

സംസ്ഥാനത്തെ സ്വര്‍ണവില ഇന്നും സര്‍വകാല റെക്കോഡില്‍. ഗ്രാമിന് 85 രൂപ വര്‍ധിച്ച് 10,670 രൂപയായി. പവന് 680 രൂപ വര്‍ധിച്ച് 85,360 രൂപയിലാണ് ഇന്നത്തെ വ്യാപാരം. സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയതില്‍ വെച്ചേറ്റവും ഉയര്‍ന്ന വിലയാണിത്. കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ നിരവധി തവണയാണ് സ്വര്‍ണം റെക്കോഡ് തിരുത്തി മുന്നേറിയത്. കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 75 രൂപ വര്‍ധിച്ച് 8,775 രൂപയിലെത്തി. 14 കാരറ്റിന് 6,815 രൂപയും 9 കാരറ്റിന് 4,400 രൂപയുമാണ് ഇന്നത്തെ വില. വെള്ളി വിലയും കുത്തനെ ഉയര്‍ന്നു. ഗ്രാമിന് 6 രൂപ വര്‍ധിച്ച് 150 രൂപയിലാണ് ഇന്നത്തെ വ്യാപാരം.
യു.എസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ വീണ്ടും കുറക്കുമെന്ന പ്രതീക്ഷ ശക്തമായതും അമേരിക്കന്‍ ഡോളറിന്റെ വിനിമയ നിരക്ക് കുറഞ്ഞതുമാണ് വിലക്കുതിപ്പിനുള്ള പ്രധാന കാരണം. അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് 3,797 ഡോളറെന്ന നിലയിലാണ് ഇന്നത്തെ വ്യാപാരം. ഡോളര്‍ സൂചിക ഇന്ന് 0.2 ശതമാനം ഇടിഞ്ഞതോടെ മറ്റ് കറന്‍സികളില്‍ സ്വര്‍ണം വാങ്ങുന്നത് എളുപ്പമായതും കുതിപ്പിന് കാരണമായി.
യു.എസ് ഫെഡ് റിസര്‍വ് വീണ്ടും പലിശ കുറയ്ക്കുമെന്ന പ്രതീക്ഷ ബലപ്പെടുത്തുന്ന വിലക്കയറ്റ, തൊഴില്‍ കണക്കുകള്‍ കഴിഞ്ഞയാഴ്ച പുറത്തുവന്നിരുന്നു. പേഴ്സണല്‍ കണ്‍സംഷന്‍ എക്സ്പെന്‍ഡിച്ചര്‍ (പിസിഇ) എന്ന ചില്ലറവിലക്കയറ്റം ഓഗസ്റ്റില്‍ 0.3 ശതമാനം ഉയര്‍ന്നതും ഈ പ്രതീക്ഷ ശക്തമാക്കി. ഇതോടെ കൂടുതല്‍ ആളുകള്‍ സ്വര്‍ണ നിക്ഷേപത്തിലേക്ക് ചുവടുമാറി. ഈ ആഴ്ച ഇനിയും സ്വര്‍ണവില ഉയാരാനാണ് സാധ്യതയെന്നാണ് വിദഗ്ധര്‍ പറയുന്നത്. അടുത്ത ദിവസങ്ങളില്‍ പുറത്തുവരാനിരിക്കുന്ന യു.എസ് തൊഴില്‍- സാമ്പത്തിക കണക്കുകള്‍ നിര്‍ണായകമാകും.
അതേസമയം, സ്വര്‍ണത്തിനൊപ്പം വെള്ളിയും പുതിയ ഉയരങ്ങള്‍ തേടുകയാണ്. ഇന്ന് ഗ്രാമിന് 6 രൂപയാണ് വര്‍ധിച്ചത്. വെള്ളിവില ഇനിയും പിടിവിട്ട് കുതിക്കുമെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഡിമാന്‍ഡിന് അനുസരിച്ച് ഉത്പാദനം നടക്കാത്തതാണ് വില വര്‍ധനവിനുള്ള പ്രധാന കാരണം. സോളാര്‍ പാനല്‍ അടക്കമുള്ളവയുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്ന വെള്ളിയുടെ വ്യാവസായിക ആവശ്യങ്ങളും ഇതുവരെയില്ലാത്ത വിധത്തില്‍ വര്‍ധിച്ചു. എന്നാല്‍ ആവശ്യത്തിനുള്ള വെള്ളി വിപണിയിലെത്തുന്നതുമില്ല.
സ്വര്‍ണവില പിടിവിട്ട് കുതിക്കാന്‍ തുടങ്ങിയതോടെ കേരളത്തിലും സ്വര്‍ണവ്യാപാരത്തില്‍ ഇടിവുണ്ടായെന്നാണ് വ്യാപാരികള്‍ പറയുന്നത്. അത്യാവശ്യക്കാര്‍ മാത്രമാണ് ആഭരണരൂപത്തില്‍ സ്വര്‍ണം വാങ്ങുന്നത്. ബാക്കിയുള്ളവര്‍ വാങ്ങല്‍ തീരുമാനം മാറ്റിവെക്കുകയാണെന്നും ഈ രംഗത്തുള്ളവര്‍ പറയുന്നു. ഇന്ന് കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, നികുതി, ഹാള്‍മാര്‍ക്കിംഗ് ചാര്‍ജുകള്‍ എന്നിവ ചേര്‍ത്ത് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ ചുരുങ്ങിയത് 92,370 രൂപയെങ്കിലും വേണ്ടി വരും.
Read DhanamOnline in English
Subscribe to Dhanam Magazine