

സംസ്ഥാനത്ത് രാവിലെ ഗ്രാമിന് 225 രൂപ വര്‍ധിച്ച സ്വര്‍ണവിലയില്‍ ഉച്ചക്ക് 40 രൂപയുടെ കുറവ്. ഗ്രാമിന് 11,535 രൂപയിലാണ് ഇനിയുള്ള വ്യാപാരം. പവന്‍ വില 320 രൂപ കുറഞ്ഞ് 92,280 രൂപയിലുമെത്തി. രാവിലെ പവന് ഈ മാസത്തെ ഏറ്റവും കൂടിയ വിലയായ 92,600 രൂപയിലെത്തിയ ശേഷമാണ് തിരിച്ചിറക്കം.
ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 30 രൂപ കുറഞ്ഞ് 7,395 രൂപയിലെത്തി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7,395 രൂപയിലും 9 കാരറ്റ് 4,760 രൂപയിലുമാണ് വ്യാപാരം. ഇരുവിഭാഗത്തിനും ഗ്രാമിന് യഥാക്രമം 25 രൂപയും 15 രൂപയുമാണ് കുറവ്. വെള്ളി വില മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 163 രൂപ. രാവിലെ ഗ്രാമിന് 6 രൂപ വര്‍ധിച്ചിരുന്നു.
യു.എസ് ഫെഡറല്‍ റിസര്‍വ് വീണ്ടും നിരക്ക് കുറക്കുമെന്ന പ്രതീക്ഷ ശക്തമായതോടെയാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില വീണ്ടും കുതിച്ചത്. എന്നാല്‍ യു.എസിലെ ഷട്ട്ഡൗണ്‍ അവസാനിക്കുമെന്ന സൂചനകള്‍ വന്നതോടെ കുതിപ്പിന്റെ വേഗം കുറഞ്ഞു. ഇതോടെയാണ് സംസ്ഥാനത്തെ സ്വര്‍ണവിലയിലും കുറവ് വന്നതെന്നാണ് സൂചന.
നിലവില്‍ ട്രോയ് ഔണ്‍സിന് 4,133 ഡോളറെന്ന നിലയിലാണ് അന്താരാഷ്ട്ര വിപണിയിലെ സ്വര്‍ണ വ്യാപാരം നടക്കുന്നത്.രാവിലെ വില നിശ്ചയിക്കുമ്പോൾ 4,146 ഡോളർ ആയിരുന്നു അന്താരാഷ്ട്ര സ്വർണ്ണവില.ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് 88.69 ആയിരുന്നു. ഉച്ചയ്ക്ക് വില നിശ്ചയിക്കുമ്പോൾ 4,125 ഡോളറിലേക്ക് താഴ്ന്നു. രൂപയുടെ വിനിമയ നിരക്ക് 88.56 രൂപയിലേക്ക് താഴ്ന്നതും വിലക്കുറവിന് കാരണമായെന്നാണ് വ്യാപാരികള്‍ പറയുന്നത്.
അതേസമയം, സംസ്ഥാനത്തെ ഒരു പവന്‍ സ്വര്‍ണാഭരണത്തിന്റെ വില ഉച്ചക്ക് ശേഷം ഒരു ലക്ഷം രൂപയില്‍ താഴെയെത്തി. കൃത്യമായി പറഞ്ഞാല്‍ 99,854 രൂപ. കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും നികുതിയും ഹാള്‍മാര്‍ക്കിംഗ് ചാര്‍ജുകളും ചേര്‍ത്തുള്ള തുകയാണിത്. ആഭരണങ്ങളുടെ ഡിസൈന്‍ മാറുന്നത് അനുസരിച്ച് പണിക്കൂലി കുറയാനും കൂടാനും സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ വിലയിലും മാറ്റമുണ്ടാകും.
Read DhanamOnline in English
Subscribe to Dhanam Magazine