Begin typing your search above and press return to search.
ദേ പിന്നേം കേരളം കടമെടുക്കുന്നു, ഇക്കുറി ₹1,100 കോടി; കഴിഞ്ഞദിവസം എടുത്തത് ₹2,000 കോടി
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സംസ്ഥാന സര്‍ക്കാര്‍ വീണ്ടും കടമെടുക്കാനൊരുങ്ങുന്നു. ക്രിസ്മസ്-പുതുവത്സര കാലത്തോട് അനുബന്ധിച്ചുള്ള ചെലവുകള്‍, വികസന പദ്ധതികള്‍ക്ക് പണം കണ്ടെത്തല്‍, ക്ഷേമ പെന്‍ഷന്‍ വിതരണം തുടങ്ങിയവ ലക്ഷ്യമിട്ടാണ് വീണ്ടും കടമെടുക്കുന്നത്.
കടപ്പത്രങ്ങളിറക്കി 1,100 കോടി രൂപ കടമെടുക്കാനാണ് പുതിയ തീരുമാനം. ഈ മാസം 26ന് കടപ്പത്രങ്ങളുടെ ലേലം നടക്കും. ഡിസംബര്‍ 19ന് 2,000 കോടി രൂപ കടമെടുത്തതിന് പുറമേയാണ് വീണ്ടും കടമെടുക്കാനുള്ള നീക്കം.
കടങ്ങള്‍ വാരിക്കൂട്ടി കേരളം
കിഫ്ബിയും പെന്‍ഷന്‍ ഫണ്ടും എടുത്ത വായ്പയില്‍ നിന്ന് 3,140.7 കോടി രൂപ സംസ്ഥാന സര്‍ക്കാരിന്റെ കടമായി കരുതുന്നത് തത്കാലികമായി ഒരു വര്‍ഷത്തേക്ക് നീട്ടിവയ്ക്കുകയാണെന്ന് കഴിഞ്ഞദിവസം കേന്ദ്രസര്‍ക്കാര്‍ അറിയിച്ചതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും കടമെടുപ്പ് ഉഷാറാക്കിയത്. അതായത്, നടപ്പുവര്‍ഷം 3,140.7 കോടി രൂപ കൂടി കടമെടുക്കാന്‍ കേരളത്തിന് കഴിയും.
നടപ്പുവര്‍ഷം (2023-24) ആകെ 36,940 കോടി രൂപ കടമെടുക്കാനാണ് കേരളത്തിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയുള്ളത്. കിഫ്ബിയും പെന്‍ഷന്‍ ഫണ്ടും എടുത്ത കടവും ഈ പരിധിയില്‍ കേന്ദ്രം ഉള്‍പ്പെടുത്തിയതിനാല്‍ ആകെ കടമെടുക്കാനാവുക 26,931 കോടി രൂപയാണ്.
ഇതില്‍ ഏപ്രില്‍-ഡിസംബര്‍ കാലയളവിലേക്കായി അനുവദിച്ച 21,800 കോടി രൂപ നേരത്തെ തന്നെ എടുത്തിരുന്നു. ജനുവരി-മാര്‍ച്ചിലേക്കായി എടുക്കാവുന്ന 5,131 കോടി രൂപയില്‍ 2,000 കോടി രൂപ കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെ മുന്‍കൂറായി ഈമാസം ആദ്യവാരം എടുത്തു. ഈയിനത്തില്‍ ബാക്കിയുണ്ടായിരുന്നത് 3,131 കോടി രൂപയാണ്. ഇതിലേക്കാണ് ഇപ്പോള്‍ 3,140.7 കോടി രൂപ കൂടി എടുക്കാന്‍ കേന്ദ്രം അനുവദിച്ചത്. ഇതില്‍ നിന്നാണ് 19ന് 2,000 കോടി രൂപ വായ്പ എടുത്തതും ഇപ്പോള്‍ 1,100 കോടി രൂപ എടുക്കാന്‍ ശ്രമിക്കുന്നതും.
ജനുവരി-മാര്‍ച്ചില്‍ ബുദ്ധിമുട്ടും
ജനുവരി-മാര്‍ച്ച് കാലയളവിലെ ചെലവുകള്‍ക്കായി ഫലത്തില്‍ ഇനി കേരളത്തിന് കടമെടുക്കാന്‍ ശേഷിക്കുന്നത് 3,000 കോടിയോളം രൂപ മാത്രം. ഈ മാസങ്ങളിലെ ചെലവുകള്‍ക്കായി 30,000 കോടി രൂപയെങ്കിലും വേണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തല്‍.
കൂടുതല്‍ കടമെടുക്കാന്‍ കേരളത്തിന് മാത്രമായി പ്രത്യേക പരിഗണന നല്‍കില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. അതായത്, ജനുവരി-മാര്‍ച്ചിലെ ദൈനംദിന ചെലവുകള്‍ക്ക് പണം കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ കടുത്ത പ്രതിസന്ധി നേരിടുമെന്നാണ് സ്ഥിതിഗതികള്‍ വ്യക്തമാക്കുന്നത്.
Next Story
Videos