പ്രവാസി മലയാളികള്‍ പണം അയക്കുന്നത് കുത്തനെ ഇടിഞ്ഞു!!

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തുന്ന പ്രവാസിപ്പണം കുത്തനെ ഇടിഞ്ഞു. 2016-17നെ അപേക്ഷിച്ച് 2020-21 കാലയളവില്‍ ഗള്‍ഫില്‍ നിന്നെത്തുന്ന പണത്തില്‍ 50 ശതമാനത്തിലധികം ഇടിവാണ് ഉണ്ടായത്. ഏറ്റവും കൂടുതല്‍ പ്രവാസിപ്പണം എത്തുന്ന രാജ്യങ്ങളുടെ പട്ടികയില്‍ യുഎഇയെ യുഎസ് പിന്തള്ളി.

ആര്‍ബിഐ പുറത്തിറക്കിയ കണക്കനുസരിച്ച് ഇന്ത്യയിലേക്ക് അയക്കുന്ന പണത്തിന്റെ 23.4 ശതമാനവും യുഎസില്‍ നിന്നാണ്. 18 ശതമാനം ആണ് യുഎഇയുടെ വിഹിതം. യുകെ ( 6.8 %), സിംഗപ്പൂര്‍ (5.7 %), സൗദി (11.6 %) എന്നിവയാണ് ആദ്യ അഞ്ചിലുള്ള മറ്റ് രാജ്യങ്ങള്‍. സൗദിയുടെ വിഹിതം 11.6 %ല്‍ നിന്ന് 5.1 % ആയാണ് കുറഞ്ഞത്. ആറാമതുള്ള കുവൈത്തിന്റെ വിഹിതം 5.5 %ല്‍ നിന്ന് 2.1 % ആയും ഒമാന്റേത്‌ 3 %ല്‍ നിന്ന് 1.6 % ശതമാനമായും ഇടിഞ്ഞു. 6.5 ല്‍ നിന്ന് 1.5 % ആയാണ് ഖത്തറിന്റെ വിഹിതം ചുരുങ്ങിയത്.

കേരളത്തെ പിന്തള്ളി മഹാരാഷ്ട്ര

ഇന്ത്യയിലേക്ക് അയക്കുന്ന പ്രവാസിപ്പണ വിഹിതത്തില്‍ കേരളത്തിന്റെ പങ്ക് പകുതിയായി കുറഞ്ഞു. 2016-17 കാലയളവില്‍ 19 ശതമാനവും വിഹിതവുമായി കേരളം ആയിരുന്നു രാജ്യത്ത് ഒന്നാമത്. ഇത്തവണ അത് വെറും 10.2 ശതമാനം മാത്രമാണ് അതേ സമയം വിഹിതം 16.7 ശതമാനത്തില്‍ നിന്ന് 35.2 ശതമാനം ആയി ഉയര്‍ത്തിയ മഹാരാഷ്ട്ര കേരളത്തെ മറികടന്നു.

ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള മലയാളികളുടെ കുടിയേറ്റത്തിലുണ്ടായ കുറവ്, കോവിഡ് തുടങ്ങിയവയാണ് കേരളത്തിന്റെ വിഹിതം ഇടിയാനുള്ള കാരണമായി ചൂണ്ടിക്കാണിക്കുന്നത്. നോര്‍ക്കയുടെ കണക്കുകള്‍ പ്രകാരം കോവിഡിനെ തുടര്‍ന്ന് 14.7 ലക്ഷം മലയാളികളാണ് വിവിധ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയത്. കേരളത്തിലേക്ക് തിരിച്ചെത്തിതില്‍ 59 ശതമാനം ആളുകളും യുഎഇയില്‍ ജോലി ചെയ്തിരുന്നവരാണ്.

2015ല്‍ 7.6 ലക്ഷം പേര്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോവാന്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിച്ച സ്ഥാനത്ത് 2019ല്‍ 3.5 ലക്ഷം പേരും 2020ല്‍ 90000 പേരുമാണ് അനുമതി നേടിയത്. 2020ല്‍ ഗള്‍ഫിലേക്ക് ജോലി തേടിപ്പോയ 50 ശതമാനത്തിലധികം പേരും യുപി, ബീഹാര്‍, ഒഡീഷ, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it