ചെലവ് കേരളത്തിൽ, നികുതി നേട്ടം മറ്റ് സംസ്ഥാനങ്ങൾക്ക്; ജി.എസ്.ടി പരിഷ്കാരം തിരിച്ചടിയായി; കേരളം എങ്ങനെ മുന്നോട്ടുപോകും?

ഉപഭോക്തൃ സംസ്ഥാനമെന്ന നിലയിൽ ജി.എസ്.ടി നടപ്പിലാക്കുമ്പോൾ വലിയ നേട്ടമുണ്ടാകുമെന്ന മുൻകാല കണക്കുകൂട്ടലുകൾ പൂർണമായും തെറ്റിയെന്നാണ് ധനകാര്യ അവലോകന റിപ്പോർട്ട്
GST expectation mismatch And Kerala Revenue Deficit Analysis
Canva
Published on

സംസ്ഥാനത്തിന്റെ തനത് നികുതി വരുമാന അടിത്തറയിൽ ഗുരുതരവും ഘടനാപരവുമായ ബലഹീനതകൾ നിലനിൽക്കുന്നതായി കേരളത്തിന്റെ സാമ്പത്തിക ആരോ​ഗ്യത്തിന്റെ തൽസ്ഥിതി വെളിവാക്കുന്ന ധവളപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു. ഉപഭോക്തൃ സംസ്ഥാനമെന്ന നിലയിൽ ജി.എസ്.ടി നടപ്പിലാക്കുമ്പോൾ വലിയ നേട്ടമുണ്ടാകുമെന്ന മുൻകാല കണക്കുകൂട്ടലുകൾ പൂർണമായും തെറ്റിയെന്നാണ് ധനകാര്യ അവലോകന റിപ്പോർട്ട് അടിവരയിടുന്നത്. ഇതിനൊപ്പം, നിർബന്ധിത ചെലവുകളുടെ സാമ്പത്തിക ഭാരവും മുൻകാല ബാധ്യതകളും കൂടിയാകുമ്പോൾ പുതിയ സർക്കാരിന്റെ മുന്നോട്ടുള്ള പ്രയാണം അതീവ സങ്കീർണമാകുമെന്നാണ് പൊതുവായ നി​ഗമനം.

ബജറ്റ് കണക്കുകളിലെ പാളിച്ചയും റവന്യൂ ഇടിവും

2016-17 മുതൽ 2025-26 വരെയുള്ള എല്ലാ സാമ്പത്തിക വർഷങ്ങളിലും സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനം ബജറ്റിൽ അമിതമായി കണക്കാക്കുകയായിരുന്നുവെന്ന് ധവളപത്രത്തിൽ ചൂണ്ടിക്കാണിക്കുന്നു. ജി.എസ്.ടി നടപ്പാക്കിയ ആദ്യ വർഷങ്ങളിൽ ബജറ്റ് കണക്കിന്റെ 87 ശതമാനം മാത്രമാണ് നികുതി വരുമാനം നേടാനായത്. സമീപകാലത്ത് ഇത് 90-92 ശതമാനത്തിലേക്ക് നില മെച്ചപ്പെടുത്തി.

അതുപോലെ ജി.എസ്.ഡി.പി (സംസ്ഥാന ജി.ഡി.പി) — റവന്യൂ അനുപാതത്തിലെ ഇടിവും റിപ്പോർട്ടിൽ എടുത്തുകാട്ടിയിട്ടുണ്ട്. 2015-16 കാലയളവിൽ സംസ്ഥാനത്തിന്റെ ആകെ റവന്യൂ വരുമാനം ജി.എസ്.ഡി.പിയുടെ 12.28 ശതമാനമായിരുന്നു. ഇത് 2025-26ലേക്ക് എത്തുമ്പോൾ 10.68 ശതമാനമായി കുറഞ്ഞു. ഇക്കാലയളവിൽ മറ്റ് സംസ്ഥാനങ്ങളുടെ ശരാശരി വരുമാനവുമായി കേരളത്തിനുള്ള അന്തരം 1 ശതമാനത്തിൽ നിന്നും 4 ശതമാനമായി വർധിക്കുകയും ചെയ്തു.

കൂടാതെ, തനത് നികുതി വരുമാനവും ജി.എസ്.ഡി.പിയും തമ്മിലുള്ള വളർച്ചാ നിരക്ക് 0.96 ആണ്. ഇത് ഒന്നിന് താഴെയായതിനാൽ, സമ്പദ്‌‍വ്യവസ്ഥ വളരുന്നതിനേക്കാൾ പതുക്കെയാണ് എല്ലാ വർഷവും നികുതി വരുമാനം ഉയരുന്നത്. ഇത്തരത്തൽ പ്രധാന റവന്യൂ ഇനങ്ങളിലെല്ലാം പ്ലവനക്ഷമത നിരക്ക് (Revenue buoyancy) ഒന്നിനു താഴെയായതാണ്, കേരളത്തിന്റെ വിട്ടുമാറാത്ത റവന്യൂ കമ്മിയുടെ പിന്നിലെ മുഖ്യ കാരണങ്ങളിലൊന്ന്.

