

രാവിലെ പവന് 2,480 രൂപ കുറഞ്ഞ സ്വര്‍ണവിലയില്‍ ഉച്ചക്ക് ശേഷം വീണ്ടും മാറ്റം. ഗ്രാമിന് 120 രൂപ കുറഞ്ഞ് 11,540 രൂപയിലെത്തി. പവന് 960 രൂപ കുറഞ്ഞ് 92,320 രൂപയിലെത്തി. കഴിഞ്ഞ ദിവസം പവന് 1,600 രൂപ കുറഞ്ഞിരുന്നു. ഇതോടെ രണ്ട് ദിവസത്തിനുള്ളില്‍ സ്വര്‍ണവില കുറഞ്ഞത് പവന് 5,040 രൂപയാണെന്നും കണക്കുകള്‍ പറയുന്നു.
കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 100 രൂപ കുറഞ്ഞ് 9,490 രൂപയിലെത്തി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7,400 രൂപയും 9 കാരറ്റിന് 4,780 രൂപയുമാണ് വില. വെള്ളി വിലയില്‍ മാറ്റമില്ല ഗ്രാമിന് 5 രൂപ കുറഞ്ഞ് 175 രൂപയിലാണ് ഇന്നത്തെ വ്യാപാരം.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഇന്നും താഴേക്ക് വന്നതാണ് സംസ്ഥാനത്തും വില കുറയാന്‍ കാരണം. കഴിഞ്ഞ ദിവസം സ്വര്‍ണത്തില്‍ അഞ്ച് വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ ദിവസ തകര്‍ച്ച നേരിട്ടിരുന്നു. ഉയര്‍ന്ന വിലയില്‍ നിക്ഷേപകര്‍ ലാഭമെടുപ്പ് വര്‍ധിപ്പിച്ചതാണ് തകര്‍ച്ചക്കുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ 4,300 ഡോളര്‍ കടന്ന് കുതിച്ച സ്വര്‍ണം ഇന്ന് ഔണ്‍സിന് 4,073 ഡോളറിലാണ്.
ഇന്ത്യയുമായും ചൈനയുമായും യു.എസിനുള്ള വ്യാപാര തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടുമെന്ന വാര്‍ത്തകളും സ്വര്‍ണവിലയെ സ്വാധീനിച്ചെന്നാണ് വിലയിരുത്തല്‍. ദക്ഷിണ കൊറിയയില്‍ നടക്കുന്ന യോഗത്തിനിടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗും യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും വ്യാപാര കരാറില്‍ ധാരണയിലെത്തുമെന്നാണ് കരുതുന്നത്. കൂടാതെ ഇന്ത്യക്ക് മേല്‍ ചുമത്തിയിരുന്ന 50 ശതമാനം പ്രതികാര തീരുവ 15 ശതമാനമാക്കി കുറക്കാനും യു.എസ് ഒരുങ്ങുന്നുവെന്ന് വാര്‍ത്തകളുണ്ട്.
സ്വര്‍ണവില കുറഞ്ഞതോടെ എല്ലാവരുടെയും സംശയം ഇനിയും വില കുറയുമോയെന്നാണ്. യു.എസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറക്കാന്‍ തീരുമാനിക്കുകയോ വ്യാപാര തര്‍ക്കങ്ങള്‍ രൂക്ഷമാവുകയോ ചെയ്താല്‍ വില ഇനിയും കൂടാനുള്ള സാഹചര്യമുണ്ട്. എന്നാല്‍ യു.എസ് ഡോളറിന്റെ വിനിമയ നിരക്ക് വര്‍ധിക്കുന്നത് സ്വര്‍ണവിലയില്‍ 5-10 ശതമാനം വരെ കുറവുമുണ്ടാക്കാനുള്ള സാഹചര്യമുണ്ട്. ഇക്കാര്യങ്ങള്‍ പരിഗണിച്ച് വേണം സ്വര്‍ണത്തില്‍ നിക്ഷേപം നടത്താനെന്നും വിദഗ്ധര്‍ പറയുന്നു.
അതേസമയം സംസ്ഥാനത്തെ ആഭരണ വില ദിവസങ്ങള്‍ക്ക് ശേഷം ഒരുലക്ഷം രൂപയില്‍ താഴെയെത്തി. കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും നികുതിയും ഹാള്‍മാര്‍ക്കിംഗ് ചാര്‍ജും ചേര്‍ത്താല്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ 99,897 രൂപ നല്‍കിയാല്‍ മതിയാകും. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലി കുറയാനോ കൂടാനോ സാധ്യതയുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine