

പ്രവാസിപ്പണം, സ്വർണം, ഭൂമി, വായ്പകൾ എന്നിങ്ങനെ മലയാളികളുടെ സാമ്പത്തിക ജീവിതത്തെക്കുറിച്ചുള്ള പതിവ് ധാരണകൾക്കപ്പുറം കൃത്യമായ വസ്തുതകളും കണക്കുകളും നിരത്തി 'ഇക്വിറസ് ധനം കേരള മണി റിപ്പോർട്ട്' പുറത്തിറങ്ങി. ഇക്വിറസ് വെൽത്തുമായി സഹകരിച്ച് ധനം ബിസിനസ് മീഡിയ തയ്യാറാക്കിയ റിപ്പോർട്ടിൽ, ഒരു മലയാളി കുടുംബത്തിന്റെ വരുമാനം മുതൽ സമ്പാദ്യം, നിക്ഷേപം, കടബാധ്യത എന്നിവ വരെയുള്ള സമ്പൂർണ സാമ്പത്തിക യാത്രയാണ് വിലയിരുത്തുന്നത്. ധനം ബി.എഫ്.എസ്.ഐ സമിറ്റ് 2026-ൽ, ധനം റിസർച്ച് ഡെസ്ക് മേധാവിയായ സഞ്ജയ് എബ്രഹാം ആണ് റിപ്പോർട്ടിന്റെ വിശദാംശം അവതരിപ്പിച്ചത്.
കുറയുന്ന വരുമാന-ചെലവ് അന്തരം: ദേശീയ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോൾ മലയാളി കുടുംബങ്ങളുടെ വരുമാനത്തിലും ചെലവിലുമുള്ള മുൻതൂക്കം ഇപ്പോഴും തുടരുന്നുണ്ടെങ്കിലും, മറ്റ് സംസ്ഥാനങ്ങളുമായുള്ള അന്തരം കുറഞ്ഞുവരികയാണ്.
പ്രവാസിപ്പണം ചുരുക്കം കുടുംബങ്ങളിലേക്ക്: സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ (GSDP) നാലിലൊന്നിന് തുല്യമാണ് പ്രവാസിപ്പണമെങ്കിലും, ഇത് നേരിട്ട് ലഭിക്കുന്ന കുടുംബങ്ങളുടെ എണ്ണം കുറയുകയാണ്. 2018-ൽ ആറ് കുടുംബങ്ങളിൽ ഒന്നിന് വിദേശപ്പണം ലഭിച്ചിരുന്നെങ്കിൽ 2023-ൽ അത് എട്ടിൽ ഒന്നായി ചുരുങ്ങി.
ദിവസക്കൂലിയിൽ മുന്നിൽ; ശമ്പളത്തിൽ പിന്നിൽ: സാധാരണ ദിവസക്കൂലി ജോലികളിൽ കേരളം ദേശീയ ശരാശരിയുടെ ഇരട്ടിയോളം വേതനം നൽകുന്നുണ്ട്. എന്നാൽ വൈദഗ്ധ്യം ആവശ്യമായ തൊഴിലുകളിലെ പ്രതിമാസ ശമ്പളം ദേശീയ ശരാശരിയേക്കാൾ 12 ശതമാനം മാത്രമാണ് കൂടുതൽ.
വർധിക്കുന്ന കടബാധ്യത: കേരളത്തിലെ പ്രായപൂർത്തിയായ മൂന്നിൽ ഒരാൾക്ക് വായ്പയുണ്ട് — ഇത് ദേശീയ ശരാശരിയുടെ ഏകദേശം ഇരട്ടിയാണ്. ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും കുടുംബങ്ങളുടെ സമ്പാദ്യശേഷി കുറയുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഓഹരി-മ്യൂച്വൽ ഫണ്ട് കുതിപ്പ്: ഭൂമി, സ്വർണ്ണം, സ്ഥിരനിക്ഷേപം എന്നിവയിൽ നിന്ന് മാറി മലയാളികൾ ആധുനിക നിക്ഷേപ മാർഗ്ഗങ്ങളിലേക്ക് തിരിയുകയാണ്. കഴിഞ്ഞ 10 വർഷത്തിനിടെ കേരളത്തിലെ മ്യൂച്വൽ ഫണ്ട് നിക്ഷേപം എട്ടുമടങ്ങാണ് വളർന്നത് (ദേശീയ ശരാശരി 5.5 മടങ്ങ്).
ദേശീയ-സംസ്ഥാന സർവേകൾ, റെഗുലേറ്റർമാർ, സർക്കാർ വകുപ്പുകൾ എന്നിവയുടെ ഔദ്യോഗിക വിവരങ്ങൾ ക്രോഡീകരിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. വിദഗ്ധരുടെ വിശകലനങ്ങൾക്കൊപ്പം, മലയാളി കുടുംബങ്ങൾക്ക് വരുമാനവും സമ്പാദ്യവും ദീർഘകാല സമ്പത്താക്കി മാറ്റാനുള്ള പ്രായോഗിക നിർദ്ദേശങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റിപ്പോർട്ടിന്റെ പൂർണരൂപം https://dhanamonline.com/kerala-money-report#kmr-get എന്ന ലിങ്കിൽ ലഭ്യമാണ്.
The Equirus-Dhanam Kerala Money Report examines how Kerala's households earn, spend, save, invest, borrow and protect their wealth, revealing key trends in remittances, debt and investments.
Read DhanamOnline in English
Subscribe to Dhanam Magazine