കേരളം ഊരാക്കുടുക്കില്‍; തലയൂരാന്‍ എന്താണ് വഴി?

കോവിഡ് (Covid19) മഹാമാരിയെ തുടര്‍ന്നുള്ള അടച്ചിടല്‍ അവസാനിച്ചെങ്കിലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മുടന്തി തന്നെ തുടരുകയാണ്. 2020-21ല്‍ 26 സംസ്ഥാനങ്ങളുടെ വളര്‍ച്ചാ നിരക്ക് 3.6 ശതമാനം കണ്ട് കുറഞ്ഞിരിക്കുകയാണ്. വളര്‍ച്ചാനിരക്കില്‍ ഏറ്റവും കുറവ് കേരളത്തിന്റേതാണ്; -9.2 ശതമാനം. ഉല്‍പ്പാദനത്തേക്കാള്‍ ഉപഭോഗത്താല്‍ നയിക്കപ്പെടുന്ന സമ്പദ് വ്യവസ്ഥയാണല്ലോ കേരളത്തിന്റേത്. കാര്‍ഷിക, വ്യാവസായിക രംഗങ്ങളില്‍ ഉല്‍പ്പാനദ വളര്‍ച്ചയ്ക്ക് ശ്രമിക്കുന്നതോടൊപ്പം ഉപഭോഗത്തില്‍ ഉണ്ടായ വലിയ ഇടിവ് വിപണിയില്‍ ആകെ പ്രതിഫലിക്കുന്നുണ്ട്. ചെറുകിട കച്ചവട സ്ഥാപനങ്ങളുടെയും ഹോട്ടലുകളുടെയും അടഞ്ഞു കിടക്കുന്ന ഷട്ടറുകള്‍ കേരളത്തില്‍ എവിടെ നോക്കിയാലും കാണാം. വര്‍ധിച്ചു വരുന്ന ആത്മഹത്യകളും കുറ്റകൃത്യങ്ങളുമൊക്കെ കേരള സമ്പദ് വ്യവസ്ഥയെയും സമൂഹത്തെയും ബാധിച്ചിരിക്കുന്ന പ്രതിസന്ധിയുടെ സൂചകങ്ങളാണ്.

പാഴായ അവസരം
സമ്പദ് വ്യവസ്ഥയെ മാന്ദ്യത്തില്‍ നിന്ന് കൈപിടിച്ച് ഉയര്‍ത്താനാണ് ഏതൊരു ജനാധിപത്യ സര്‍ക്കാരും ഈ സാഹചര്യത്തില്‍ ശ്രമിക്കേണ്ടത്. പൊതുവിഭവങ്ങള്‍ അതിനുള്ള ഉപകരണമാക്കി മാറ്റുന്നതിലൂടെയാണ് ഇത് സാധിക്കുന്നത്. വികസിത രാജ്യങ്ങളിലൊക്കെ തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കും ചെറുകിട സംരംഭങ്ങള്‍ക്കുമൊക്കെ സബ്‌സിഡികളും പലിശയില്ലാ വായ്പകളുമൊക്കെയാണ് കോടിക്കണക്കിനാണ് പൊതുവിഭവങ്ങള്‍ വിപണിയിലെത്തിച്ചത്. അതിന് പുറമേ സമ്പദ് വ്യവസ്ഥയിലെ ഉപഭോഗം നിലനിര്‍ത്താന്‍ പ്രതിമാസം 1500 ഡോളര്‍ വരെ കുടുംബങ്ങള്‍ക്ക് നല്‍കിയ രാജ്യങ്ങളുമുണ്ട്.

