

യു.എസ് ഫെഡ് നിരക്കുകള്‍ കുറക്കുമെന്ന പ്രതീക്ഷ ശക്തമായതോടെ സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വര്‍ധന. ഗ്രാമിന് 125 രൂപ വര്‍ധിച്ച് 11,900 രൂപയിലെത്തി. പവന് 1,000 രൂപ വര്‍ധിച്ച് ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കായ 95,200 രൂപയിലുമെത്തി. അടുത്ത ദിവസങ്ങളിലും സ്വര്‍ണവില വര്‍ധിക്കാനുള്ള സാഹചര്യമുണ്ടെന്നാണ് വിലയിരുത്തല്‍.
അടുത്ത യു.എസ് ഫെഡ് യോഗത്തില്‍ പലിശ നിരക്ക് 25 ബേസിസ് പോയിന്റ് കുറക്കുമെന്ന പ്രതീക്ഷ നിലവില്‍ 87 ശതമാനത്തിലെത്തിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ഇത് 50 ശതമാനമായിരുന്നു. പലിശ നിരക്ക് കുറക്കുന്നതോടെ സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ ആളുകൂടുമെന്നാണ് വിപണിയുടെ പ്രതീക്ഷ. കൂടാതെ യു.എസ് പ്രസിഡന്റിന്റെ നയങ്ങളും ഡോളര്‍ വിനിമയ നിരക്ക് താഴുന്നതും സ്വര്‍ണ വില വര്‍ധിക്കാന്‍ കാരണമായി. മൂന്നാം ലോക രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം അവസാനിപ്പിക്കുമെന്നും പൗരന്മാര്‍ അല്ലാത്തവര്‍ക്കുള്ള ഫെഡറല്‍ സേവനങ്ങള്‍ നിറുത്തലാക്കുമെന്നും ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇത് അനിശ്ചിതത്വം വര്‍ധിപ്പിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന് 62 ഡോളറോളം വര്‍ധിച്ച് 4,219 ഡോളറെന്ന നിലയിലാണ് ഇന്നത്തെ വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ കുറിച്ച ഔണ്‍സിന് 4,400 ഡോളറെന്ന വിലയേക്കാള്‍ ഏറെ താഴെയാണിത്. എന്നാല്‍ 2025ന്റെ തുടക്കത്തിലെ വിലയേക്കാള്‍ 60 ശതമാനത്തോളം കൂടുതലാണെന്നും കണക്കുകള്‍ പറയുന്നു.ഈ നില തുടര്‍ന്നാല്‍ സ്വര്‍ണവില 2026ലെത്തുമ്പോള്‍ ഔണ്‍സിന് 5,000 ഡോളറിലെത്തുമെന്നാണ് നിലവില്‍ സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. സുരക്ഷിത നിക്ഷേപ മാര്‍ഗമെന്ന നിലയിലുള്ള സ്വര്‍ണത്തിന്റെ സ്ഥാനം അങ്ങനെ തന്നെ നിലനില്‍ക്കുമെന്നും ഇവര്‍ കരുതുന്നു.
നവംബര്‍-ഡിസംബര്‍ മാസത്തില്‍ ഉത്തരേന്ത്യയില്‍ 40-50 ലക്ഷം വിവാഹങ്ങള്‍ വരെ നടക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതോടെ രാജ്യത്ത് സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ഇന്ത്യയിലേക്കുള്ള സ്വര്‍ണ ഇറക്കുമതിയും ഇതോടെ വര്‍ധിച്ചെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
സംസ്ഥാനത്ത് ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 1,03,000 രൂപയെങ്കിലും വേണ്ടി വരും. അഞ്ച് ശതമാനം പണിക്കൂലിയും നികുതിയും ഹാള്‍മാര്‍ക്കിംഗ് ചാര്‍ജും ചേര്‍ത്തുള്ള തുകയാണിത്. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയില്‍ മാറ്റമുണ്ടാക്കാന്‍ സാധ്യതയുണ്ട്. ഇത് വിലയിലും പ്രതിഫലിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine