

സ്വര്‍ണവിലയിലെ ട്വിസ്റ്റുകള്‍ അവസാനിക്കുന്നില്ല. രാവിലെ ഗ്രാമിന് 35 രൂപ വര്‍ധിച്ച സ്വര്‍ണം ഉച്ചയായപ്പോള്‍ 100 രൂപ കുറഞ്ഞു. ഗ്രാമിന് 11,400 രൂപയിലാണ് ഇനിയുള്ള വ്യാപാരം. പവന്‍ വില 800 രൂപ കുറഞ്ഞ് 91,200 രൂപയിലുമെത്തി. ഉയര്‍ന്ന വിലയില്‍ ലാഭമെടുപ്പ് വര്‍ധിച്ചതും ഡോളര്‍ വിനിമയ നിരക്ക് മെച്ചപ്പെട്ടതും യു.എസ്-ചൈന വ്യാപാര കരാര്‍ സാധ്യമാകുമെന്ന പ്രതീക്ഷയുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചതെന്നാണ് കരുതുന്നത്.
കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 80 രൂപ കുറഞ്ഞ് 9,320 രൂപയിലെത്തി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7,310 രൂപയിലും 9 കാരറ്റിന് 4,735 രൂപയിലുമാണ് വ്യാപാരം. വെള്ളി വില മാറ്റമില്ലാതെ ഗ്രാമിന് 165 രൂപയിലാണ്.
റെക്കോഡ് വിലയിലെത്തിയതിന് ശേഷം സ്വര്‍ണവില കുത്തനെയിടിഞ്ഞതിന് പിന്നില്‍ മൂന്ന് കാരണങ്ങളാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 9 ആഴ്ചയിലെ തുടര്‍ച്ചയായ കുതിപ്പിന് ശേഷം സ്വര്‍ണത്തില്‍ ലാഭമെടുപ്പ് ശക്തമായി. സ്വര്‍ണ ഇ.റ്റി.എഫുകളില്‍ അഞ്ച് മാസത്തിലെ ഏറ്റവും വലിയ വില്‍പ്പനയാണ് പ്രകടമായത്. നിക്ഷേപകര്‍ സ്വര്‍ണത്തിലെ നിക്ഷേപം കുറക്കുന്നുവെന്നതിന്റെ സൂചനയാണിത്.
കൂടാതെ അമേരിക്കന്‍ ഡോളറിന്റെ വിനിമയ നിരക്ക് വര്‍ധിച്ചതും സ്വര്‍ണ വിലയിടിച്ചു. ഡോളര്‍ സൂചിക കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി മുകളിലേക്കാണ്. ഇതോടെ മറ്റ് കറന്‍സികളില്‍ സ്വര്‍ണം വാങ്ങുന്നത് വിലയേറിയതാക്കുകയും നിക്ഷേപങ്ങള്‍ കുറയുകയും ചെയ്യും. കറന്‍സിയുടെ മൂല്യം കൂടുന്നതിന് അനുസരിച്ച് വില കുറയുന്ന പ്രവണതയാണ് ഇവിടെ കണ്ടതെന്ന് വിദഗ്ധര്‍ പറയുന്നു.
മാത്രവുമല്ല ലോകത്തിലെ രണ്ട് പ്രബല വ്യാപാര ശക്തികളായ യു.എസും ചൈനയും തമ്മില്‍ വ്യാപാര കരാര്‍ ഉണ്ടായേക്കുമെന്ന പ്രതീക്ഷയും വിപണില്‍ ശക്തമാണ്. ഇരുരാജ്യങ്ങളിലെ നേതാക്കളും അടുത്ത ദിവസങ്ങളില്‍ തന്നെ കൂടിക്കാഴ്ച നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
ഉടന്‍ പുറത്തുവരുന്ന യു.എസ് പണപ്പെരുപ്പ കണക്കുകള്‍ സ്വര്‍ണത്തില്‍ നിര്‍ണായകമാകും. സെപ്റ്റംബറിലെ പണപ്പെരുപ്പം 3.1 ശതമാനമാകുമെന്നാണ് വിലയിരുത്തല്‍. അങ്ങനെ വന്നാല്‍ യു.എസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറക്കലുമായി മുന്നോട്ടുപോകും. എന്നാല്‍ ഈ കണക്കുകളില്‍ എന്തെങ്കിലും അപ്രതീക്ഷിതമായത് സംഭവിച്ചാല്‍ ഡോളര്‍ സൂചിക ഉയരാനും സ്വര്‍ണ വില കൂടുതല്‍ താഴാനും സാധ്യതയുണ്ട്. എന്നാല്‍ ദീര്‍ഘകാലത്തേക്ക് നോക്കുകയാണെങ്കില്‍ സ്വര്‍ണവില വര്‍ധിക്കാനുള്ള സാഹചര്യമാണ് നിലവിലുള്ളതെന്നും ഇവര്‍ പറയുന്നു.
ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 98,690 രൂപയെങ്കിലും വേണ്ടി വരും. കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും നികുതിയും ഹാള്‍മാര്‍ക്കിംഗ് ചാര്‍ജുകളും ചേര്‍ത്താണിത്.
Read DhanamOnline in English
Subscribe to Dhanam Magazine