അത്രയൊന്നുമില്ലെങ്കിലും കേരള സര്‍ക്കാരിന് (Kerala Government) ഒരു ഉത്തേജക പായ്‌ക്കേജ് മുന്നോട്ട് വെയ്ക്കാമായിരുന്നു. പക്ഷേ, എങ്ങനെയും തുടര്‍ഭരണം ഉറപ്പുവരുത്തേണ്ടേ? 2021ലെ തെരഞ്ഞെടുപ്പു വിജയം മുന്നില്‍ കണ്ട് ഉദാരമായ ശമ്പള - പെന്‍ഷന്‍ പരിഷ്‌കരണം നടപ്പാക്കി. സത്യത്തില്‍ രണ്ടു പ്രളയങ്ങളും കോവിഡ് മഹാമാരിയും മൂലം തകര്‍ന്നു കിടക്കുന്ന സമ്പദ് വ്യവസ്ഥയും ചൂണ്ടിക്കാട്ടി ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം നീട്ടിവെയ്ക്കാമായിരുന്നു. മാത്രവുമല്ല കഴിഞ്ഞ ശമ്പള പരിഷ്‌കരണ കമ്മീഷന്‍ കേന്ദ്രത്തിലെയും മറ്റു പല സംസ്ഥാനങ്ങളിലെയും പോലെ പത്തുവര്‍ഷത്തിലൊരിക്കല്‍ ശമ്പള - പെന്‍ഷന്‍ മതിയെന്ന് ശുപാര്‍ശ ചെയ്തതുമാണ്. അതിന്റെ ഫലമായി സംഭവിച്ചത് എന്തൊക്കെയെന്ന് കാണാന്‍ പട്ടിക-1 ലൂടെ കണ്ണോടിച്ചാല്‍ മതി.

പൊതുവേ പ്രചരിപ്പിക്കപ്പെടുന്നതുപോലെ കോവിഡ് മഹാമാരിയുടെ മൂര്‍ധന്യത്തില്‍ റവന്യു വരുമാനം അങ്ങ് ഇടിയുകയല്ല ഉണ്ടായത്. പട്ടികയില്‍ നിന്നും മനസിലാക്കാവുന്നതുപോലെ 2020-21ലെ പുതുക്കിയ കണക്ക് പ്രകാരം 20.77 ശതമാനം കണ്ട് വര്‍ധിച്ചു. ഈ വര്‍ധന കേന്ദ്രത്തില്‍ നിന്നുള്ള നികുതിയുടെ ഓഹരിയിലും കേന്ദ്ര ഗ്രാന്റുകളും കൊണ്ട് മാത്രമല്ല, സംസ്ഥാനത്തിന്റെ തനത് വരുമാനം 25.31 ശതമാനം വര്‍ധിച്ചപ്പോള്‍ കേന്ദ്രത്തില്‍ നിന്നുള്ളത് 14.90 ശതമാനം മാത്രമേ വര്‍ധിച്ചുള്ളു. ചരക്ക് സേവന നികുതിയില്‍ നിന്നുള്ള നഷ്ടപരിഹാരത്തിന് പുറമേ ജനങ്ങള്‍ നികുതിയായും നികുതിയിതരമായും സര്‍ക്കാരിനെ അകമഴിഞ്ഞു സഹായിച്ചുവെന്ന് വ്യക്തം.
ജനങ്ങളോട് പ്രതിബദ്ധതയുള്ള ഒരു ജനാധിപത്യസര്‍ക്കാര്‍ ഈ അനുകൂല സാഹചര്യം പ്രയോജനപ്പെടുത്തി സമ്പദ് വ്യവസ്ഥയുടെ പുനരുജ്ജീവനത്തിനുള്ള നടപടികള്‍ എടുക്കുകയാണ് ചെയ്യേണ്ടത്. പക്ഷേ, എല്‍ ഡി എഫ് സര്‍ക്കാര്‍ എങ്ങനെയും തുടര്‍ഭരണം നിലനിര്‍ത്തുക എന്ന വ്യഗ്രതയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വാരിക്കോരി കൊടുത്തു. യു ഡി എഫ് സര്‍ക്കാര്‍ ആയിരുന്നെങ്കിലും ഇതുതന്നെ സംഭവിക്കുമായിരുന്നു എന്നതാണ് സത്യം. കാരണം, അധികാര രാഷ്ട്രീയത്തിന്റെ സമവാക്യം രണ്ട് കൂട്ടര്‍ക്കും ഒന്നുതന്നെയാണ്.

