
സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇക്കുറി ഓണക്കാലത്തെ ചെലവ് സംസ്ഥാന സര്‍ക്കാര്‍ കുത്തനെ വെട്ടിക്കുറച്ചേക്കും. ജീവനക്കാര്‍ക്കുള്ള മുന്‍കൂര്‍ ശമ്പളം, ബോണസ്, പെന്‍ഷന്‍, ക്ഷേമപെന്‍ഷന്‍, ഓണക്കിറ്റ് അടക്കം ജനങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍, വില പിടിച്ചുനിറുത്താനുള്ള ഇടപെടലുകള്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കായുള്ള ചെലവ് കുറയ്ക്കാനാണ് നീക്കം.
ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ക്ഷേമപെന്‍ഷന്‍കാര്‍ക്കുമുള്ള ആനുകൂല്യങ്ങള്‍ മുടക്കില്ല. എന്നാല്‍, മറ്റ് ചെലവുകളില്‍ നിയന്ത്രണം വരുത്താനാണ് നീക്കം. സാധാരണ ഓണക്കാലത്ത് സര്‍ക്കാര്‍ ശരാശരി 15,000 കോടി രൂപയോളം ചെലവഴിക്കാറുണ്ട്. ഇക്കുറിയത് 10,000 കോടി രൂപയില്‍ താഴെയായി നിയന്ത്രിച്ചേക്കും.
ആവശ്യപ്പെട്ടത് ₹10,000 കോടി
നടപ്പുവര്‍ഷം ഡിസംബര്‍ വരെ 15,390 കോടി രൂപയുടെ വായ്പ എടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനെ കേന്ദ്രം അനുവദിച്ചിരുന്നു. എന്നാല്‍ 14,500 കോടി രൂപ ഇതിനകം തന്നെ സംസ്ഥാനം വായ്പ എടുത്ത് കഴിഞ്ഞു. ഡിസംബറിനകം ഇനി നിയമപരമായി ആകെ എടുക്കാനാവുക വെറും 890 കോടി രൂപയാണ്.
ഈ പശ്ചാത്തലത്തില്‍ 10,000 കോടി രൂപയുടെ അനൗദ്യോഗിക വായ്പയ്ക്കുള്ള (ad hoc loan) അപേക്ഷ സംസ്ഥാന ധനവകുപ്പ് കേന്ദ്ര ധനമന്ത്രാലയത്തിന് നല്‍കിയിരുന്നു. ഇതിന്മേലുള്ള കേന്ദ്ര തീരുമാനമാണ് വൈകുന്നത്. അധിക വായ്പാ ആവശ്യം അംഗീകരിക്കാന്‍ സാദ്ധ്യത വിരളമാണെന്നും വിലയിരുത്തപ്പെടുന്നു.
ഇനി ശരണം പൊതുമേഖലാ സ്ഥാപനങ്ങളും സഹകരണ ബാങ്കുകളും
കേന്ദ്രത്തില്‍ നിന്ന് വായ്പ കിട്ടില്ലെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിനകത്ത് നിന്ന് തന്നെ വായ്പ കണ്ടെത്താനുള്ള ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാരെന്നാണ് സൂചനകള്‍. സഹകരണ ബാങ്കുകള്‍, സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയെയാകും ആശ്രയിച്ചേക്കുക. അതേസമയം, ഇക്കാര്യത്തില്‍ ഔദ്യോഗികമായി സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല.
Read DhanamOnline in English
Subscribe to Dhanam Magazine