

സംസ്ഥാനത്തെ സ്വര്‍ണവില ഇന്നും വര്‍ധിച്ചു. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 11,815 രൂപയിലാണ് ഇന്നത്തെ വ്യാപാരം. പവന് 400 രൂപയുടെ വര്‍ധനയോടെ 94,520 രൂപയിലെത്തി. സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയതില്‍ വെച്ചേറ്റവും ഉയര്‍ന്ന നിരക്കാണിത്. കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 40 രൂപ വര്‍ധിച്ച് 9,720 രൂപയായി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7,650 രൂപയും 9 കാരറ്റിന് 4,880 രൂപയുമാണ് വില. സംസ്ഥാനത്തെ വെള്ളി വിലയിലും കാര്യമായ മാറ്റമുണ്ട്. ഗ്രാമിന് 6 രൂപ വര്‍ധിച്ച് 196 രൂപയിലാണ് ഇന്നത്തെ വ്യാപാരം.
യു.എസ്-ചൈന വ്യാപാര തര്‍ക്കങ്ങള്‍ വര്‍ധിച്ചതും യു.എസ് ഫെഡ് നിരക്ക് കുറക്കുമെന്ന സൂചനകളുമാണ് സ്വര്‍ണവില വര്‍ധിക്കാനുള്ള പ്രധാന കാരണങ്ങള്‍. ഇതിനൊപ്പം ഭൗമരാഷ്ട്രീയ വിഷയങ്ങള്‍, സാമ്പത്തിക അസ്ഥിരതകള്‍, കേന്ദ്രബാങ്കുകളുടെ സ്വര്‍ണം വാങ്ങല്‍ വര്‍ധിച്ചത്, ഡോളര്‍ വിനിമയ നിരക്ക് കുറയുന്നത്, ഇ.ടി.എഫുകളിലേക്കുള്ള നിക്ഷേപം വര്‍ധിച്ചത് തുടങ്ങിയ ഘടകങ്ങളും സ്വര്‍ണ വിലയെ സ്വാധീനിക്കുന്നുണ്ട്. യു.എസിലെ തൊഴില്‍-വിലക്കയറ്റ കണക്കുകള്‍ പരിഗണിച്ചായിരിക്കും പലിശ നിരക്കുകള്‍ തീരുമാനിക്കുകയെന്ന് ഫെഡ് ചെയര്‍മാന്‍ ജെറോം പവല്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒക്ടോബറിലും ഡിസംബറിലും 25 ബേസിസ് പോയിന്റ് വെച്ച് പലിശ നിരക്ക് കുറക്കാനുള്ള സാധ്യതയുണ്ടെന്നാണ് നിക്ഷേപകര്‍ കരുതുന്നത്.
ലോകത്തിലെ രണ്ട് വ്യാപാര ശക്തികളായ യു.എസും ചൈനയും തമ്മിലുള്ള തര്‍ക്കം രൂക്ഷമായതും വിപണിയെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ചൈനയുമായുള്ള കൂടുതല്‍ ബന്ധങ്ങള്‍ വിച്ഛേദിക്കാനുള്ള ഒരുക്കത്തിലാണ്. അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ ചൈനയും തയ്യാറാകുന്നതോടെ കാര്യങ്ങള്‍ വഷളാകുമെന്നാണ് കരുതുന്നത്.
നിലവിലെ ആഗോള സാഹചര്യങ്ങള്‍ പരിഗണിച്ചാല്‍ സ്വര്‍ണത്തിന്റെ വില ഇനിയും വര്‍ധിക്കാനാണ് സാധ്യതയെന്ന് വിദഗ്ധര്‍ പറയുന്നു. ചില ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുമെങ്കിലും പണപ്പെരുപ്പത്തിനെതിരെ പരിഗണിക്കാവുന്ന മികച്ച ദീര്‍ഘകാല നിക്ഷേപങ്ങളിലൊന്നാണ് സ്വര്‍ണം. അതുകൊണ്ട് തന്നെ ദീര്‍ഘകാല ലക്ഷ്യം മുന്നില്‍ കണ്ടുവേണം സ്വര്‍ണത്തില്‍ നിക്ഷേപം നടത്താന്‍. കുറഞ്ഞത് പത്തുവര്‍ഷത്തേക്കെങ്കിലും നിക്ഷേപം നടത്തുന്നതാണ് നല്ലതെന്നും വിദഗ്ധര്‍ പറയുന്നു. ഇപ്പോഴത്തെ വിലയില്‍ സ്വര്‍ണം വാങ്ങിയാലും വലിയ നഷ്ടം വരാന്‍ സാധ്യതയില്ല. പോര്‍ട്ട്‌ഫോളിയോയുടെ 20 ശതമാനം സ്വര്‍ണം,വെള്ളി പോലുള്ള ലോഹങ്ങളില്‍ നിക്ഷേപിക്കുന്നതാണ് ഉചിതമെന്നും വിദഗ്ധര്‍ പറയുന്നു.
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 94,520 രൂപയാണ് വിലയെങ്കിലും ഇതേ തൂക്കത്തിലുള്ള സ്വര്‍ണാഭരണത്തിന് ഇതിലുമേറെ വില കൊടുക്കേണ്ടി വരും. കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും നികുതിയും ഹാള്‍മാര്‍ക്കിംഗ് ചാര്‍ജുകളും ചേര്‍ത്താല്‍ വില 1,02,300 രൂപയെങ്കിലും നല്‍കേണ്ടി വരും. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വിലയിലും മാറ്റമുണ്ടാകും.
Read DhanamOnline in English
Subscribe to Dhanam Magazine