വിവിധ മേഖലകളിലെ പ്രകടനവും ഘടനാപരമായ പ്രശ്നങ്ങളും

പ്രമുഖ സംസ്ഥാനങ്ങളുടെ ശരാശരി എസ്.ജി.എസ്.ടി, ജി.എസ്.ഡി.പിയുടെ 3.09 ശതമാനമായിരിക്കുമ്പോൾ കേരളത്തിന്റേത് 2.65 ശതമാനം മാത്രമാണ്. ജി.എസ്.ടി അവതരിപ്പിച്ച സമയത്ത് ഈ അന്തരം 0.21 പെർസെന്റേജ് പോയിന്റായിരുന്നത് ഇപ്പോൾ 0.45 ആയി വർധിച്ചു. അതുപോലെ 2023-26 കാലയളവിൽ മറ്റ് സംസ്ഥാനങ്ങൾ 15.93 ശതമാനം ജി.എസ്.ടി വളർച്ച നേടിയപ്പോൾ, കേരളത്തിന്റെ വളർച്ച 8.63 ശതമാനം മാത്രമാണ്. ഇത് വലിയ സംസ്ഥാനങ്ങളുടെ കൂട്ടത്തിൽ ഏറ്റവും കുറഞ്ഞ നിരക്കാണ്. സമാന സ്വഭാവമുള്ള സംസ്ഥാനങ്ങളുടെ കൂട്ടത്തിൽ ഏറ്റവും പതുക്കെ ജി.എസ്.ടി വളർച്ച നേടുന്ന സംസ്ഥാനമായി കേരളം മാറി. ഈ വിഭാഗത്തിലെ മറ്റെല്ലാ സംസ്ഥാനങ്ങളും കേരളത്തേക്കാൾ വേഗത്തിലാണ് എസ്.ജി.എസ്.ടി വളർച്ച കൈവരിച്ചത്.

മുദ്രപ്പത്രവും രജിസ്ട്രേഷനും: ദേശീയ ശരാശരി ജി.എസ്.ഡി.പിയുടെ 0.95 ശതമാനമായിരിക്കുമ്പോൾ കേരളത്തിൽ ഇത് 0.59% മാത്രമാണ്.

ഭാഗ്യക്കുറി: ലോട്ടറി ടിക്കറ്റ് വിൽപ്പന ഇരട്ടിയായിട്ടും സംസ്ഥാനത്തിന് ലഭിക്കുന്ന അറ്റാദായം ഇടിഞ്ഞു. 2018-19ൽ 1,946 കോടി രൂപയായിരുന്നത് നിലവിൽ 1,200 കോടിക്ക് താഴെയായി തുടരുന്നു. സമ്മാനത്തുകയ്ക്കും കമ്മീഷനുമായി വലിയ തുക ചെലവാകുന്നത് ലോട്ടറി വിപണിയിലെ കാര്യക്ഷമതയില്ലായ്മയെ കാണിക്കുന്നു.

ജി.എസ്.ടിയും ഉപഭോക്തൃ സംസ്ഥാനമെന്ന വൈരുദ്ധ്യവും

ഉത്പന്നത്തിന്റെ/സേവനത്തിന്റെ അന്തിമസ്ഥാനം (ഡെസ്റ്റിനേഷൻ) അധിഷ്ഠിതമാക്കിയുള്ള നികുതി സംവിധാനമായ ജി.എസ്.ടി വഴി കേരളം പോലുള്ള ഉപഭോക്തൃ സംസ്ഥാനങ്ങൾക്ക് വലിയ സാമ്പത്തിക നേട്ടമുണ്ടാകുമെന്ന പ്രതീക്ഷകൾ അസ്ഥാനത്തായെന്ന് ധനകാര്യ അവലോകന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

പ്രവാസികളിൽ നിന്നുള്ള പണമൊഴുക്ക് (Remittance) വഴിയാണ് കേരളത്തിനകത്ത് വലിയ തോതിലുള്ള ഉപഭോഗം നടക്കുന്നത്. എന്നാൽ ഇത്തരത്തിൽ ചെലവഴിക്കുന്ന പണത്തിന്റെ സാമ്പത്തിക ഗുണങ്ങളും യഥാർത്ഥ നികുതി വരുമാനവും നിർമ്മാണ മേഖലകൾ കേന്ദ്രീകരിച്ചിരിക്കുന്ന ഉത്പാദക സംസ്ഥാനങ്ങൾക്കാണ് ലഭിക്കുന്നത്, കേരളത്തിനല്ല. ഇത് നികുതി പിരിവും ഭരണനിർവഹണവും മെച്ചപ്പെടുത്തിയാൽ മാത്രം പരിഹരിക്കാൻ കഴിയുന്ന ഒന്നല്ല, മറിച്ച് കേരളത്തിന്റെ വരുമാന മാതൃകയിലെ മൗലികമായ ഘടനാപരമായ പോരായ്മയാണെന്നും ധവളപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com