കേരളം നേരിട്ടുകൊണ്ടിരിക്കുന്ന ധനകാര്യപ്രതിസന്ധി ഇത്രമാത്രം രൂക്ഷമാവാന്‍ കാരണം ജനസംഖ്യയിലെ വെറും നാല് ശതമാനം വരുന്ന സംഘടിത വോട്ടുബാങ്കിനെ തൃപ്തിപ്പെടുത്താന്‍ എടുത്ത ഒരു നടപടിയാണ്. 24,563.89 കോടി രൂപയാണ് ശമ്പള പരിഷ്‌കരണം മൂലം ഉണ്ടായ അധിക ചെലവ്. അതായത് 52.63 ശതമാനം. 'ഏറ്റുപോയ' (Committed) ഈ ചെലവുകള്‍ നികത്തി കഴിഞ്ഞാല്‍ ഖജനാവ് കാലിയാണ്. അതുകൊണ്ടാണ് 2022-23 ലെ ബജറ്റില്‍ ക്ഷേമപെന്‍ഷന്‍ 100 രൂപ പോലും വര്‍ധിപ്പിക്കാന്‍ ആവാത്തത്.

വര്‍ധിപ്പിച്ച ശമ്പളത്തിന്റെയും പെന്‍ഷന്റെയും ഒരു ചെറിയ ശതമാനം മാത്രമേ വിപണിയില്‍ എത്തുകയുള്ളൂ. കാരണം ലളിതമാണ്. ശമ്പളം വര്‍ധിക്കുന്ന അതേ അനുപാതത്തില്‍ ഉപഭോഗം വര്‍ധിക്കുകയില്ലെ എന്നത് സാമ്പത്തിക ശാസ്ത്രത്തിലെ ഒരു തത്വമാണ്. പെന്‍ഷന്‍കാരുടെ കാര്യമാണെങ്കില്‍ അവര്‍ ഉപഭോഗത്തില്‍ നിന്ന് ഏറെക്കുറെ പിന്‍വാങ്ങിയവരാണ്.

നേരെമറിച്ച് ക്ഷേമപെന്‍ഷന്‍ 1600 രൂപയില്‍ നിന്ന് 2000 രൂപയാക്കി വര്‍ധിപ്പിക്കുന്നു എന്നിരിക്കട്ടെ. അത് മുഴുവന്‍ തന്നെ വിപണിയില്‍ എത്തി സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ സജീവമാക്കും. അതോടെ നികുതി വരുമാനം വര്‍ധിക്കും. വളര്‍ച്ചയുടെ ഒരു ചാക്രികത സൃഷ്ടിക്കാന്‍ സമ്പദ് വ്യവസ്ഥയിലെ ചെറിയ ഒരു ഇടപെടല്‍ കൊണ്ട് സാധിക്കുമായിരുന്നു.

ഇന്നിപ്പോള്‍ ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ കിട്ടാവുന്നിടത്തുനിന്നൊക്കെ കടമെടുത്തു കൂട്ടുകയാണ് സര്‍ക്കാര്‍. കാരണം ലളിതം. സര്‍ക്കാര്‍ ജീവിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണ് ശമ്പളവും പെന്‍ഷനും കൊടുത്തിരിക്കുക എന്നത്. സ്വയംകൃതാനര്‍ത്ഥം മൂലം സ്വയം ബന്ധിതമായ ഒരു സര്‍ക്കാര്‍ ലോകത്തുതന്നെ ഒരുപക്ഷേ കേരള സര്‍ക്കാര്‍ ആയിരിക്കും.
കേരളത്തിന് എവിടെയാണ് പിഴച്ചത്?
ലോകത്തെവിടെയും സര്‍ക്കാര്‍ എന്നത് ജനങ്ങളില്‍ നിന്ന് നികുതി - നികുതിയിതര മാര്‍ഗങ്ങളിലൂടെ സമാഹരിക്കുന്ന വിഭവങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സംവിധാനമാണ്. ശരിയാണ്, കടമെടുപ്പ് സര്‍ക്കാരുകള്‍ക്ക് പറഞ്ഞിട്ടുള്ളതാണ്. അതുപക്ഷേ, ഭാവിയില്‍ വരുമാനം വര്‍ധിപ്പിക്കാന്‍ ഉതകുന്ന ആസ്തികളില്‍ നിക്ഷേപിക്കുന്നതിനുവേണ്ടി ആയിരിക്കണം എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നുപറഞ്ഞാല്‍ ശമ്പളം, പെന്‍ഷന്‍, പലിശ തുടങ്ങിയ നിത്യനിദാന ചെലവുകള്‍ക്ക് കടമെടുത്തു കൂടാ എന്നര്‍ത്ഥം. പക്ഷേ, 1983- 84 മുതല്‍ റവന്യു കമ്മി നേരിടുന്ന കേരളം കടമെടുക്കുന്നതില്‍ ഒരു ഭാഗം റവന്യു ചെലവുകള്‍ക്ക് വിനിയോഗിച്ച് വരികയാണ്. ഈ പ്രവണത ശക്തമായി കടമെടുക്കുന്ന മുഴുവന്‍ തുകയും റവന്യു ചെലവുകള്‍ക്ക് മാറ്റി വെയ്‌ക്കേണ്ടി വരുന്ന അവസ്ഥയിലാണ് ഡോ. തോമസ് ഐസക് എന്ന ധനമന്ത്രി കിഫ്ബി എന്ന മൂലധന നിക്ഷേപ സംവിധാനം കൊണ്ടുവന്നത്. വന്‍ പലിശയ്ക്ക് കടമെടുത്ത് സംസ്ഥാനത്തെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ ലക്ഷ്യമിട്ട് തുടങ്ങിയ കിഫ്ബി ഇപ്പോള്‍ കെട്ടിടങ്ങളും ഇടറോഡുകളും കലുങ്കുകളും എന്നുവേണ്ട സര്‍ക്കാരിന്റെ കൈയില്‍ ചെലവാക്കാന്‍ പണമില്ലാത്ത എല്ലാ പരിപാടികള്‍ക്കും ധനസഹായം ചെയ്തുകൊണ്ടിരിക്കുകയാണ്. അതേസമയം കിഫ്ബിയുടെ തിരിച്ചടവിനായി സംസ്ഥാന ഖജനാവില്‍ നിന്നും പെട്രോള്‍ സെസ്സും മോട്ടോര്‍ വാഹന നികുതിയുടെ പകുതിയും മാറ്റി വെച്ചുകൊണ്ടിരിക്കുന്നു.

ഓരോ അഞ്ചുവര്‍ഷവും ഇരട്ടിയായി കൊണ്ടിരിക്കുന്ന കേരളത്തിന്റെ കടം നാലുലക്ഷം കോടിയോട് അടുക്കുകയാണ്. ശ്രീലങ്കയുടെ സ്ഥിതി ചൂണ്ടിക്കാട്ടി റിസര്‍വ് ബാങ്ക് പഠനം മുന്നറിയിപ്പ് നല്‍കിയ അഞ്ച് സംസ്ഥാനങ്ങളില്‍ ഒന്ന് കേരളമാണ്.
കടമെടുപ്പും നികുതി പിരിവും ഒരുപോലെയല്ല
കേരളത്തിന്റെ കടം ഇത്രയെങ്കിലും പിടിച്ചുനിര്‍ത്താനായത് 2003ല്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ധന ഉത്തരവാദിത്ത നിയമം (Fiscal Responsibility and Budget Management Act) മൂലമാണ്. റവന്യു കമ്മിയും ധനകമ്മിയും കടവുമൊക്കെ നിശ്ചിത പരിധിയില്‍ നിര്‍ത്താന്‍ ഇത് സംസ്ഥാനങ്ങളെ നിര്‍ബന്ധിതമാക്കി.

മിക്ക സംസ്ഥാനങ്ങളും ധനഉത്തരവാദിത്ത നിയമം പാലിച്ച് റവന്യു കമ്മിയും ധനകമ്മിയും കടവുമൊക്കെ കുറയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ കേരളം നിയമത്തെ മറികടക്കാനുള്ള കുറുക്കുവഴികള്‍ കണ്ടെത്താനാണ് ശ്രമിച്ചത്. കിഫ്ബിക്ക് പുറമേ ക്ഷേമപെന്‍ഷനുകള്‍ കൊടുക്കാന്‍ കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡ് എന്ന ഒരു സര്‍ക്കാര്‍ കമ്പനിയുണ്ടാക്കി. അതിന് സര്‍ക്കാര്‍ ഗ്യാരണ്ടി നിന്ന് 32,000 കോടി രൂപയോളം വായ്പ എടുത്തിരുന്നു. ഓരോ വര്‍ഷത്തെയും കടമെടുപ്പിന് പരിധി നിശ്ചയിക്കുമ്പോള്‍ സര്‍ക്കാര്‍ നിന്നിട്ടുള്ള ഗ്യാരണ്ടികളും കൂടി പരിഗണിക്കും എന്നുവന്നതോടെ മേല്‍പ്പരണ കമ്പനിക്ക് നിന്ന ഗ്യാരണ്ടി പിന്‍വലിച്ചുകൊണ്ട് സര്‍ക്കാര്‍ തല്‍ക്കാലം തലയൂരി. ഇക്കാര്യം നിയമസഭയില്‍ ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ ക്ഷേമപെന്‍ഷനുകള്‍ നല്‍കും എന്ന ഉറപ്പ് പറയാനേ ധനമന്ത്രിക്ക് കഴിഞ്ഞുള്ളൂ.

കടത്തിന്മേലുള്ള അമിത ആശ്രയത്വം കേരള സമൂഹത്തില്‍ സൃഷ്ടിച്ചിട്ടുള്ള ഒരു തെറ്റിദ്ധാരണ കടമെടുപ്പും നികുതി പിരിവും ഒരുപോലെയാണ് എന്നതാണ്. സത്യമെന്താണ്? എടുക്കുന്ന കടം കൃത്യമായി രേഖപ്പെടുത്തുന്നതും പലിശയടക്കം തിരികെ നല്‍കേണ്ടതുമാണ്. പിരിക്കാവുന്നതും പിരിക്കപ്പെടാതെ പോകുന്നതുമായ നികുതിയാകട്ടേ എന്നന്നേയ്ക്കുമായി നഷ്ടപ്പെടുകയാണ്. നികുതി പിരിച്ച് പൊതുകാര്യങ്ങള്‍ നടത്തേണ്ട സര്‍ക്കാര്‍ കടമെടുത്ത് അത് നടത്തി തുടങ്ങിയാല്‍ നികുതി പിരിവ് ക്രമേണ ദുഷ്‌കരമാവും. കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് ഈ അപകടമാണ്. അതുപോലെ തന്നെ കടമെടുപ്പിന്റെ പ്രയോജനം പലപ്പോഴും പോകുന്നത് ശമ്പളക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമാണ്. നിയമാനുസൃതമായോ അല്ലാതെയോ നികുതി പിരിവില്‍ നിന്നും മാറി നില്‍ക്കാന്‍ ഭാഗ്യം സിദ്ധിച്ചവരാണ് എന്നതാണ് വിരോധാഭാസം.
പൊതുവിഭവ സമാഹരണത്തിലെ പരാജയം
കേരളത്തില്‍ പൊതുവിഭവ സമാഹരണത്തിന് സാധ്യതകള്‍ കുറവാണ് എന്ന ഒരു തെറ്റിദ്ധാരണ നിലനില്‍ക്കുന്നുണ്ട്. ഇക്കാര്യത്തെ സംബന്ധിച്ച ശാസ്ത്രീയ പഠനങ്ങള്‍ കണ്ടെത്തിയിട്ടുള്ളത് നേരെ വിപരീതമാണ്. 1957-58 മുതല്‍ 1966-67 വരെയുള്ള പത്തുവര്‍ഷക്കാലം ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ മൊത്തം സമാഹരിച്ച പൊതുവിഭവങ്ങളില്‍ കേരളത്തിന് 4.45 ശതമാനം ഓഹരിയുണ്ടായിരുന്നു. 2019-20 ആകുമ്പോള്‍ ഇത് 4.34 ശതമാനമായി കുറയുകയാണുണ്ടായത്. ഇത് സംഭവിച്ചത് മലയാളികള്‍ ദരിദ്രരായി പോയതു കൊണ്ടാണോ? ഒരിക്കലുമല്ല. ആളോഹരി ഉപഭോഗത്തില്‍ 1972-73ല്‍ കേരളം എട്ടാം സ്ഥാനത്തായിരുന്നു. 1983ല്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 1999-2000 മുതല്‍ കേരളം ഒന്നാം സ്ഥാനത്താണ്. എല്ലാവിധ ആഡംബര വസ്തുക്കളുടെയും വന്‍ വിപണിയാണ് കേരളം. ഉദാഹരണത്തിന് സ്വര്‍ണത്തിന്റെ കാര്യമെടുക്കാം. ദേശീയ സാമ്പിള്‍ സര്‍വെ സംഘടനയുടെ ഉപഭോഗത്തെ സംബന്ധിച്ച 2012ലെ സര്‍വേ പ്രകാരം ഇന്ത്യയിലെ സ്വര്‍ണാഭരണത്തിനായുള്ള ശരാശരി പ്രതിമാസ ഉപഭോഗം 7.24 രൂപയാണെങ്കില്‍ കേരളത്തില്‍ അത് 199.7 രൂപയാണ്.

വേണ്ടുവോളം പൊതുവിഭവങ്ങള്‍ സമാഹരിക്കുന്നില്ല എന്നതുമാത്രമല്ല സമാഹരിക്കുന്നതിന്റെ നല്ലൊരു ഭാഗം പാവപ്പെട്ടവരില്‍ നിന്നും പുറംപോക്കില്‍ കിടക്കുന്നവരില്‍ നിന്നുമാണ് എന്നതാണ് ഏറെ ഖേദകരം. കേരളത്തിന്റെ തനത് വരുമാനത്തില്‍ 60 ശതമാനത്തിന് മേല്‍ സമാഹരിക്കുന്നത് മദ്യം, ഭാഗ്യക്കുറി, പെട്രോള്‍, മോട്ടോര്‍ വാഹനങ്ങള്‍ എന്നീ നാല് ഇനങ്ങളില്‍ നിന്നാണ്. 1970 - 71ല്‍ മദ്യവും ഭാഗ്യക്കുറിയും കൂടി മൊത്തം തനതുവരുമാനത്തിന്റെ 14.77 ശതമാനം മാത്രമായിരുന്നു സംഭാവന ചെയ്തിരുന്നത്. ഇന്നത് 36 ശതമാനത്തിന് മേലെയാണ്. ഭാഗ്യക്കുറി വില്‍പ്പനയിലൂടെ കഴിഞ്ഞ ആറുവര്‍ഷം കൊണ്ട് 56,236.58 കോടി രൂപയാണ് ഖജനാവിലെത്തിയത്. പാവപ്പെട്ടവരില്‍ നിന്നും പുറംപോക്കില്‍ കിടക്കുന്നവരില്‍ നിന്നും പൊതുവിഭവങ്ങള്‍ സമാഹരിച്ച് മധ്യവര്‍ഗത്തിനും സമ്പന്നര്‍ക്കും എത്തിച്ചുകൊണ്ടുക്കുന്ന കലാപരിപാടിയായി കേരള ധനകാര്യം അധഃപതിച്ചുകഴിഞ്ഞു.

