മികവാര്‍ജ്ജിക്കാന്‍ കേരളത്തിന് മുന്നിലുണ്ട് വഴികള്‍; വേണു രാജാമണി പറയുന്നു

'എനിക്കേറെയിഷ്ടം കൊച്ചിയിലെ കായലോരത്തെ വീടാണ്' എന്ന് പറയുന്ന വിദേശകാര്യ വിദഗ്ധനാണ് വേണു രാജാമണി. കേരളത്തോടുള്ള ഇഷ്ടം എന്നും നെഞ്ചേറ്റുന്ന ഒരാള്‍. വെള്ളപ്പൊക്കങ്ങള്‍ ശീലമാക്കിയ നെതര്‍ലാന്‍ഡ് എന്ന രാജ്യത്ത് നയതന്ത്രജ്ഞനായിരുന്നപ്പോള്‍ കണ്ടറിഞ്ഞ പാഠങ്ങള്‍ കൊണ്ട് കേരളത്തിന്റെ പുനരുജ്ജീവനത്തിനായി പുസ്തകം രചിച്ച ഗ്രന്ഥകാരന്‍. നയതന്ത്രജ്ഞന്‍ എന്ന നിലയില്‍ 34 വര്‍ഷത്തിലേറെ അനുഭവപരിചയമുള്ള വേണു രാജാമണി ഇപ്പോള്‍ ഹരിയാനയിലെ സോനിപത് ആസ്ഥാനമായുള്ള ഒ പി ജിന്‍ഡാല്‍ ഗ്ലോബല്‍ യൂണിവേഴ്‌സിറ്റിയുടെ ജിന്‍ഡാല്‍ ഗ്ലോബല്‍ ലോ സ്‌കൂളില്‍ പ്രൊഫസര്‍ ഓഫ് ഡിപ്ലോമാറ്റിക് പ്രാക്ടീസ് ആയി സേവനമനുഷ്ഠിക്കുകയാണ്.

കേരളത്തിന് മികവാര്‍ജ്ജിക്കാനായി അദ്ദേഹം പങ്കുവെയ്ക്കുന്നു; ചില കാര്യങ്ങള്‍
ബിസിനസ് സൗഹൃദ അന്തരീക്ഷം: കേരളത്തിലേക്ക് പുറത്തുനിന്ന് നിക്ഷേപം വരാന്‍ വേണ്ടിയുള്ള മാറ്റങ്ങള്‍ക്ക് മാത്രമല്ല നാം മുന്‍തൂക്കം കൊടുക്കേണ്ടത്. കേരളത്തില്‍ നിക്ഷേപം നടത്തുന്ന ആര്‍ക്കും നല്ല രീതിയില്‍ ഇവിടെ ബിസിനസ് നടത്താന്‍ പറ്റണം. അവരുടെ വാക്കുകളാണ് മറ്റുള്ളവരെ ആകര്‍ഷിക്കുക.

നൈപുണ്യവികസനം: ലോകത്തിന്റെ ഏത് കോണിലും മലയാളി നേഴ്‌സുമാരെയും പ്രൊഫഷണലുകളെയും കാണാം. പക്ഷേ ഇപ്പോള്‍ ഫിലിപ്പീന്‍സില്‍ നിന്നുള്ള നേഴ്‌സുമാര്‍ക്ക് സ്വീകാര്യത കൂടി വരുന്നുണ്ട്. അവര്‍ക്ക് സോഫ്റ്റ് സ്‌കില്‍സ് കൂടുതലാണെന്നതാണ് കാരണം. നമ്മുടെ സോഫ്്റ്റ് സ്‌കില്‍സും മെച്ചപ്പെടേണ്ടിയിരിക്കുന്നു.

മെഡിക്കല്‍ വാല്യു ടൂറിസം: കേരളത്തിന് ഏറ്റവും അനുയോജ്യമായ ഒന്നാണിത്. ആധുനിക വൈദ്യശാസ്ത്രവും യോഗയും ആയുര്‍വേദവും വെല്‍നെസ്സുമെല്ലാം സംയോജിപ്പിച്ച് ലോകോത്തര ഹെല്‍ത്ത് കെയര്‍ - വെല്‍നസ് ശൈലി നമുക്കിവിടെ സൃഷ്ടിക്കാം.

