

സംസ്ഥാനത്തെ സ്വര്‍ണ വില വീണ്ടും 90,000ന് മുകളില്‍. ആഗോള സൂചനകള്‍ പോസിറ്റീവായതും അടുത്ത മാസം യു.എസ് ഫെഡ് റിസര്‍വ് പലിശ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷ ശക്തമായതുമാണ് വില വര്‍ധിക്കാന്‍ കാരണം. ഗ്രാമിന് 110 രൂപ വര്‍ധിച്ച് 11,925 രൂപയാണ് ഇന്നത്തെ വില. പവന് 880 രൂപ വര്‍ധിച്ച് 90,360 രൂപയിലുമെത്തി. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വിലയാണിത്. കഴിഞ്ഞ മാസം 17ന് രേഖപ്പെടുത്തിയ പവന് 97,360 രൂപയാണ് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വില.
കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം 100 രൂപ കൂടി ഗ്രാമിന് 9,295 രൂപയായി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7,240 രൂപയിലും 9 കാരറ്റ് ഗ്രാമിന് 4,660 രൂപയിലുമാണ് ഇന്നത്തെ വ്യാപാരം. വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 157 രൂപ.
ഒക്ടോബറില്‍ റെക്കോഡ് വിലയിലെത്തിയ ശേഷം സ്വര്‍ണം തിരുത്തലിലേക്ക് മാറിയിരുന്നു. വില കുത്തനെ ഇടിഞ്ഞെങ്കിലും കാര്യങ്ങള്‍ മാറിമറിഞ്ഞു. യു.എസ് സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ആശങ്കകളും അടുത്ത മാസം യു.എസ് ഫെഡറല്‍ റിസര്‍വ് പലിശ കുറക്കുമെന്ന പ്രതീക്ഷയുമാണ് വില വര്‍ധിക്കാന്‍ കാരണം. യു.എസിലെ ഷട്ട്ഡൗണ്‍ നാല്‍പ്പതാം ദിവസം പിന്നിട്ടതോടെ തൊഴില്‍ വിപണി ദുര്‍ബലമാവുകയും ഉപയോക്താക്കളുടെ താത്പര്യങ്ങള്‍ മാറുകയും ചെയ്തിട്ടുണ്ട്. ഇതോടെ യു.എസില്‍ സാമ്പത്തിക മാന്ദ്യമുണ്ടാകുമെന്ന ആശങ്കയും വര്‍ധിച്ചു. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ തയ്യാറായെന്നും വിദഗ്ധര്‍ പറയുന്നു.
ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 97,777 രൂപയെങ്കിലും വേണ്ടി വരും. കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും ജി.എസ്.ടിയും ഹാള്‍മാര്‍ക്കിംഗ് ചാര്‍ജുകളും ചേര്‍ത്ത തുകയാണിത്. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് വിലയില്‍ വ്യത്യാസമുണ്ടാകും.
Read DhanamOnline in English
Subscribe to Dhanam Magazine