കേരളത്തിന്റെ ജി.എസ്.ടി വരുമാനത്തിലെ കുതിപ്പ്: സാമ്പത്തിക ഉണർവോ അതോ താൽക്കാലിക നേട്ടം മാത്രമോ?

2026-27 സാമ്പത്തിക വർഷത്തിന്റെ ആദ്യപകുതിയിൽ കേരളത്തിന്റെ ജി.എസ്.ടി വരുമാനം 19% ഉയർന്നെങ്കിലും, ഐ.ജി.എസ്.ടി സെറ്റിൽമെന്റ്, വിലക്കയറ്റം, നികുതി മാറ്റങ്ങൾ തുടങ്ങിയ ഘടകങ്ങൾ കൂടി കണക്കിലെടുക്കുമ്പോൾ വളർച്ചയുടെ പ്രഭാവം ചോദ്യം ചെയ്യപ്പെടുന്നു
Kerala GST Collection FY27 H1 analysis
ഇൻസൈറ്റിൽ മുഖ്യമന്ത്രി വി.ഡി സതീശൻImage Source: Canva/facebook
Published on: 

ദേശീയ ശരാശരിയേക്കാൾ വേഗത്തിൽ കേരളത്തിന്റെ ചരക്ക് സേവന നികുതി (GST) സമാഹരണത്തിൽ വലിയ വർധനവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും, സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള സാമ്പത്തിക സ്ഥിതിയിൽ കാര്യമായ ആശ്വാസമോ സുരക്ഷിതത്വമോ കൈവരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ധനകാര്യ വിദഗ്ദ്ധർ. കണക്കുകളിലെ പ്രകടമായ വളർച്ചയ്ക്കപ്പുറം സൂക്ഷ്മമായി പരിശോധിക്കുമ്പോൾ, പല താൽക്കാലിക സാങ്കേതിക ഘടകങ്ങളും വിലക്കയറ്റവുമാണ് ഈ കുതിപ്പിന് പിന്നിലെന്നാണ് വിലയിരുത്തൽ.

കണക്കുകളിലെ വളർച്ചയും വസ്തുതകളും

2026 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ, ഐ.ജി.എസ്.ടി (IGST) സെറ്റിൽമെന്റിന് ശേഷമുള്ള കേരളത്തിന്റെ മൊത്തം ജി.എസ്.ടി വരുമാനം 19 ശതമാനം ഉയർന്ന് 19,583 കോടി രൂപയിലെത്തി. മുൻവർഷം ഇതേ കാലയളവിൽ ഇത് 16,482 കോടി രൂപയായിരുന്നു. ഇതേസമയം ദേശീയതലത്തിലെ മൊത്തം ജി.എസ്.ടി വളർച്ച 11.6 ശതമാനമായിരുന്നു (12.46 ലക്ഷം കോടി രൂപ).

ഉപഭോഗത്തിന് മുൻഗണനയുള്ള സംസ്ഥാനമായ കേരളത്തിന് 2025 സെപ്റ്റംബറിൽ നടപ്പാക്കിയ ജി.എസ്.ടി നിരക്കുമായി ബന്ധപ്പെട്ട പരിഷ്കാരങ്ങൾ തിരിച്ചടിയാകുമെന്ന ഭയത്തെ ഈ കണക്കുകൾ താൽക്കാലികമായി അകറ്റിയിട്ടുണ്ട്. എങ്കിലും, ഈ 19 ശതമാനം വളർച്ചയുടെ ഉള്ളടക്കം പരിശോധിക്കുമ്പോൾ ചില പ്രധാന പരിമിതികൾ കാണാം:

  • യഥാർത്ഥ എസ്.ജി.എസ്.ടി വളർച്ച: കേന്ദ്രം വിതരണം ചെയ്യുന്ന ഐ.ജി.എസ്.ടി വിഹിതം ഒഴിവാക്കിയാൽ, സംസ്ഥാനത്തിന്റെ സ്വന്തം എസ്.ജി.എസ്.ടി (SGST) വരുമാന വളർച്ച 13.8 ശതമാനം മാത്രമാണ് (7,883 കോടി രൂപയിൽ നിന്ന് 8,970 കോടി രൂപയായി ഉയർന്നത്).

  • സെറ്റിൽമെന്റ് സമയക്രമം: ഏപ്രിൽ മാസത്തിൽ മാത്രം 3,502 കോടി രൂപയുടെ വലിയ ഐ.ജി.എസ്.ടി സെറ്റിൽമെന്റാണ് കേരളത്തിന് ലഭിച്ചത്. മുൻവർഷം ഇത് 2,253 കോടി രൂപയായിരുന്നു. ലഭിച്ച 1,249 കോടിയുടെ ഈ അധിക വരുമാനം പുതിയ സാമ്പത്തിക പ്രവർത്തനങ്ങളുടെ ഫലമല്ല, മറിച്ച് സെറ്റിൽമെന്റ് സമയക്രമത്തിലെ വ്യത്യാസം മാത്രമാണ്.

  • വളർച്ചാ നിരക്കിലെ കുറവ്: മാസങ്ങൾ പിന്നിടുന്തോറും വരുമാന വളർച്ചയുടെ വേഗത കുറയുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ജൂലൈയിൽ 17 ശതമാനമായിരുന്ന വളർച്ചാ നിരക്ക് സെപ്റ്റംബറിലെത്തിയപ്പോൾ 9 ശതമാനമായി (3,451 കോടി രൂപ) താഴ്ന്നു.

