വയോജന പരിചരണത്തില്‍ കേരള മോഡല്‍: അടുത്ത അധ്യയന വര്‍ഷം മുതല്‍ കെയര്‍ഗിവര്‍ കോഴ്സുകള്‍; സില്‍വര്‍ ഇക്കോണമിക്ക് വന്‍ സാധ്യത

ഗ്ലോബല്‍ സിലബസില്‍ 6 മാസ കോഴ്സും ഒരു വര്‍ഷ ഇന്റേണ്‍ഷിപ്പും; വിരമിച്ചവരുടെ സേവനത്തിനായി പ്രത്യേക തൊഴില്‍ പ്ലാറ്റ്‌ഫോം വരുന്നു
വയോജന പരിചരണത്തില്‍ കേരള മോഡല്‍: അടുത്ത അധ്യയന വര്‍ഷം മുതല്‍ കെയര്‍ഗിവര്‍ കോഴ്സുകള്‍; സില്‍വര്‍ ഇക്കോണമിക്ക് വന്‍ സാധ്യത
Published on

വയോജന പരിചരണം ശാസ്ത്രീയവും അന്താരാഷ്ട്ര നിലവാരമുള്ളതുമാക്കാന്‍ ലക്ഷ്യമിട്ട് സംസ്ഥാനത്ത് അടുത്ത അധ്യയന വര്‍ഷം മുതല്‍ കെയര്‍ഗിവര്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ ആരംഭിക്കുന്നു. യുകെ, ജര്‍മ്മനി, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ പാഠ്യപദ്ധതികള്‍ കേരളത്തിന്റെ സാഹചര്യത്തിന് അനുയോജ്യമായ രീതിയില്‍ സംയോജിപ്പിച്ചായിരിക്കും കോഴ്സ് തയ്യാറാക്കുക. 'റീഇമാജിനിംഗ് കേരളം' റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സിലെ 'കേരളം സില്‍വര്‍ ഇക്കോണമി' സെഷനിലാ ണ് മുഖ്യമന്ത്രി വി.ഡി സതീശന്റെ പ്രഖ്യാപനം.

മുതിര്‍ന്ന പൗരന്‍മാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി നിലവില്‍ രോഗീപരിചരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു പുറമേ കൂടുതല്‍ പേര്‍ക്ക് പരിശീലനം നല്‍കുകയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പാലിയേറ്റീവ് കെയര്‍ സംവിധാനം മെച്ചപ്പെടുത്തുകയും ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വയോജന സംരക്ഷണത്തില്‍ ലോകാരോഗ്യ സംഘടന മുന്നോട്ടുവെക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഈ മാതൃക രാജ്യത്തിന് തന്നെ വഴികാട്ടിയാകുമെന്നാണ് വിലയിരുത്തല്‍.

ആര്‍ക്കൊക്കെ കോഴ്സ് നടത്താം?

മതിയായ സൗകര്യങ്ങളുള്ള മെഡിക്കല്‍ കോളേജുകള്‍, നഴ്സിംഗ് കോളേജുകള്‍, സ്വകാര്യ ആശുപത്രികള്‍ എന്നിവയ്ക്കാണ് പരിശീലനം നല്‍കാന്‍ അനുമതി ലഭിക്കുക. 6 മാസത്തെ പഠനവും ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പും അടങ്ങുന്നതാണ് കോഴ്സ്. നിലവില്‍ രോഗീപരിചരണ രംഗത്തുള്ളവര്‍ക്ക് പുറമെ കൂടുതല്‍ പേര്‍ക്ക് പരിശീലനം നല്‍കി തദ്ദേശ സ്ഥാപനങ്ങളിലെ പാലിയേറ്റീവ് കെയര്‍ സംവിധാനം കൂടുതല്‍ ശക്തമാക്കും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് വയോജന പരിചരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഡാറ്റാബേസ് തയ്യാറാക്കുന്ന നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. സര്‍ക്കാര്‍, തദ്ദേശ സ്ഥാപനങ്ങള്‍, മറ്റ് സംഘടനകള്‍ എന്നിവയെ ഏകോപിപ്പിച്ച് ത്രിതല സഹകരണ സംവിധാനവും നടപ്പാക്കും.

സില്‍വര്‍ ഇക്കോണമി: വെല്ലുവിളിയല്ല, സാമ്പത്തിക അവസരം

ജനസംഖ്യയില്‍ മുതിര്‍ന്ന പൗരന്മാരുടെ അനുപാതം വര്‍ധിക്കുന്നത് കേവലം സാമൂഹിക വെല്ലുവിളിയായല്ല, മറിച്ച് വലിയൊരു സാമ്പത്തിക അവസരമായാണ് (Silver Economy) കാണേണ്ടത്. മുതിര്‍ന്ന പൗരന്മാരെ ഉപഭോക്താക്കളായോ ക്ഷേമവിഭാഗമായോ മാത്രം കാണാതെ അവരുടെ പരിചയസമ്പത്തും കഴിവുകളും ഉപയോഗിച്ച് പുതിയ തൊഴില്‍-സംരംഭകത്വ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കും.

ഇതിന്റെ ഭാഗമായി വിരമിച്ച അധ്യാപകര്‍, സാങ്കേതിക വിദഗ്ധര്‍, അക്കൗണ്ടന്റുമാര്‍, മാനേജര്‍മാര്‍ എന്നിവരുടെ അനുഭവസമ്പത്ത് യുവാക്കളുടെ സ്റ്റാര്‍ട്ടപ്പുകളിലും പുതിയ സംരംഭങ്ങളിലും ഉപദേശകരായി പ്രയോജനപ്പെടുത്തും.

'സില്‍വര്‍ ഇക്കോണമി' തൊഴില്‍ പ്ലാറ്റ്‌ഫോം

മുതിര്‍ന്ന പൗരന്മാര്‍ക്കായി പ്രത്യേക 'ടാലന്റ് രജിസ്ട്രി' തയ്യാറാക്കാനും അവരെ ലക്ഷ്യമിട്ട് പ്രത്യേക തൊഴില്‍ പ്ലാറ്റ്‌ഫോം വികസിപ്പിക്കാനും പദ്ധതിയുണ്ട്. വയോജന പരിചരണം, ഗാര്‍ഹിക സഹായം, കണ്‍സള്‍ട്ടന്‍സി, മെന്ററിംഗ്, പാര്‍ട്ട് ടൈം തൊഴിലുകള്‍ എന്നിവ ആഗ്രഹിക്കുന്ന മുതിര്‍ന്ന പൗരന്മാരെയും ഈ സേവനം ആവശ്യപ്പെടുന്നവരെയും ഒരു കുടക്കീഴില്‍ കൊണ്ടുവരികയാണ് ലക്ഷ്യം.

മുതിര്‍ന്ന പൗരന്മാര്‍ക്കായി പ്രത്യേക വകുപ്പ് രൂപീകരിച്ച ആദ്യ സംസ്ഥാനമാണ് കേരളം. വയോജന ക്ഷേമം ഉറപ്പാക്കുന്നതിനായി 'വണ്‍ കേരള കരുതല്‍ മിഷന്‍' പദ്ധതിക്കും സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com