സ്വര്‍ണവും വെള്ളിയും ടോപ്പ് ഗിയറില്‍ കുതിക്കുന്നു, സ്വന്തം റെക്കോഡ് തിരുത്താനുള്ള പോക്കെന്ന് വിദഗ്ധര്‍! വീണ്ടും ലക്ഷം കടന്ന് ആഭരണവില

അടുത്ത മാസം ഫെഡ് നിരക്ക് മാറ്റമുണ്ടാകുമെന്ന പ്രതീക്ഷ ശക്തമായതോടെ സ്വര്‍ണം മൂന്നാഴ്ചത്തെ ഉയര്‍ന്ന നിലയിലാണ്
gold ornament
canva
Published on

ചെറിയ ഇടവേളക്ക് ശേഷം സ്വര്‍ണം പുതിയ ഉയരങ്ങള്‍ തേടി കുതിക്കുന്നു. സംസ്ഥാനത്ത് സ്വര്‍ണവില ഗ്രാമിന് 225 രൂപ വര്‍ധിച്ച് 11,575 രൂപയിലെത്തി. പവന്‍ വില 1,800 രൂപ വര്‍ധിച്ച് 92,600 രൂപയായി. രണ്ട് ദിവസത്തിനിടെ പവന്‍ വില വര്‍ധിച്ചത് 3,120 രൂപയാണ്.

കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിനും വില വര്‍ധിച്ചിട്ടുണ്ട്. ഗ്രാമിന് 185 രൂപ വര്‍ധിച്ച് 9,525 രൂപയാണ് ഇന്നത്തെ വില. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 140 രൂപ വര്‍ധിച്ച് 7,420 രൂപയിലെത്തി. 9 കാരറ്റ് ഗ്രാമിന് 90 രൂപ കൂടി 4,775 രൂപയയായി. വെള്ളി വിലയിലും ഇന്ന് കാര്യമായ വര്‍ധനയുണ്ട്. ഗ്രാമിന് 6 രൂപ വര്‍ധിച്ച് 163 രൂപയിലാണ് ഇന്നത്തെ വ്യാപാരം.

വില മാറ്റം എങ്ങനെ?

അടുത്ത മാസം ഫെഡ് നിരക്ക് മാറ്റമുണ്ടാകുമെന്ന പ്രതീക്ഷ ശക്തമായതോടെ സ്വര്‍ണം മൂന്നാഴ്ചത്തെ ഉയര്‍ന്ന നിലയിലാണ്. കഴിഞ്ഞ ദിവസം പുറത്തുവന്ന യു.എസിലെ തൊഴില്‍, ഉപഭോക്തൃ കണക്കുകള്‍ അത്ര ആശാവഹമായിരുന്നില്ല. ഇതോടെയാണ് ഇക്കൊല്ലം ഒരിക്കല്‍ കൂടി പലിശ നിരക്കില്‍ 25 ബേസിസ് പോയിന്റ് കുറവുണ്ടാകുമെന്ന പ്രതീക്ഷ ശക്തമായത്. പലിശ നിരക്ക് കുറക്കാനുള്ള സാധ്യത 64 ശതമാനത്തിന് മുകളിലാണെന്നാണ് വിപണി പ്രതീക്ഷിക്കുന്നത്.

ഡോളര്‍ വിനിമയ നിരക്കും യു.എസ് ബോണ്ടുകളില്‍ നിന്നുള്ള വരുമാനവും മികച്ച നിലയിലായതും വില വര്‍ധിക്കാന്‍ ഇടയാക്കി. ദിവസങ്ങളോളമായി തുടരുന്ന യു.എസിലെ ഷട്ട്ഡൗണ്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചെന്ന വാര്‍ത്ത വിപണിക്ക് ഉണര്‍വുണ്ടാക്കുന്നതാണ്. അന്താരാഷ്ട്ര വിപണിയില്‍ നിലവില്‍ ട്രോയ് ഔണ്‍സിന് 4,143 ഡോളറെന്ന നിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. അടുത്ത ദിവസങ്ങളില്‍ പുറത്തുവരാനിരിക്കുന്ന യു.എസ് എ.ഡി.പി തൊഴില്‍ കണക്കുകളിലാകും വിപണിയുടെ ശ്രദ്ധ.

വീണ്ടും ലക്ഷം കടന്ന് ആഭരണവില

സംസ്ഥാനത്തെ ആഭരണ വില വീണ്ടും ഒരു ലക്ഷം രൂപക്ക് മുകളിലായി. ഇന്നത്തെ വിലയനുസരിച്ച് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ കുറഞ്ഞത് 1,00,200 രൂപയെങ്കിലും നല്‍കേണ്ടി വരും. കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും നികുതിയും ഹാള്‍മാര്‍ക്കിംഗ് ചാര്‍ജുകളും ചേര്‍ത്തുള്ള തുകയാണിത്. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് വിലയിലും പണിക്കൂലിയിലും മാറ്റമുണ്ടാകുമെന്ന് കൂടി ഓര്‍ക്കണം. അതേസമയം, വില വീണ്ടും ഒരു ലക്ഷം കടന്നതോടെ വില്‍പ്പന കുറയുമെന്ന ആശങ്കയിലാണ് വ്യാപാരികള്‍.

Gold price in Kerala on November 11 2025 stood at ₹11,575 per gram for 22K and ₹92,600 per pavan, reflecting steady festive-season demand and strong global cues

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com