വിദ്യാഭ്യാസം: രാജ്യത്തെ ഏറ്റവും നല്ല സ്വകാര്യ യൂണിവേഴ്‌സിറ്റികളിലൊന്നാണ് ഇപ്പോള്‍ ഞാന്‍ ഫാക്കല്‍റ്റിയായിരിക്കുന്ന ഒ പി ജിന്‍ഡാല്‍ ഗ്ലോബല്‍ യൂണിവേഴ്‌സിറ്റി. ഇതുപോലുള്ളവ കേരളത്തിലും ആരംഭിക്കാം. വിവിധ രാജ്യങ്ങളിലെ അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും നമുക്ക് ആകര്‍ഷിക്കാന്‍ സാധിക്കും.

പദ്ധതികളുടെ ഫലപ്രദമായ നടത്തിപ്പ്:
നമുക്ക് സുന്ദരമായ ചട്ടങ്ങളുണ്ട്. നയങ്ങളുണ്ട്. നടപ്പാക്കുന്നതിലാണ് പാളിച്ച സംഭവിക്കുന്നത്. ഇതുവരെ എന്തുകൊണ്ട് പലതും നല്ല രീതിയില്‍ നടപ്പായില്ലെന്ന് പഠിക്കണം. നമ്മുടെ പാകപ്പിഴകള്‍ മനസ്സിലാക്കി തെറ്റുകള്‍ തിരുത്താനും മുന്നോട്ട് പോകാനും സാധിക്കണം.

തൊഴില്‍ അവസരങ്ങള്‍: ഇക്കാലത്ത് ഡിജിറ്റൈസേഷനും കംപ്യൂട്ടര്‍വല്‍ക്കരണവും മൂലമുള്ള തൊഴില്‍ നഷ്ടത്തെ കുറിച്ചാണ് ഏറെ ആശങ്ക. എന്നാല്‍ മെഷീനുകള്‍ക്ക് തുടച്ചുമാറ്റാനാകാത്തെ തൊഴിലുകളുണ്ട്. ആ രംഗത്ത് പ്രൊഫഷണല്‍ മികവ് ആര്‍ജ്ജിക്കണം. ഐടി, ഫിനാന്‍സ്, ലീഗല്‍ പ്രോസസിംഗ് ഔട്ട്‌സോഴ്‌സിംഗ് എന്നീ രംഗത്തെല്ലാം സാധ്യതയുണ്ട്.

ബിസിനസ് അവസരങ്ങള്‍: ഹെല്‍ത്ത്, ഫാര്‍മ, അനുബന്ധ മേഖലകളില്‍ ഇനിയും ഏറെ അവസരങ്ങളുണ്ട്. മറ്റൊന്ന് വെല്‍നസ് രംഗമാണ്. ഇ - കോമേഴ്‌സ് രംഗത്തും ഭക്ഷ്യസംസ്‌കരണ മേഖലയിലും അവസരങ്ങള്‍ ഏറെയാണ്.

കയറ്റുമതി: കേരളം സുഗന്ധവ്യഞ്ജനങ്ങളിലാകട്ടേ മറ്റേത് മേഖലകളിലുമാകട്ടേ കൂടുതല്‍ മൂല്യവര്‍ധനയ്ക്ക് ഊന്നല്‍ നല്‍കണം. നമ്മുടെ നാട്ടില്‍ ലഭ്യമായ വിഭവ സമ്പത്തില്‍ നിന്ന് പരമാവധി മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുണ്ടാക്കി ലോകവിപണിയിലെത്തിക്കണം. ഇന്നിപ്പോള്‍ ലോകം ഒരു പരന്ന പ്രതലമാണ്. ആര്‍ക്കും എവിടെയിരുന്നും എന്തും എവിടെയും വില്‍ക്കാം. അതൊക്കെ മലയാളികളും ഉപയോഗപ്പെടുത്തണം.


Related Articles
Next Story
Videos
Share it