

തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണം, വെള്ളി വിലയില്‍ ഇടിവ് തുടരുന്നു. റെക്കോഡ് വിലയിലെത്തിയതോടെ നിക്ഷേപകര്‍ തങ്ങളുടെ കൈവശമുള്ള സ്വര്‍ണം വിറ്റ് ലാഭമെടുക്കല്‍ ശക്തമാക്കിയതാണ് വിലിയിടിവിനുള്ള പ്രധാന കാരണം. സംസ്ഥാനത്ത് സ്വര്‍ണം ഗ്രാമിന് 75 രൂപ കുറഞ്ഞ് 11,465 രൂപയിലെത്തി. പവന് 600 രൂപ കുറഞ്ഞ് 91,720 രൂപയിലാണ് ഇന്നത്തെ വ്യാപാരം. ഒക്ടോബര്‍ 21ന് പവന് 97,360 രൂപയായിരുന്നു വില. രണ്ട് ദിവസം കൊണ്ട് കുറഞ്ഞത് 5,640 രൂപയെന്നും കണക്കുകള്‍ പറയുന്നു.
കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 60 രൂപ കുറഞ്ഞ് 9,430 രൂപയിലെത്തി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7,350 രൂപയും 9 കാരറ്റിന് 4,750 രൂപയുമാണ് വില. വെള്ളി വിലയില്‍ കാര്യമായ മാറ്റമുണ്ട്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 165 രൂപയിലെത്തി.
പതിറ്റാണ്ടിലെ ഏറ്റവും വലിയ ഒറ്റദിവസ തകര്‍ച്ചയാണ് ചൊവ്വാഴ്ച സ്വര്‍ണം നേരിട്ടത്. വെള്ളിയാകട്ടെ 2021ന് ശേഷം ഇങ്ങനെയൊരു തകര്‍ച്ച നേരിട്ടിട്ടില്ല. അന്താരാഷ്ട്ര വിപണിയില്‍ ഔണ്‍സിന് 4,400 ഡോളറിന്റെ തൊട്ടടുത്ത ശേഷമായിരുന്നു സ്വര്‍ണത്തിന്റെ തകര്‍ച്ച. നിലവില്‍ 4,089 ഡോളറെന്ന നിലയിലാണ് സ്വര്‍ണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. ലോകത്തിലെ വന്‍ സാമ്പത്തിക ശക്തികളായ യു.എസും ചൈനയും തമ്മിലുള്ള വ്യാപാര തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടുമെന്ന വാര്‍ത്തകള്‍ സ്വര്‍ണ വില ഇനിയും കുറയാന്‍ ഇടയാക്കുമെന്നാണ് കരുതുന്നത്. അടുത്ത ദിവസങ്ങളില്‍ പുറത്തുവരാനിരിക്കുന്ന യു.എസ് സാമ്പത്തിക റിപ്പോര്‍ട്ടുകളാകും ഇനി സ്വര്‍ണത്തിന്റെ ഗതി നിര്‍ണയിക്കുന്നത്. യു.എസ് ഫെഡ് റിസര്‍വിന്റെ നിരക്ക് മാറ്റത്തെക്കുറിച്ചുള്ള നിര്‍ണായക സൂചനകള്‍ ഇതിലൂടെ ലഭിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രതീക്ഷ.
ഇന്ന് കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും നികുതിയും ഹാള്‍മാര്‍ക്കിംഗ് ചാര്‍ജുകളും ചേര്‍ത്ത് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 99,250 രൂപയെങ്കിലും വേണ്ടി വരും. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ഒരുലക്ഷം രൂപക്ക് മുകളിലായിരുന്നു ആഭരണ വില.
Read DhanamOnline in English
Subscribe to Dhanam Magazine