എങ്ങനെയും അധികാരത്തിലേറാന്‍ നികുതി ഇളവുകളും സൗജന്യങ്ങളും വാരി വിതറി സംസ്ഥാനത്തിന്റെ വരുമാന അടിത്തറ ശുഷ്‌ക്കമാക്കിയ മുന്നണി രാഷ്ട്രീയമാണ് ഈ സ്ഥിതി വിശേഷത്തിന് കാരണം. ''രോഗി ഇച്ഛിച്ചതും പാല്, വൈദ്യന്‍ കല്‍പ്പിച്ചതും പാല്,'' എന്നു പറഞ്ഞതുപോലെ കടമെടുപ്പ് ജനങ്ങള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും ഒരു പോലെ പഥ്യമായിരിക്കുകയാണ് ഇന്ന്.
പഴി മുഴുവന്‍ കേന്ദ്രത്തിന്
പൊതുവിഭവ സമാഹരണത്തിലെ പരാജയം മറച്ചുവെക്കാന്‍ കേരളത്തിലെ ഇടതും വലതുമായ മുന്നണി സര്‍ക്കാരുകള്‍ ഉപയോഗിച്ച് വരുന്ന ഒരു തന്ത്രമാണ് കേന്ദ്ര അവഗണന. ഇപ്പോഴത്തെ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഇത് നിരന്തരം ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ഒരു ഫെഡറല്‍ സംവിധാനത്തില്‍ കേന്ദ്രത്തില്‍ നിന്നുള്ള വിഭവങ്ങള്‍ സാമൂഹിക - സാമ്പത്തിക നിലയില്‍ പിന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളിലേക്ക് പോവുക എന്നത് സ്വാഭാവികമാണ്. കാരണം, രാജ്യമൊട്ടാകെ ഭൗതിക ജീവിത ഗുണനിലവാരം ഏറെക്കുറെ തുല്യമാക്കുക എന്നതാണ് ധനകാര്യ കമ്മീഷനുകളിലൂടെ സംസ്ഥാനങ്ങളിലേക്ക് നല്‍കപ്പെടുന്ന പൊതുവിഭവങ്ങളുടെ ലക്ഷ്യം. കേരളത്തിന്റെ ഓഹരി 3.87 ശതമാനത്തില്‍ നിന്നും 1.92 ശതമാനം ആയി കുറഞ്ഞതില്‍ തെറ്റ് കാണേണ്ടതില്ല. കേരളത്തിന്റെ റവന്യു കമ്മി കണക്കിലെടുത്ത് ധനകാര്യ കമ്മീഷനുകള്‍ റവന്യു കമ്മി ഗ്രാന്റ് നല്‍കി വരുന്നുണ്ട് എന്ന കാര്യവും പരിഗണിക്കണം.

