വികസനത്തിന്റെ വേഗത കൂട്ടാൻ ആറുവരിപ്പാത; വെല്ലുവിളികളെ അതിജീവിക്കാൻ കേരളത്തിന് കഴിയുമോ?

ദേശീയപാത 66 കേരളത്തിന്റെ ചരക്കുനീക്കം, വെയർഹൗസിങ്, റിയൽ എസ്റ്റേറ്റ്, വ്യവസായ നിക്ഷേപം എന്നിവയ്ക്ക് പുതിയ സാധ്യതകൾ തുറന്നേക്കാം; എന്നാൽ നിർമാണത്തിലെ അപാകതകൾ, മണ്ണിന്റെ ബലക്കുറവ്, കരാർപ്രശ്നങ്ങൾ, പൂർത്തീകരണ കാലതാമസം എന്നിവ പദ്ധതിയുടെ നേട്ടങ്ങളെ അനിശ്ചിതത്വത്തിലാക്കുന്നു
National Highways In Kerala Outlook
പ്രതീകാത്മക ചിത്രംImage Source: Canva
Published on: 

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ കേരളത്തെ ബന്ധിപ്പിക്കുന്ന ദേശീയപാത 66 പൂര്‍ത്തിയാകുന്നതോടെ സംസ്ഥാനത്തിന്റെ ഗതാഗത-വാണിജ്യ മേഖലകളില്‍ വലിയ മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്. ചരക്കുനീക്കം വേഗത്തിലാക്കാനും വാഹനങ്ങളുടെ പ്രവര്‍ത്തനച്ചെലവ് കുറക്കാനും ഹൈവേയോട് ചേര്‍ന്ന് പുതിയ വ്യവസായ-വാണിജ്യ കേന്ദ്രങ്ങള്‍ വളര്‍ത്താനും ഈ ആറുവരിപ്പാതക്ക് കഴിയും.

എന്നാല്‍, ഈ സാധ്യതകളിലേക്കുള്ള യാത്ര അത്ര സുഗമമല്ല. മണ്ണിന്റെ ബലക്കുറവ്, നിര്‍മാണത്തിലെ അപാകതകള്‍, സാമഗ്രികളുടെ ക്ഷാമം, കരാര്‍ സംബന്ധമായ അനിശ്ചിതത്വങ്ങള്‍ എന്നിവ പദ്ധതിയുടെ സമയക്രമത്തെ ബാധിക്കുന്നു. കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് വേഗം പകരേണ്ട പദ്ധതി എപ്പോള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാകുമെന്നതാണ് ഇപ്പോഴത്തെ പ്രധാന ചോദ്യം.

എത്രത്തോളം മുന്നോട്ട്?

ദേശീയപാത വികസനത്തില്‍ കേരളത്തില്‍ അഞ്ച് റീച്ചുകള്‍ മാത്രമാണ് ഇപ്പോള്‍ പൂര്‍ത്തിയായിട്ടുള്ളത്. മറ്റ് ഭാഗങ്ങളില്‍ നിര്‍മാണം വിവിധ ഘട്ടങ്ങളിലാണ്. പൂര്‍ത്തീകരണത്തിലെ കാലതാമസം യാത്രക്കാര്‍ക്ക് മാത്രമല്ല, ഹൈവേയെ ആശ്രയിച്ച് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്ന വ്യവസായങ്ങള്‍ക്കും ലോജിസ്റ്റിക്സ് കമ്പനികള്‍ക്കും നിക്ഷേപകര്‍ക്കും നിര്‍ണായകമാണ്.

