
നടപ്പ് സാമ്പത്തിക വര്‍ഷത്തെ (2024-25) ആദ്യ കടമെടുപ്പിന് കേരളം ഒരുങ്ങുന്നു. ഈ വര്‍ഷം ആകെ 37,512 കോടി രൂപ കടമെടുക്കാന്‍ കേരളത്തിന് അവകാശമുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതില്‍ ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ എത്ര രൂപ കടമെടുക്കാം എന്ന് വ്യക്തമാക്കേണ്ടതാണെങ്കിലും ഇക്കാര്യത്തില്‍ കേന്ദ്രം മൗനത്തിലാണ്.
ഈ സാഹചര്യത്തില്‍ അടിയന്തരമായി 5,000 കോടി രൂപ കടമെടുക്കാന്‍ ഇടക്കാല അനുമതി നല്‍കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 3,000 കോടി രൂപ മാത്രമാണ് കേന്ദ്രം അനുവദിച്ചത്. ഈ തുകയില്‍ നിന്നാണ് ഇപ്പോള്‍ തത്കാലം 2,000 കോടി രൂപ കടമെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നത്.
ലക്ഷ്യം ബില്ലുകള്‍ പാസാക്കല്‍
സാമ്പത്തികഞെരുക്കത്തെ തുടര്‍ന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2023-24) മാറ്റിവച്ച ബില്ലുകള്‍ പാസാക്കാനാകും പ്രധാനമായും ഇപ്പോള്‍ കടമെടുക്കുന്ന തുക പ്രയോജനപ്പെടുത്തുക. തദ്ദേശസ്ഥാപനങ്ങളും വിവിധ വകുപ്പുകളും മാറ്റിവച്ച ബില്ലുകളാണിവ. നിശ്ചിതതുക സര്‍ക്കാര്‍ ജീവനക്കാരുടെ ഡി.എ കുടിശികയുടെ ഒരു ഗഡു വീട്ടാനും വിനിയോഗിച്ചേക്കും.
♦ ഏറ്റവും പുതിയ ധനംഓൺലൈൻ വാര്‍ത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ അംഗമാകൂ: വാട്‌സ്ആപ്പ്, ടെലഗ്രാം
ഈമാസം 28നാകും കേരളം കടമെടുക്കുക. ഇതിനായുള്ള കടപ്പത്രങ്ങള്‍ അന്ന് റിസര്‍വ് ബാങ്കിന്റെ ഇ-കുബേര്‍ പോര്‍ട്ടലില്‍ ലഭ്യമാക്കിയേക്കും.
വെട്ടിനിരത്തില്‍ തുടരുമോ കേന്ദ്രം?
നടപ്പുവര്‍ഷവും കേരളത്തിന്റെ കടമെടുപ്പ് പരിധിയില്‍ കേന്ദ്രം വെട്ടിനിരത്തല്‍ നടത്തിയേക്കുമെന്ന് സൂചനകളുണ്ട്. 37,512 കോടി രൂപ കടമെടുക്കാന്‍ ഈവര്‍ഷം കേരളത്തിന് അര്‍ഹതയുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഫലത്തില്‍ തുക കുറഞ്ഞേക്കും. മുന്‍വര്‍ഷങ്ങളില്‍ കിഫ്ബിയും പെന്‍ഷന്‍ ഫണ്ട് ബോര്‍ഡും എടുത്ത കടം സര്‍ക്കാരിന്റെ കടപരിധിയില്‍ നിന്ന് വെട്ടിക്കുറയ്ക്കുകയാകും ചെയ്യുക.
ഇതുവഴി കടപരിധിയില്‍ 12,000 കോടി രൂപയോളം കുറഞ്ഞേക്കുമെന്നാണ് വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ 25,500 കോടി രൂപയോളമേ ഈവര്‍ഷം കേരളത്തിന് കടമെടുക്കാനാകൂ.
Read DhanamOnline in English
Subscribe to Dhanam Magazine