

യു.എസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ കുറച്ചേക്കുമെന്ന പ്രതീക്ഷയില്‍ സ്വര്‍ണവിലയില്‍ മുന്നേറ്റം. സംസ്ഥാനത്തെ സ്വര്‍ണ വില സര്‍വകാല റെക്കോഡായ ഗ്രാമിന് 9,475 രൂപയിലെത്തി.ഗ്രാമിന് വര്‍ധിച്ചത് 65 രൂപ. ഈ മാസം എട്ടിനും സ്വര്‍ണവില ഗ്രാമിന് 9,475 രൂപയിലെത്തിയിരുന്നു. പവന് 520 രൂപ വര്‍ധിച്ച് 75,760 രൂപയായി. കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 55 രൂപ വര്‍ധിച്ച് 7,775 രൂപയിലുമെത്തി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6,055 രൂപയും 9 കാരറ്റ് ഗ്രാമിന് 3,915 രൂപയിലുമാണ് ഇന്നത്തെ വ്യാപാരം. വെള്ളി വിലയിലും മാറ്റമുണ്ട്. ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 127 രൂപയിലാണ് ഇന്നത്തെ വെള്ളി വില.
സെപ്റ്റംബറില്‍ 25 ബേസിസ് പോയിന്റ് പലിശ കുറക്കുമെന്ന് ഈ മാസം 22ന് ഫെഡ് ചെയര്‍മാന്‍ ജെറോം പവല്‍ സൂചന നല്‍കിയിരുന്നു. ഇതിന് പിന്നാലെ പലിശ നിരക്ക് കുറക്കുന്നതിനെ പിന്തുണക്കുമെന്ന് ഫെഡ് ഗവര്‍ണര്‍ ക്രിസ്റ്റഫര്‍ വാലറും കഴിഞ്ഞ ദിവസം പറഞ്ഞു. സെപ്റ്റംബറില്‍ 25 ബേസിസ് പോയിന്റ് കുറക്കാന്‍ 86 ശതമാനം സാധ്യതയുണ്ടെന്നാണ് വിപണിയുടെ വിലയിരുത്തല്‍. ട്രംപിന്റെ വ്യാപാര യുദ്ധം സൃഷ്ടിച്ച അനിശ്ചിതത്വങ്ങളും കൂടിയായപ്പോള്‍ സ്വര്‍ണവില പിടിവിട്ട് കുതിച്ചു. അന്താരാഷ്ട്ര വിപണിയില്‍ ഈ മാസം മാത്രം മൂന്ന് ശതമാനത്തോളമാണ് സ്വര്‍ണവില വര്‍ധിച്ചത്.
അതേസമയം, അമേരിക്കന്‍ ഡോളറിന്റെ വിനിമയ നിരക്കിലുണ്ടായ മാറ്റം കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കുന്നതില്‍ നിന്ന് സ്വര്‍ണത്തെ തടഞ്ഞതായും വിദഗ്ധര്‍ പറയുന്നു. ഡോളര്‍ ഇന്‍ഡെക്‌സ് താഴ്ന്ന് നില്‍ക്കുന്നത് മറ്റ് കറന്‍സികളില്‍ സ്വര്‍ണം വാങ്ങുന്നത് എളുപ്പമാക്കുകയും അതുവഴി ഡിമാന്‍ഡ് വര്‍ധിക്കുകയും ചെയ്യും. ഇത് വിലയിലും മാറ്റമുണ്ടാക്കും. എന്നാല്‍ രണ്ടാം പാദത്തിലെ ജി.ഡി.പി കണക്കുകള്‍ പ്രതീക്ഷിച്ചതിനേക്കാളും മെച്ചപ്പെട്ടതോടെ ഡോളര്‍ ഇന്‍ഡെക്‌സ് 0.20 ശതമാനം ഉയര്‍ന്നു. ഇതോടെ മറ്റ് കറന്‍സികളില്‍ സ്വര്‍ണം വാങ്ങുന്നത് ആദായകരമല്ലാതായി മാറിയെന്നാണ് വിലയിരുത്തല്‍.
കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും നികുതിയും ഹാള്‍മാര്‍ക്കിംഗ് ചാര്‍ജുകളും ചേര്‍ത്ത് ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 81,988 രൂപയെങ്കിലും വേണ്ടി വരും. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് വിലയിലും ചില മാറ്റങ്ങളുണ്ടാകും. കേരളത്തില്‍ വലിയ കച്ചവടം നടക്കുന്ന ഓണക്കാലത്ത് വില ഉയര്‍ന്ന് നില്‍ക്കുന്നത് തിരിച്ചടിയാകുമോയെന്നാണ് വിപണിയിലെ ആശങ്ക. ട്രംപിന്റെ താരിഫ് യുദ്ധവും ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും കാരണം സ്വര്‍ണവില ഇനിയും ഉയര്‍ന്നേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
Check Kerala gold price today for 22K and 24K per gram and sovereign. Stay updated on daily gold rates in Kochi, Thiruvananthapuram, Kozhikode and across Kerala.
Read DhanamOnline in English
Subscribe to Dhanam Magazine