തുറക്കുന്നത് പുതിയ ബിസിനസ് ഭൂപടം

ദേശീയപാതയുടെ സാമ്പത്തിക പ്രാധാന്യം യാത്രാസമയം കുറയുന്നതില്‍ മാത്രം ഒതുങ്ങുന്നില്ല. ഹൈവേക്ക്സമീപമുള്ള ഭൂമിയുടെ ഉപയോഗം, വെയര്‍ഹൗസിങ്, റീറ്റെയ്ല്‍ വ്യാപാരം, ഹോസ്പിറ്റാലിറ്റി, ഓട്ടോമൊബൈല്‍ സേവനങ്ങള്‍ തുടങ്ങി നിരവധി മേഖലകളില്‍ പുതിയ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടാം. പ്രധാന നഗരകേന്ദ്രങ്ങളിലെ ഉയര്‍ന്ന ഭൂവിലയും സ്ഥലപരിമിതിയും പുതിയ നിക്ഷേപങ്ങളെ ബൈപാസുകളിലേക്കും രണ്ടാംനിര, മൂന്നാംനിര നഗരങ്ങളിലേക്കും ആകര്‍ഷിച്ചേക്കും.

  • റിയല്‍ എസ്റ്റേറ്റ്: ബൈപാസുകള്‍ക്ക് ചുറ്റും പുതിയ വളര്‍ച്ചാ കേന്ദ്രങ്ങള്‍. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ ഹൈവേയോട് ചേര്‍ന്നുള്ള പ്രദേശങ്ങള്‍ക്ക് വാണിജ്യ പ്രാധാന്യം വര്‍ധിക്കാനിടയുണ്ട്. എന്നാല്‍ എല്ലാ സ്ഥലങ്ങളിലും ഭൂവില ഒരേ രീതിയില്‍ ഉയരുമെന്ന് കരുതാനാവില്ല. ഹൈവേയിലേക്കുള്ള പ്രവേശന സൗകര്യം, സര്‍വീസ് റോഡുകളുടെ ലഭ്യത, ജനവാസ കേന്ദ്രങ്ങളുമായുള്ള ബന്ധം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയാണ് യഥാര്‍ത്ഥ മൂല്യം നിര്‍ണയിക്കുക.

  • ലോജിസ്റ്റിക്സ്: നഗരത്തിന് പുറത്തേക്ക് നീങ്ങുന്ന ഗോഡൗണുകള്‍. നഗരങ്ങളിലെ തിരക്കേറിയതും സ്ഥലപരിമിതിയുള്ളതുമായ ഗോഡൗണുകള്‍ക്ക് പകരം ഹൈവേയോട് ചേര്‍ന്ന് വിശാലമായ വെയര്‍ഹൗസുകളും ലോജിസ്റ്റിക്സ് പാര്‍ക്കുകളും സ്ഥാപിക്കാനുള്ള സാധ്യതയുണ്ട്. ഇ-കൊമേഴ്‌സ്, എഫ്എംസിജി, ഫുഡ് പ്രോസസിങ്, റീറ്റെയ്ല്‍ വിതരണ ശൃംഖലകള്‍ എന്നിവക്ക് ഇത്തരം കേന്ദ്രങ്ങള്‍ പ്രയോജനപ്പെടും.

വെല്ലുവിളികളെ സാധ്യതകളാക്കി മാറ്റാം

ഏതൊരു വലിയ വികസന പദ്ധതിയും പുതിയ ചില ബാധ്യതകള്‍ മുന്നോട്ടുവെക്കാറുണ്ട്. ദേശീയപാത 66ന്റെ കാര്യത്തിലും ചില പ്രായോഗിക ആശങ്കകള്‍ സ്വാഭാവികമാണ്.

  • ടോള്‍ ഘടനയും നിര്‍മാണച്ചെലവും: ഓരോ 50-60 കിലോമീറ്ററിലും വരുന്ന ടോള്‍ പ്ലാസകളിലെ ഫീസ് വ്യാപാരികള്‍ക്ക് അധികച്ചെലവായി തോന്നാം. എന്നാല്‍, ഇന്ധനക്ഷമതയിലുണ്ടാകുന്ന 20% ലാഭവും വാഹനങ്ങള്‍ കൂടുതല്‍ ട്രിപ്പുകള്‍ ഓടുന്നതിലൂടെ ലഭിക്കുന്ന അധിക വരുമാനവും കണക്കിലെടുക്കുമ്പോള്‍ ടോള്‍ ചെലവ് ദീര്‍ഘകാലാടിസ്ഥാനത്തില്‍ സാമ്പത്തികമായി ലാഭകരമായി മാറുമെന്ന് കണക്കാക്കാം.

