

തിരുവോണ നാളില്‍ സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. പവന്‍ വില 560 രൂപ വര്‍ധിച്ച് 78,920 രൂപയിലെത്തി. സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയതില്‍ വെച്ചേറ്റവും കൂടിയ നിരക്കാണിത്. ഗ്രാമിന് 70 രൂപ വര്‍ധിച്ച് 9,865 രൂപയിലാണ് ഇന്നത്തെ വ്യാപാരം. കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 60 രൂപ വര്‍ധിച്ച് 8,105 രൂപയിലെത്തി. 14 കാരറ്റ് സ്വർണം ഗ്രാമിന് 6,305 രൂപയിലും ഒമ്പത് കാരറ്റ് ഗ്രാമിന് 4,070 രൂപയിലുമാണ് ഇന്നത്തെ വ്യാപാരം. വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 133 രൂപ.
അമേരിക്കന്‍ ഡോളറിന്റെ വിനിമയ നിരക്ക് ഇടിഞ്ഞതും യു.എസ് പലിശ നിരക്കുകള്‍ കുറച്ചേക്കുമെന്ന പ്രതീക്ഷ ശക്തമായതുമാണ് ഇന്നത്തെ സ്വര്‍ണവിലയെ സ്വാധീനിച്ചത്. ഡോളര്‍ ഇന്‍ഡെക്‌സ് 0.30 ശതമാനം ഇടിഞ്ഞത് മറ്റ് കറന്‍സികളില്‍ സ്വര്‍ണം വാങ്ങുന്നത് കൂടുതല്‍ എളുപ്പമാക്കി. ഇത് ഡിമാന്‍ഡും വര്‍ധിപ്പിച്ചു. അമേരിക്കന്‍ തൊഴില്‍ വിപണി ദുര്‍ബലമാകുമെന്ന റിപ്പോര്‍ട്ടുകള്‍ ഈ മാസം 17ന് യു.എസ് ബോണ്ടുകളുടെ പലിശ നിരക്ക് 25 ബേസിസ് പോയിന്റ് കുറക്കുമെന്ന പ്രതീക്ഷ ശക്തമാക്കി. ഓഗസ്റ്റില്‍ യു.എസ് സ്വകാര്യ പേറോളുകള്‍ പ്രതീക്ഷക്ക് അനുസരിച്ച് വര്‍ധിച്ചിരുന്നില്ല. ഇതിനൊപ്പം തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്കുള്ള പുതിയ അപേക്ഷകള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വര്‍ധിക്കുകയും ചെയ്തു.
ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, സാമ്പത്തിക അസ്ഥിരത, യു.എസ് ഫെഡിന്റെ സ്വതന്ത്ര പ്രവര്‍ത്തനങ്ങള്‍ക്ക് ട്രംപിന്റെ നിലപാടുകള്‍ ഭീഷണിയാകുമെന്ന ആശങ്ക, ആഗോള വ്യാപാര തര്‍ക്കങ്ങള്‍ എന്നിവ സ്വര്‍ണത്തിന്റെ സുരക്ഷിത സമ്പാദ്യമെന്ന പദവി ഉയര്‍ത്തിയെന്നാണ് വിലയിരുത്തല്‍. ഇന്ന് പുറത്തുവരുന്ന യു.എസ് കര്‍ഷകേതര തൊഴില്‍ കണക്കുകളിലാകും ഇനി നിക്ഷേപകരുടെ ശ്രദ്ധ. യു.എസ് ഫെഡ് നിരക്കുകള്‍ കുറക്കുമെന്ന വിപണിയുടെ പ്രതീക്ഷ 100 ശതമാനത്തിലെത്തിയതായും വിപണി നിരീക്ഷണങ്ങള്‍ പറയുന്നു.
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 78,920 രൂപയാണെങ്കിലും ഇതേതൂക്കത്തിലുള്ള സ്വര്‍ണാഭരണം വാങ്ങാന്‍ അതിലുമേറെ കൊടുക്കണം. കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും നികുതിയും ഹാള്‍മാര്‍ക്കിംഗ് ചാര്‍ജുകളും ചേര്‍ത്ത് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 85,400 രൂപയെങ്കിലുമാകും.
Read DhanamOnline in English
Subscribe to Dhanam Magazine