്താരാഷ്ട്ര സ്വര്‍ണ്ണവില 3,670 ഡോളര്‍ കടന്ന് മുന്നോട്ട് പോയാല്‍ 3,700 ഡോളറും കടന്ന് 3,800 ഡോളറിലേക്ക് എത്തുമെന്നാണ് സൂചനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 80,880 രൂപയാണെങ്കിലും സമാനതൂക്കത്തിലുള്ള സ്വര്‍ണാഭരണം വാങ്ങാന്‍ അതിലുമേറെ നല്‍കണം. കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, നികുതി, ഹാള്‍മാര്‍ക്കിംഗ് ചാര്‍ജുകള്‍ ഉള്‍പ്പെടെ ഒരു പവന്‍ സ്വര്‍ണാഭരണത്തിന് കുറഞ്ഞത് 87,500 രൂപയെങ്കിലും നല്‍കേണ്ടി വരും. ആഭരണത്തിന്റെ ഡിസൈന്‍ അനുസരിച്ച് വിലയിലും മാറ്റമുണ്ടാകുമെന്ന് മറക്കരുത്.
Check the Kerala gold price today, 09 September 2025. Get the latest jewellery rates per gram and per sovereign along with insights on bullion market trends.
Read DhanamOnline in English
Subscribe to Dhanam Magazine