  • വാര്‍ഷിക പാസ് ഇളവുകള്‍: വര്‍ഷം 3,075 രൂപക്ക് ആന്വല്‍ പാസ് എടുത്താല്‍ 200 തവണ ടോള്‍ ക്രോസ് ചെയ്യാം (ഇതില്‍ ഏതാണോ ആദ്യം അതു വരെയാണ് സാധുത). അതായത് ഒന്നിന് വെറും 15 രൂപ നിരക്കില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് ടോള്‍ താണ്ടാനാകും

  • ടോള്‍ പിരിവ് പ്രതിഷേധങ്ങള്‍: നിര്‍മാണം പൂര്‍ത്തിയാകാതെ ടോള്‍ പിരിക്കാനുള്ള നീക്കങ്ങള്‍ വലിയ ജനകീയ പ്രതിഷേധങ്ങള്‍ക്ക് വഴിവെക്കുന്നുണ്ട്. ഉദാഹരണത്തിന്, കൊടുങ്ങല്ലൂര്‍ കാപ്പിരിക്കാട് റീച്ചില്‍ സര്‍വീസ് റോഡുകളുടെയും പാലങ്ങളുടെയും നിര്‍മാണം പൂര്‍ത്തിയാകാതെ തൃശ്ശൂര്‍ നാട്ടികയില്‍ ടോള്‍ പിരിവ് തുടങ്ങാനുള്ള തീരുമാനം ജനകീയ ഇടപെടലുകളെ തുടര്‍ന്ന് നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു.

  • സര്‍വീസ് റോഡുകളും പ്രാദേശിക വിപണികളും: 45 മീറ്റര്‍ വീതിയില്‍ പ്രധാന പാത ഉയര്‍ന്നു നില്‍ക്കുമ്പോള്‍ സര്‍വീസ് റോഡുകളുടെ വീതിക്കുറവ് പ്രാദേശിക കടകളെ ബാധിക്കാതിരിക്കാന്‍ ആവശ്യത്തിന് അണ്ടര്‍ പാസുകളും പ്രവേശന കവാടങ്ങളും ഉറപ്പാക്കുന്ന ശാസ്ത്രീയ ട്രാഫിക് മാനേജ്‌മെന്റ് ആവശ്യമാണ്.

കുറയുമോ, ചരക്കുനീക്കച്ചെലവ്?

കേരളത്തിലെ വ്യവസായങ്ങള്‍ക്ക് ദേശീയപാത 66 നല്‍കുന്ന ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന് വിതരണ ശൃംഖലയിലെ കാര്യക്ഷമത വര്‍ധിപ്പിക്കാനുള്ള സാധ്യതയാണ്. ചരക്കുവാഹനങ്ങള്‍ക്ക് സ്ഥിരതയുള്ള വേഗത്തില്‍ സഞ്ചരിക്കാനും നഗരങ്ങളിലെ തിരക്കും തുടര്‍ച്ചയായ ബ്രേക്കിങ്ങും കുറക്കാനും കഴിയുന്നത് ഇന്ധനച്ചെലവിലും വാഹനങ്ങളുടെ അറ്റകുറ്റപ്പണിയിലും നേട്ടമുണ്ടാക്കും.

തലപ്പാടി മുതല്‍ കാരോട് വരെയുള്ള യാത്രയില്‍ നിലവിലുള്ള സാഹചര്യത്തില്‍ മൂന്ന് ദിവസം വരെ വേണ്ടിവരുന്ന ട്രിപ്പ് (ഡ്രൈവറുടെ വിശ്രമം, ടോള്‍ പ്ലാസകളിലെ കാത്തിരിപ്പ്, നഗരങ്ങളിലൂടെയുള്ള ഗതാഗതം, ചരക്ക് കയറ്റല്‍-ഇറക്കല്‍ എല്ലാം ഉള്‍പ്പെടെ) 36-48 മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നത് ഒരു സാധ്യതയായി വിലയിരുത്തപ്പെടുന്നു.