ചരക്ക് സേവന നികുതി സംസ്ഥാനത്തിന്റെ അധികാരമെല്ലാം കവര്‍ന്നു എന്നതാണ് മറ്റൊരു വാദം. ശരിയാണ്. നികുതി നിരക്കുകള്‍ ഇഷ്ടം പോലെ കൂട്ടാനും കുറയ്ക്കാനുമുള്ള അധികാരം നഷ്ടപ്പെട്ടു. അതേസമയം സേവനമേഖലയില്‍ നിന്നു കൂടി നികുതി സമാഹരിക്കാനുള്ള അവസരം തുറന്നുകിട്ടി. പക്ഷേ, ഒരു നികുതി നല്‍കല്‍ സംസ്‌കാരം വളര്‍ത്തിയെടുക്കാത്ത കേരളത്തിന് ചരക്ക് സേവന നികുതി ഒരുകാലത്തും ശരിയായി പ്രയോജനപ്പെടുത്താനാവില്ല. അഞ്ചുവര്‍ഷത്തേക്കുള്ള നഷ്ടപരിഹാരം അടുത്ത അഞ്ചുവര്‍ത്തേക്കു കൂടി നീട്ടണം എന്ന ആവശ്യത്തിലാണ് കേരളത്തിന്റെ പ്രതീക്ഷ. മിക്കവാറും സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരത്തിന്റെ ആവശ്യം ഇല്ലാത്ത വിധം നികുതി വരുമാനം വര്‍ധിച്ചുകഴിഞ്ഞു. ഓഗസ്റ്റ് മാസത്തിലെ ചരക്ക് സേവന നികുതി കൗണ്‍സില്‍ നഷ്ടപരിഹാരം അഞ്ചുവര്‍ത്തേക്ക് കൂടി നീട്ടാത്ത പക്ഷം ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സ്ഥിതിയിലേയ്ക്ക് കേരളം നീങ്ങും.

സമൂലമായ പരിഷ്‌കരണത്തിലൂടെ മാത്രമേ കേരള സമ്പദ് വ്യവസ്ഥയും ധനകാര്യവും രക്ഷപ്പെടുകയുള്ളൂ. സാമ്പത്തിക വളര്‍ച്ചയും നികുതി വരുമാനവും വര്‍ധിക്കണമെങ്കില്‍ സാധാരണ ജനങ്ങളുടെ ഉപഭോഗം വര്‍ധിക്കേണ്ടിയിരിക്കുന്നു. ഈ ലക്ഷ്യം മുന്നില്‍ കണ്ട് പൊതുവിഭവങ്ങളുടെ സമാഹരണവും ചെലവിടലും എങ്ങനെ ക്രമീകരിക്കാം എന്നതാണ് കേരള സമൂഹം നേരിടുന്ന വെല്ലുവിളി.
2003ല്‍ ആരംഭിച്ച പങ്കാളിത്ത പെന്‍ഷന്‍ കേരളത്തില്‍ 2013ലാണ് തുടങ്ങിയത്. എന്നുപറഞ്ഞാല്‍ 2012വരെ സര്‍ക്കാര്‍ സര്‍വീസ്സില്‍ കയറിയവര്‍ 2042ല്‍ റിട്ടയര്‍ ചെയ്യും എന്ന് സങ്കല്‍പ്പിച്ചാല്‍ 2082 വരെ സ്റ്റ്ാറ്റിയൂട്ടറി പെന്‍ഷന്‍ എന്ന ഈ 'ശമ്പളം കൊടുപ്പ്' തുടരുമെന്നര്‍ത്ഥം. മുഴുവന്‍ സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ കാരെയും പങ്കാളിത്ത പെന്‍ഷനു കീഴില്‍ കൊണ്ടുവന്ന് സാര്‍വത്രിക പെന്‍ഷന്‍ ഏര്‍പ്പെടുത്തുക മാത്രമാണ് കേരളത്തിന് മുന്നിലുള്ള ഏക പരിഹാരം.

(ലേഖകന്‍ ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷനിലെ മുന്‍ ഫാക്കല്‍റ്റിയംഗമായ ലേഖകന്‍ 'കേരള ധനകാര്യം: ജനപക്ഷത്തുനിന്ന് ഒരു പുനര്‍വായന'' എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവാണ്)


Related Articles
Next Story
Videos
Share it