

സ്വര്‍ണവിലയിലെ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ വര്‍ധിച്ച സംസ്ഥാനത്തെ സ്വര്‍ണവില ഇന്ന് കുറഞ്ഞു. ഗ്രാമിന് 30 രൂപ കുറഞ്ഞ് 11,925 രൂപയിലെത്തി. പവന്‍ വില 240 രൂപയുടെ കുറവില്‍ 95,400 രൂപയിലാണ് ഇന്നത്തെ വ്യാപാരം.
കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 25 രൂപ കുറഞ്ഞ് 9,805 രൂപയിലെത്തി. 14 കാരറ്റ് ഗ്രാമിന് 7,640 രൂപയിലും 9 കാരറ്റ് 4,930 രൂപയിലുമാണ് വ്യാപാരം. വെള്ളി വില ഗ്രാമിന് 190 രൂപയാണ്.
ഫെഡ് റിസര്‍വ് നിരക്ക് കുറക്കുമെന്ന പ്രതീക്ഷക്കിടയിലും അന്താരാഷ്ട്ര വിപണിയില്‍ ഫ്‌ളാറ്റായാണ് സ്വര്‍ണ വ്യാപാരം നടക്കുന്നത്. വിപണി പ്രതീക്ഷിച്ചത് പോലെയുള്ള നിരക്കിളവ് ഭാവിയില്‍ ഉണ്ടായേക്കില്ലെന്ന സൂചനയുമുണ്ട്. ഫെഡറല്‍ റിസര്‍വിന്റെ യോഗത്തിന് മുന്നോടിയായുള്ള ജാഗ്രതയിലാണ് നിലവില്‍ നിക്ഷേപകര്‍. പലിശ നിരക്ക് ഈ ആഴ്ച കുറക്കുമെന്നും അടുത്ത മാസങ്ങളിലെ മാറ്റത്തിന്റെ സൂചന ഫെഡ് ചെയര്‍മാന്റെ പ്രഭാഷണത്തില്‍ ഉണ്ടാകുമെന്നുമാണ് അനലിസ്റ്റുകള്‍ കരുതുന്നത്.
ഇന്നും നാളെയുമായി നടക്കുന്ന ഫെഡ് റിസര്‍വ് യോഗത്തില്‍ 25 ബേസിസ് പോയിന്റ് നിരക്ക് കുറക്കാനുള്ള സാധ്യത 87 ശതമാനമായി കുറഞ്ഞു. തിങ്കളാഴ്ച ഇത് 90 ശതമാനമായിരുന്നു. പലിശ നിരക്ക് കുറയുന്നതോടെ സ്വര്‍ണത്തിലേക്ക് കൂടുതല്‍ നിക്ഷേപം എത്തുമെന്നും അതുവഴി ഡിമാന്‍ഡ് കൂടുമെന്നുമാണ് കരുതുന്നത്. അതായത്, പലിശ നിരക്ക് കുറക്കാന്‍ തീരുമാനിച്ചാല്‍ സ്വര്‍ണവില ഇനിയും വര്‍ധിച്ചേക്കാം.
അതേസമയം, 10 വര്‍ഷ കാലാവധിയുള്ള യു.എസ് ട്രഷറി ബോണ്ടിന്റെ നേട്ടം തിങ്കളാഴ്ച്ച രണ്ടര മാസത്തെ ഉയര്‍ന്ന നിലയിലെത്തി. ട്രഷറി ബോണ്ടില്‍ നിന്നുള്ള നേട്ടം വര്‍ധിക്കുമ്പോള്‍ സ്വര്‍ണം പോലുള്ള നിക്ഷേപങ്ങള്‍ കുറയുന്നതാണ് പ്രവണത. അന്താരാഷ്ട്ര വിപണിയില്‍ ഔണ്‍സിന് 4,200 ഡോളറില്‍ താഴെയാണ് സ്വര്‍ണ വ്യാപാരം നടക്കുന്നത്.
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 95,400 രൂപയാണ് വിലയെങ്കിലും അതേ തൂക്കത്തിലുള്ള സ്വര്‍ണാഭരണം വാങ്ങാന്‍ കൂടുതല്‍ നല്‍കേണ്ടി വരും. കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, നികുതി, ഹാള്‍മാര്‍ക്കിംഗ് ചാര്‍ജുകള്‍ എന്നിവ സഹിതം ഇന്ന് ഒരുപവന്‍ സ്വര്‍ണാഭരണത്തിന് 1,03,250 രൂപയെങ്കിലും നല്‍കേണ്ടി വരും. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയും വിലയിലും മാറ്റമുണ്ടാകുമെന്നും മറക്കരുത്.
Read DhanamOnline in English
Subscribe to Dhanam Magazine