പാല്‍, മത്സ്യം, പച്ചക്കറി തുടങ്ങിയ വേഗത്തില്‍ കേടാകാവുന്ന ഉല്‍പന്നങ്ങള്‍ സമയ ബന്ധിതമായി വിപണിയിലെത്തിക്കാന്‍ മെച്ചപ്പെട്ട റോഡ് സൗകര്യം സഹായിക്കും.

നിക്ഷേപം തിരിച്ചെത്തുമോ?

ഭൂമിയേറ്റെടുക്കലിനായി സംസ്ഥാന സര്‍ക്കാര്‍ 5,500 കോടി രൂപയിലധികം ചെലവഴിച്ചതായാണ് കണക്ക്. ഈ നിക്ഷേപത്തിന്റെ സാമ്പത്തിക നേട്ടം വിലയിരുത്തേണ്ടത് റോഡ് നിര്‍മാണം പൂര്‍ത്തിയായോ എന്നതുകൊണ്ട് മാത്രമല്ല, അതിന്റെ ഭാഗമായി എത്ര പുതിയ വ്യവസായങ്ങള്‍ വരുന്നു, എത്ര തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു, എത്ര പുതിയ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കപ്പെടുന്നു, സംസ്ഥാനത്തിന്റെ നികുതി വരുമാനം എത്രത്തോളം വര്‍ധിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലുമാണ്.

ഹൈവേക്ക് സമീപം ലോജിസ്റ്റിക്സ് പാര്‍ക്കുകള്‍, കാര്‍ഷിക-ഭക്ഷ്യ സംസ്‌കരണ കേന്ദ്രങ്ങള്‍, വ്യവസായ ക്ലസ്റ്ററുകള്‍, വെയര്‍ഹൗസുകള്‍ എന്നിവ വികസിപ്പിക്കാന്‍ കഴിഞ്ഞാല്‍ സംസ്ഥാനത്തിന്റെ നിക്ഷേപത്തിന് ദീര്‍ഘകാല നേട്ടമുണ്ടാക്കാം.

നിര്‍മാണത്തിലെ അപാകതകളും അനിശ്ചിതത്വങ്ങളും

ഒരുവശത്ത് നിര്‍മാണം പുരോഗമിക്കുമ്പോഴും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ രൂപപ്പെട്ട നിര്‍മാണ അശാസ്ത്രീയതകളും തകര്‍ച്ചകളും പണി നിശ്ചലമായ അവസ്ഥയും വലിയ ആശങ്കകളാണ് ഉയര്‍ത്തുന്നത്.

മണ്ണിന്റെ ബലക്കുറവും നിര്‍മാണം നിലക്കലും: മണ്ണിന്റെ ബലക്കുറവും ഭൂമിയുടെ പ്രത്യേകതകളും കണക്കിലെടുത്ത് പാലങ്ങളുടെയും ആകാശപ്പാതകളുടെയും നീളം വര്‍ധിപ്പിക്കാന്‍ ദേശീയപാത അതോറിറ്റി തീരുമാനിച്ചതോടെ പലയിടത്തും നിര്‍മാണം നിര്‍ത്തിവെച്ചിരിക്കുകയാണ്. കരാറിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി ഘടനയില്‍ മാറ്റം വന്നതിനാല്‍ പുതിയ കരാര്‍ ഒപ്പിടാതെ പണി തുടരാനാകില്ലെന്ന നിലപാടിലാണ് കമ്പനികള്‍.

