നഷ്ടത്തില്‍ ആറാടി പൊതുമേഖലാ സ്ഥാപനങ്ങള്‍; കേരളത്തെ താങ്ങിനിര്‍ത്തുന്ന ബെവ്‌കോയുടെ നഷ്ടം 1600 കോടി

കേരളത്തിന്റെ പ്രധാന വരുമാന സ്രോതസായ ബെവ്‌റേജസ് കോര്‍പറേഷന്റെ കഴിഞ്ഞ വര്‍ഷത്തെ നഷ്ടം 1608.17 കോടി രൂപ. ഏറ്റവും അധികം നഷ്ടമുണ്ടാക്കുന്ന സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ബെവ്‌റേജസ് കോര്‍പറേഷന്റെ സ്ഥാനം. തൊട്ട് മുന്‍വര്‍ഷം 180 കോടി രൂപ ലാഭത്തില്‍ ആയിരുന്ന സ്ഥാപനമാണ് ഇക്കുറി നഷ്ടത്തിലേക്ക് കൂപ്പുകുത്തിയത്.

കൊവിഡിനെ തുടര്‍ന്ന് ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിക്കാതിരുന്നതാണ് നഷ്ടത്തിലേക്ക് നയിച്ചത്. ആകെ വിറ്റുവരവ് 4134.93 കോടിയില്‍ നിന്ന് 2527.69 കോടിയായി ആണ് ഇടിഞ്ഞത്. നഷ്ടക്കണക്കില്‍ ഒന്നാമത് കെഎസ്ആര്‍ടിസി തന്നെയാണ്. 1976.03 കോടി രൂപയാണ് കെഎസ് ആര്‍ടിസിയുടെ നഷ്ടം. 1822.35 കോടി രൂപ നഷ്ടവുമായി കെഎസ്ഇബി ആണ് രണ്ടാമത്. കേരള വാട്ടര്‍ അതോറിറ്റി (594.11 കോടി) കെടിഡിഎഫ്‌സി (63.30 കോടി) എന്നിവയാണ് നഷ്ടക്കണക്കില്‍ നാലും അഞ്ചും സ്ഥാനങ്ങളില്‍.
ഒരു വര്‍ഷം കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉണ്ടാക്കുന്ന നഷ്ടം ആറായിരം കോടിക്ക് മേലെ ആണ്. ബഡ്ജറ്ററി സപ്പോര്‍ട്ട് ആയി ഏഴായിരം കോടിക്ക് മേലെ കൊടുക്കുന്നുമുണ്ട്. അതില്ലായിരുന്നെങ്കില്‍ മൊത്തം നഷ്ടം പതിമൂവായിരം കോടിക്ക് മേലെ ആയേനെയെന്ന് സിഗ്നിഫൈ സിഡിഐഒ ആയ ടോണി തോമസ് പറയുന്നു. അതായത് ഓരോ ദിവസവും പതിനേഴു കോടിയോളം നഷ്ടം.
കെഎസ്ആര്‍ടിസിയും കെടിഡിഎഫ്‌സിയും കൂടി ദിവസവും ആറു കോടി അടിപ്പിച്ചു നഷ്ടം ഉണ്ടാക്കുന്നുണ്ട്. അതിനു പുറമെ ബഡ്ജറ്റില്‍ ആയിരം കോടി രൂപാ കൂടി കെഎസ്ആര്‍ടിസിക്ക് ദൂര്‍ത്തടിക്കാന്‍ കൊടുക്കുന്നുണ്ടെന്നും ടോണി തോമസ് ചൂണ്ടിക്കാട്ടുന്നു. ഇതൊന്നും പോരാഞ്ഞിട്ടാണ് നാനൂറു കോടിക്ക് മേല്‍ ബാധ്യതയുള്ള ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് കേരളാ സര്‍ക്കാര്‍ ഏറ്റെടുത്തത്. ഇപ്പോള്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സിനോടാണ് പുതിയ പ്രേമം, അതിനുള്ള കാശും കടം മേടിച്ചുണ്ടാക്കണമെന്നും ടോണി തോമസ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
തുച്ഛ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍
കെഎസ്ആര്‍ടിസി 1976.03 കോടി നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തില്‍ 150 കോടിക്കുമേല്‍ ലാഭമുള്ള ഒരു പൊതുമേഖലാ സ്ഥാപനം പോലും ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം. 63 പൊതുമേഖലാ സ്ഥാപനങ്ങള്‍ ചേര്‍ന്ന് 6,569.25 കോടി രൂപ നഷ്ടമാണ് കഴിഞ്ഞ വര്‍ഷം ഉണ്ടാക്കിയത്. മുന്‍വര്‍ഷം ഇത് 1738.25 കോടി രൂപ ആയിരുന്നു. അതേ സമയം ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന 50 സ്ഥാപനങ്ങള്‍ ചേര്‍ന്ന് നേടിയ ലാഭം വെറും 513.79 കോടി രൂപ മാത്രമാണ്. ലാഭത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 369.21 കോടിയുടെ കുറവാണ് ഉണ്ടായത്‌
ലാഭക്കണക്കില്‍ ഒന്നാം സ്ഥാനത്ത് കെഎസ്എഫ്ഇ ആണ്. 146.41 കോടിയാണ് കെഎസ്എഫ്ഇയുടെ ലാഭം. 100 കോടിക്ക് മുകളില്‍ ലാഭമുള്ള ഏക സ്ഥാപനവും കെഎസ്എഫ്ഇ ആണ്. 58.28 കോടി ലാഭവുമായി കേരള മിനറല്‍സ് & മെറ്റല്‍സ് ആണ് രണ്ടാമത്. കേരള ഫീഡ്‌സ് (36.07 കോടി), കെഎസ്‌ഐഡിസി( 26.62 കോടി), കേരള സ്‌റ്റേറ്റ് ബാക്ക്‌വേര്‍ഡ് ക്ലാസ് ഡെവലപ്പ്‌മെന്റ് കോര്‍പറേഷന്‍ ( 23.60 കോടി) എന്നിവയാണ് ആദ്യ അഞ്ചിലുള്ള മറ്റ് സ്ഥാപനങ്ങള്‍.




Related Articles
Next Story
Videos
Share it