ഉപഭോഗവും നാണയപ്പെരുപ്പവും വരുമാനത്തിലെ മാറ്റങ്ങളും

പ്രതിശീർഷ ഉപഭോഗം ഏറ്റവും കൂടുതലുള്ള കേരളത്തിൽ, സമീപകാലത്തുണ്ടായ ഉയർന്ന വിലക്കയറ്റം നികുതി വരുമാനം ഉയർത്തുന്നതിന് സഹായകമായിട്ടുണ്ടെന്ന് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷനിലെ (GIFT) മുൻ ഫാക്കൽറ്റിയും സാമ്പത്തിക വിദഗ്ദ്ധനുമായ ജോസ് സെബാസ്റ്റ്യൻ ചൂണ്ടിക്കാട്ടുന്നു. ഉത്പാദനച്ചെലവ് കൂടിയപ്പോൾ നിർമ്മാതാക്കളും വ്യാപാരികളും സാധനങ്ങളുടെ വില ഉയർത്തുകയും, ആനുപാതിക നികുതി വ്യവസ്ഥയായതിനാൽ നികുതി സമാഹരണം സ്വാഭാവികമായി വർധിക്കുകയുമാണ് ചെയ്തത്. അതായത് യഥാർത്ഥ സാമ്പത്തിക ഉണർവിനേക്കാൾ നാണയപ്പെരുപ്പം വരുമാനം കൂട്ടാൻ സഹായകരമായി.

പുതിയ സർക്കാരിന് കീഴിൽ ഭരണപരമായ കാര്യക്ഷമത വർധിച്ചിട്ടുണ്ടെങ്കിലും ജി.എസ്.ടിയുടെ പൂർണ്ണ സാധ്യത കേരളം ഇതുവരെ പ്രയോജനപ്പെടുത്തിയിട്ടില്ലെന്നും ജോസ് സെബാസ്റ്റ്യൻ പറഞ്ഞു. എ.ഐ, ബിഗ് ഡാറ്റാ അനലിറ്റിക്സ് തുടങ്ങിയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തിയാൽ നികുതി പിരിവ് കാര്യക്ഷമമാക്കാം. ഇതിനായി അർഹതയുള്ളവരെ ഡെപ്യൂട്ടി കമ്മീഷണർ പോലുള്ള തസ്തികയിലേക്ക് പ്രൊഫഷണൽ നിയമനങ്ങൾ നടത്തിയാൽ മാത്രമേ നികുതി പിരിവ് കൂടുതൽ മെച്ചപ്പെടുത്താനാകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം നികുതി സ്ലാബുകൾ ലളിതമാക്കിയതും, ആഡംബര വാഹനങ്ങളുടെ നികുതി വർധനവും, ലോട്ടറികൾക്ക് ഏർപ്പെടുത്തിയ 40 ശതമാനം ഉയർന്ന നികുതി നിരക്കും വരുമാനം വർധിപ്പിക്കാൻ സ‌ർക്കാരിനെ തുണച്ചിട്ടുണ്ട്. എന്നാൽ ലോട്ടറി നികുതി 2025 സെപ്റ്റംബർ അവസാനത്തോടെയാണ് പ്രാബല്യത്തിൽ വന്നത് എന്നതിനാൽ, ഈ ഒക്ടോബർ മുതൽ മുൻവർഷത്തെ ഉയർന്ന നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഈ 'ബേസ് ഇഫക്ട്' ആനുകൂല്യം ഇല്ലാതാകും.

സർക്കാരിന്റെ കടബാധ്യതകളും അനിവാര്യമായ ചെലവുകളും

നികുതി വരുമാനത്തിൽ നേരിയ വർധനവുണ്ടെങ്കിലും, മാറ്റാൻ കഴിയാത്ത ഉയർന്ന പതിവ് ചെലവുകൾ (Committed Spending) സംസ്ഥാന ഖജനാവിനെ ഞെരുക്കുകയാണ്:

  • അനിവാര്യ ചെലവുകൾ: പി.ആർ.എസ് ഇന്ത്യയുടെ (PRS India) കണക്കുകൾ പ്രകാരം സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തിന്റെ 72 ശതമാനത്തോളവും ചെലവഴിക്കുന്നത് ശമ്പളം (31%), പെൻഷൻ (21%), പലിശ തിരിച്ചടവ് (20%) എന്നിവയ്ക്കാണ്.

  • വൻ കടബാധ്യത: സംസ്ഥാനത്തിന്റെ ധനകാര്യ ധവളപത്ര പ്രകാരം കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയാണ്.

ഇത്തരം വൻ ബാധ്യതകൾക്ക് മുന്നിൽ നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ ലഭിച്ച 3,100 കോടി രൂപയുടെ അധിക നികുതി വരുമാനം വളരെ നിസ്സാരമാണ്. എന്നിരുന്നാലും ഇത്തരത്തിൽ ലഭിക്കുന്ന അധിക വരുമാനം ജീവനക്കാരുടെ ആനുകൂല്യങ്ങൾക്കും പലിശയ്ക്കും വേണ്ടി മാത്രം വിനിയോഗിക്കാതെ, ദീർഘകാല മൂലധന വികസന പദ്ധതികൾക്കായി മാറ്റിവെക്കാൻ സർക്കാരിന് സാധിക്കുമോ എന്നതാണ് ഇനി അറിയേണ്ടത്.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com