നിര്‍മാണ സാമഗ്രികളുടെ ദൗര്‍ലഭ്യം കൂടി ചേരുന്നതോടെ 2028ലും പാത പൂര്‍ത്തിയാകുമോ എന്ന ആശങ്ക ശക്തമാണ്. കൊല്ലം കൊട്ടിയത്തിനും ചാത്തന്നൂരിനും ഇടയില്‍ മൈലക്കാട് ഇറക്കത്തില്‍ നിര്‍മാണം അന്തിമഘട്ടത്തില്‍ എത്തിയപ്പോള്‍ റോഡ് തകര്‍ന്നു പോവുകയും (RS wall തകര്‍ച്ച) സര്‍വീസ് റോഡില്‍ ദിവസങ്ങളോളം വാഹനങ്ങള്‍ കുടുങ്ങുകയും ചെയ്തതുപോലെയുള്ള നിരവധി പ്രതിസന്ധികള്‍ ഉണ്ടായിട്ടുണ്ട്.

സംരക്ഷണഭിത്തി വിള്ളലുകള്‍: ചെങ്ങള-നീലേശ്വരം റീച്ചില്‍ പ്രധാനപാതയിലും സര്‍വീസ് റോഡിലും വിള്ളലുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കരാര്‍കമ്പനിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. അഴിയൂര്‍-വെങ്ങളം റീച്ചിലും കൂരിയാട്-രാമനാട്ടുകര-വളാഞ്ചേരി ഭാഗത്തും ഗുരുതര പിഴവുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് കരാര്‍ കമ്പനിക്കും കണ്‍സള്‍ട്ടന്‍സിക്കും നോട്ടീസ് നല്‍കുകയും എന്‍എച്ച്എഐ പ്രോജക്റ്റ് ഡയറക്റ്ററെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

ഗര്‍ഡര്‍, പാലം തകര്‍ച്ചകള്‍: അരൂര്‍-തുറവൂര്‍ എലിവേറ്റഡ് പാത നിര്‍മാണത്തിനിടെ കൂറ്റന്‍ ഗര്‍ഡറുകള്‍ തകര്‍ന്നുവീണ് യാത്രക്കാരന്‍ മരിച്ച ദാരുണ സംഭവമുണ്ടായി. കൊല്ലം ബൈപാസ് കടമ്പാട്ടുകോണം റീച്ചില്‍ ചെറിയ പാലത്തിന്റെ തട്ട് (സ്‌കഫോള്‍ഡിങ്) തകര്‍ന്നതിനെ തുടര്‍ന്ന് കമ്പനിക്ക് പിഴ ചുമത്തുകയും എന്‍ജിനീയറെ പിരിച്ചുവിടുകയും ചെയ്തിരുന്നു.

പാത ഇടിയല്‍: കാസര്‍കോടും കാഞ്ഞങ്ങാട് മാവുങ്കാലിലും സര്‍വീസ് റോഡ് ഒലിച്ചുപോവുകയും വിള്ളലുകള്‍ വീഴുകയും ചെയ്ത സംഭവവും പാലോളി, മൂരാട് പാലങ്ങളുടെ അപ്രോച്ച് റോഡുകളിലെ വിള്ളലുകള്‍, ചാവക്കാട് തളപ്രയിലെ വിള്ളല്‍, ചെങ്ങള മേല്‍പാതയിലെ വന്‍ ഗര്‍ത്തം, കൊല്ലം നീരാവിലില്‍ അടിപ്പാത താഴ്ന്നുപോയതിനെ തുടര്‍ന്ന് പൊളിച്ചുപണിയേണ്ടി വന്ന സാഹചര്യം എന്നിവയും ഇതിനിടെ ഉണ്ടായി.

ഇത്തരം പ്രശ്നങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങളാണോ, അതോ രൂപകല്‍പന, ഡ്രെയിനേജ്, മണ്ണ് പരിശോധന, നിര്‍മാണ മേല്‍നോട്ടം എന്നിവയിലെ വീഴ്ചകളുമായി ബന്ധപ്പെട്ടതാണോ എന്ന് സാങ്കേതികമായി വിലയിരുത്തേണ്ടതാണ്.

Kerala’s NH-66 six-laning project could reshape logistics, real estate and industrial investment across the state, but construction delays, structural concerns and uncertainty over completion remain major challenges.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```