സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേട്ടം; പങ്കാളിത്ത പെന്‍ഷന് പകരം പുതിയ പദ്ധതി, വിശദാംശങ്ങള്‍ ഇങ്ങനെ

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കള്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുന്നതിനിടെ പുതിയ പെന്‍ഷന്‍ പദ്ധതി പ്രഖ്യാപനവുമായി സംസ്ഥാന സര്‍ക്കാര്‍. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്ക് പകരം അഷ്വേര്‍ഡ് പെന്‍ഷന്‍ സമ്പ്രദായം നടപ്പാക്കുമെന്നാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ഇന്ന് അവതരിപ്പിച്ച ബജറ്റില്‍ വ്യക്തമാക്കിയിരിക്കുന്നത്.

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി സൃഷ്ടിച്ച അനിശ്ചിതത്വം ജീവനക്കാരില്‍ വലിയ അരക്ഷിതത്വം സൃഷ്ടിച്ചിട്ടുണ്ട്. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുന:പരിശോധിക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയമിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ തുടര്‍ പരിശോധനയ്ക്കായി മൂന്ന് അംഗ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ജീവനക്കാര്‍ക്ക് സുരക്ഷിതത്വം നല്‍കുന്ന ഒരു പെന്‍ഷന്‍ പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
കേന്ദ്രസര്‍ക്കാരിന് നല്‍കിയ വിഹിതം തിരികെ ലഭ്യമാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അഷ്വേര്‍ഡ് പെന്‍ഷന്‍ സമ്പ്രദായം നടപ്പാക്കുന്നതിനു വേണ്ടി പുതുക്കിയ സ്‌കീം രൂപീകരിക്കുമെന്നും ബജറ്റ് പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലെ പുതിയ പദ്ധതികള്‍ കൂടി പഠിച്ചായിരിക്കും പുതിയ അഷ്വേര്‍ഡ് സ്‌കീം നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു.
ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു ഗഡു ഡി.എ ഏപ്രില്‍ മാസത്തെ ശമ്പളത്തോടൊപ്പം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.
ഒടുവില്‍ തീരുമാനം
2013ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുന:പരിശോധിക്കുമെന്നത് 2016ല്‍ ഇടതു മുന്നണി സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. ആദ്യ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് നാലര വര്‍ഷത്തിനു ശേഷമാണ് സമിതിയെ നിയോഗിച്ച് റിപ്പോര്‍ട്ട് തയാറാക്കിയത്. എന്നാല്‍ രണ്ടാം തവണയും സര്‍ക്കാര്‍ അധികാരത്തിലെത്തിയെങ്കിലും റിപ്പോര്‍ട്ട് പുറത്തുവിട്ടില്ല.
ഒടുവില്‍ ജോയിന്റ് കൗണ്‍സില്‍ ജനറല്‍ കൗണ്‍സില്‍ സെക്രട്ടറി ജയചന്ദ്രന്‍ കല്ലിംഗല്‍ സുപ്രീം കോടതില്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് ഇക്കഴിഞ്ഞ നവംബറിലാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കണമെന്ന് ശുപാര്‍ശ ചെയ്തില്ലെങ്കിലും പദ്ധതിയില്‍ നിന്ന് പിന്മാറുന്നതിന് സര്‍ക്കാരിന് നിയമ തടസമില്ലെന്ന് സതീഷ് ചന്ദ്രബാബു കമ്മീഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കി. സര്‍ക്കാരിന്റെ വിഹിതം തിരിച്ചെടുക്കാമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഈ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ പുതിയ അഷ്വേര്‍ഡ് പദ്ധതി അവതരിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നത്.

നിയമതടസമില്ല

2013ല്‍ ഉമ്മന്‍ചാണ്ടി സർക്കാര്‍ പങ്കാളിത്ത പെന്‍ഷന്‍ കൊണ്ടു വരുന്നതിനു മുമ്പുള്ളവര്‍ക്കെല്ലാം സാധാരണ പെന്‍ഷനാണ് ലഭിക്കുന്നത്. സാധാരണ പെന്‍ഷനെ അപേക്ഷിച്ച് പങ്കാളിത്ത പെന്‍ഷന്‍ പ്രകാരം ജീവനക്കാര്‍ക്ക് ലഭിക്കുന്ന പെന്‍ഷന്‍ വളരെ കുറവാണെന്നതാണ് ഇത് ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നത്. 10 വര്‍ഷത്തില്‍ താഴെ സര്‍വീസുള്ളവര്‍ക്ക് തുച്ഛമായ തുകയാണ് പെന്‍ഷനായി ലഭിക്കുന്നത്. സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പദ്ധതിയില്‍ 10 വര്‍ഷത്തില്‍ താഴെ സര്‍വീസുള്ളവര്‍ക്ക് പെന്‍ഷന് അര്‍ഹതയില്ലെങ്കിലും മിനിമം ആശ്വാസ പെന്‍ഷന്‍ നല്‍കുന്നുണ്ട്. പങ്കാളിത്ത പെന്‍ഷന്‍കാര്‍ക്കും ഇത് നല്‍കണമെന്ന ശുപാര്‍ശയും കമ്മീഷന്‍ മുന്നോട്ട് വച്ചിരുന്നു.

പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുന്നതിന് നിയമതടസമില്ലെങ്കിലും പദ്ധതി തുടരാമെന്ന ഉറപ്പില്‍ സര്‍ക്കാര്‍ കേന്ദ്രത്തില്‍ നിന്ന് കടമെടുക്കുന്നത് കാരണം ഉടന്‍ പിന്‍വലിക്കാനായേക്കില്ല. പങ്കാളിത്ത പെന്‍ഷന്‍ തുടരാമെന്ന ഉറപ്പില്‍ കഴിഞ്ഞ വര്‍ഷം 1,755.82 കോടി രൂപ കേരളം കടമെടുത്തിട്ടുണ്ട്.

രാജസ്ഥാന്‍, ചത്തീസ്ഗഢ്, തമിഴ്‌നാട്, ജാര്‍ഖണ്ഡ്, പഞ്ചാബ്, ഹിമാചല്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിച്ച് പഴയ പെന്‍ഷന്‍ പദ്ധതിയിലേക്ക് മടങ്ങിപ്പോകാന്‍ തീരുമാനിച്ചിട്ടുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it