ഒന്നു കൂടി ഇടിഞ്ഞ് സ്വര്‍ണം, ട്രംപും പുടിനും തീരുമാനിച്ചാല്‍ ഇനിയും ഇടിഞ്ഞെന്നു വരും! വെള്ളിക്കുമുണ്ട് ഇളക്കം

യു.എസ് കടപ്പത്രങ്ങളുടെ പലിശ നിരക്ക് കുറക്കുമെന്ന സൂചനകളും യു.എസിലെ തൊഴില്‍ കണക്കുകള്‍ പുറത്തുവന്നതും സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലാണെന്ന സൂചന നല്‍കി
Gold Ornaments
gold merchantsImage courtesy : AdobeStocks
Published on

അന്താരാഷ്ട്ര വിപണിയുടെ ചുവട് പിടിച്ച് സംസ്ഥാനത്തെ സ്വര്‍ണവില ഇന്നും കുറഞ്ഞു. സര്‍വകാല റെക്കോഡായ പവന് 75,760 രൂപയില്‍ നിന്നും മൂന്ന് ദിവസത്തിനിടെ 760 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 70 രൂപ കുറഞ്ഞ് 9,375 രൂപയായി. പവന് 560 രൂപ കുറഞ്ഞ് 75,000 രൂപയെന്ന നിലയിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം. കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 60 രൂപ കുറഞ്ഞ് 7,695 രൂപയിലെത്തി. 14 കാരറ്റിന് ഗ്രാമിന് 5,990 രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 3,860 രൂപയുമാണ് വില. വെള്ളിവില ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 124 രൂപയെന്ന നിലയിലായി.

എല്ലാം ട്രംപ് മയം

യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ താരിഫ് പ്രഖ്യാപനങ്ങളാണ് കഴിഞ്ഞ ആഴ്ച സ്വര്‍ണവില ഉയര്‍ത്തിയത്. ഓഗസ്റ്റിന്റെ തുടക്കത്തില്‍ പവന് 73,200 രൂപയുണ്ടായിരുന്ന സ്വര്‍ണം എട്ടാം തീയതി എത്തിയപ്പോള്‍ സര്‍വകാല റെക്കോഡായ പവന് 75,760 രൂപയിലേക്ക് കുതിച്ചു. ഇതിന് പിന്നാലെ യു.എസ് കടപ്പത്രങ്ങളുടെ പലിശ നിരക്ക് കുറക്കുമെന്ന സൂചനകളും യു.എസിലെ തൊഴില്‍ കണക്കുകള്‍ പുറത്തുവന്നതും സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലാണെന്ന സൂചന നല്‍കി. ഇതോടെ കൂടുതലാളുകള്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണം വാങ്ങാന്‍ തുടങ്ങി. സെപ്റ്റംബറില്‍ യു.എസ് പലിശ നിരക്ക് 25 ബേസിസ് പോയിന്റ് കുറയ്ക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അടുത്ത ദിവസങ്ങളില്‍ പുറത്തുവരുന്ന യു.എസ് പണപ്പെരുപ്പ, ഫാക്ടറി പെര്‍ഫോമന്‍സ് കണക്കുകള്‍ ഇതില്‍ നിര്‍ണായകമാകും.

വരവ് കുറയും!

ഇതിന് പുറമെ തുടര്‍ച്ചയായ അഞ്ചാം തവണയും ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറച്ചതും സ്വര്‍ണത്തിന് കരുത്ത് പകര്‍ന്നെന്നാണ് വിലയിരുത്തല്‍. ഒരു കിലോ, 100 ഔണ്‍സ് സ്വര്‍ണക്കട്ടികള്‍ക്ക് ഇറക്കുമതി വിലക്ക് ഏര്‍പ്പെടുത്തിയതും തിരിച്ചടിയായി. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ കേന്ദ്രമായ സ്വിന്റ്‌സര്‍ലാന്റിനെ ആശ്രയിക്കുന്നത് കുറക്കാന്‍ ലക്ഷ്യമിട്ടായിരുന്നു നീക്കം. ഇതോടെ യു.എസിലേക്കുള്ള സ്വര്‍ണ വരവ് കുറയാനും വില കൂടുതല്‍ ഉയരാനും സാധ്യതയുണ്ട്. തുടര്‍ച്ചയായ ഒമ്പതാം മാസവും ചൈന സ്വര്‍ണം വാങ്ങല്‍ തുടര്‍ന്നതും വില ഉയരാനുള്ള കാരണമായെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ട്രംപ്-പുടിന്‍ ചര്‍ച്ച

റഷ്യ-യുക്രെയിന്‍ യുദ്ധം അവസാനിപ്പിക്കാന്‍ യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിനും തമ്മില്‍ അലാസ്‌കയില്‍ ഈ മാസം 15ന് നടക്കുന്ന വെടിനിറുത്തല്‍ ചര്‍ച്ചയിലാണ് ഇനി വിപണിയുടെ കണ്ണ്. ഇരുവരും തമ്മിലുള്ള ചര്‍ച്ച ഫലം കണ്ടാല്‍ സ്വര്‍ണവില താഴാനുള്ള സാധ്യതയുണ്ടെന്നും വിലയിരുത്തലുകളുണ്ട്.

ആഭരണം വാങ്ങാന്‍

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില പവന് 75,000 രൂപയാണെങ്കിലും അതേ തൂക്കത്തിലുള്ള സ്വര്‍ണാഭരണം വാങ്ങാന്‍ കൂടുതല്‍ ചെലവാകും. കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും നികുതിയും ഹാള്‍മാര്‍ക്കിംഗ് ചാര്‍ജുകളും ചേര്‍ന്ന് ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങാന്‍ 81,166 രൂപയെങ്കിലുമാകും. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് വിലയിലും മാറ്റമുണ്ടാകും.

Check the live gold rates in Kerala for August 11, 2025. Today's prices: 22‑carat gold at ₹9,375 per gram and 24‑carat gold at ₹10,228 per gram. Stay updated for informed buying.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com