ധാതു നികുതിയില്‍ കൂച്ചുവിലങ്ങോ? കേന്ദ്രം പാര്‍ലമെന്റില്‍ പാസാക്കിയ നിയമത്തിനെതിരെ കേരളം നിയമ പോരാട്ടത്തിന്

ധാതുസമ്പന്ന ഭൂമിയെയും കേന്ദ്രനിയന്ത്രണത്തിലാക്കുന്ന എംഎംഡിആര്‍ ഭേദഗതി ബില്‍ പാര്‍ലമെന്റ് പാസാക്കി; നികുതി വരുമാനവും ധനകാര്യ സ്വയംഭരണവും നഷ്ടപ്പെടുമെന്ന് കേരളം
ധാതു നികുതിയില്‍ കൂച്ചുവിലങ്ങോ? കേന്ദ്രം പാര്‍ലമെന്റില്‍ പാസാക്കിയ നിയമത്തിനെതിരെ കേരളം നിയമ പോരാട്ടത്തിന്
ChatGPT image
Published on

ധാതു അവകാശങ്ങളിലും ധാതുസമ്പന്ന ഭൂമിയിലും നികുതിയും സെസും ചുമത്താനുള്ള സംസ്ഥാനങ്ങളുടെ അധികാരം പരിമിതപ്പെടുത്തുന്ന കേന്ദ്രസര്‍ക്കാരിന്റെ നിയമഭേദഗതിക്കെതിരെ രാഷ്ട്രീയമായും നിയമപരമായും പോരാടുമെന്ന് കേരളം. സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ നികുതി അധികാരത്തെയും ധനകാര്യ സ്വയംഭരണത്തെയും ദുര്‍ബലപ്പെടുത്തുന്ന നടപടിയാണ് ഖനി-ധാതു വികസന-നിയന്ത്രണ നിയമഭേദഗതി ബില്‍-2026 എന്നാണ് സംസ്ഥാനത്തിന്റെ നിലപാട്.

ഓഗസ്റ്റ് 10-ന് ലോക്സഭയില്‍ അവതരിപ്പിച്ച ബില്‍ 12-ന് ലോക്സഭയും 13-ന് രാജ്യസഭയും പാസാക്കി. നിയമം പ്രാബല്യത്തില്‍ വരുന്ന തീയതി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തിലൂടെ പ്രഖ്യാപിക്കും.

1957-ലെ എംഎംഡിആര്‍ നിയമത്തില്‍ പുതിയ വകുപ്പ് 9ഡി ഉള്‍പ്പെടുത്തിയാണ് സംസ്ഥാനങ്ങളുടെ നികുതി അധികാരത്തിന് നിയന്ത്രണം കൊണ്ടുവരുന്നത്. ധാതു അവകാശങ്ങളിലോ ധാതുസമ്പന്ന ഭൂമിയിലോ ധാതുവിന്റെ അളവ്, മൂല്യം, നല്‍കേണ്ട റോയല്‍റ്റി തുടങ്ങിയവ അടിസ്ഥാനമാക്കി നികുതി, സെസ് അല്ലെങ്കില്‍ മറ്റേതെങ്കിലും ലെവി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് ഇനി സ്വതന്ത്രമായി കഴിയില്ല. കേന്ദ്രസര്‍ക്കാര്‍ ചട്ടങ്ങളിലൂടെ നിശ്ചയിക്കുന്ന നിബന്ധനകള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമായി മാത്രമേ ഇത്തരം പിരിവുകള്‍ സാധ്യമാകൂ.

'ധാതുസമ്പന്ന ഭൂമി' എന്ന പുതിയ നിര്‍വചനവും ബില്‍ കൊണ്ടുവരുന്നു. കേന്ദ്രം നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ധാതുസാന്നിധ്യമുള്ള ഭൂമിയെ ഈ വിഭാഗത്തില്‍പ്പെടുത്താം. നിലവില്‍ ഖനികളുടെയും ധാതുവികസനത്തിന്റെയും നിയന്ത്രണമാണ് പ്രധാനമായും കേന്ദ്രത്തിനുള്ളത്. ഭേദഗതിയോടെ ധാതുസമ്പന്ന ഭൂമിയുടെ നിയന്ത്രണവും കേന്ദ്രത്തിന്റെ പരിധിയിലാകും.

നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് സംസ്ഥാനങ്ങള്‍ ചുമത്തിയെങ്കിലും ഇതുവരെ പിരിച്ചെടുക്കാത്ത നികുതി, സെസ്, മറ്റു കുടിശികകള്‍ എന്നിവ അസാധുവാക്കുന്നതാണ് മറ്റൊരു നിര്‍ണായക വ്യവസ്ഥ. എന്നാല്‍ ഇതിനകം പിരിച്ചെടുത്ത തുക സംസ്ഥാനങ്ങള്‍ തിരികെ നല്‍കേണ്ടതില്ല. ഇതോടെ ഖനന കമ്പനികളില്‍നിന്ന് സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട പഴയ കുടിശ്ശികയുടെ വലിയൊരു ഭാഗം നഷ്ടമാകാനിടയുണ്ട്.

എന്തുകൊണ്ട് കേരളം എതിര്‍ക്കുന്നു?

ധാതുക്കളും അവ ഉള്‍ക്കൊള്ളുന്ന ഭൂമിയും സംസ്ഥാനത്തിന്റെ പ്രകൃതിവിഭവങ്ങളാണെന്നും അവയുടെ ഉപയോഗത്തില്‍നിന്നുള്ള വരുമാനം ഉറപ്പാക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ അവകാശമാണെന്നുമാണ് കേരളത്തിന്റെ വാദം. കേന്ദ്രഭേദഗതി നടപ്പായാല്‍ ക്വാറികള്‍, ഖനനമേഖലകള്‍, ധാതുസമ്പന്ന ഭൂമി എന്നിവയില്‍നിന്ന് നികുതിയും സെസും നിശ്ചയിക്കാനുള്ള സംസ്ഥാനത്തിന്റെ സ്വാതന്ത്ര്യം ഇല്ലാതാകും.

വരുമാനനഷ്ടം: നിലവിലുള്ളതും ഭാവിയില്‍ ചുമത്താവുന്നതുമായ ധാതുനികുതികളും കുടിശ്ശികയും നഷ്ടപ്പെടാം. സാമ്പത്തിക ഞെരുക്കം നേരിടുന്ന സംസ്ഥാനത്തിന് സ്വന്തം നികുതി സ്രോതസ്സുകളില്‍ നിയന്ത്രണം നഷ്ടപ്പെടുന്നത് അധിക ബാധ്യതയാകും.

ഫെഡറല്‍ അധികാരത്തിലെ കടന്നുകയറ്റം: ഭരണഘടനയുടെ സംസ്ഥാന പട്ടികയിലെ എന്‍ട്രി 49 പ്രകാരം ഭൂമിക്ക് നികുതി ചുമത്താനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കാണ്. എന്‍ട്രി 50 ധാതു അവകാശങ്ങള്‍ക്ക് നികുതി ചുമത്താനും സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കുന്നു-ധാതുവികസനവുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി നിയമത്തിന്റെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായിട്ടാണെങ്കിലും. ധാതുസമ്പന്ന 'ഭൂമി'യെയും കേന്ദ്രനിയന്ത്രണത്തിലാക്കുന്നത് സംസ്ഥാന വിഷയത്തിലേക്കുള്ള കടന്നുകയറ്റമാണെന്നാണ് വിമര്‍ശനം.

പ്രാദേശിക ചെലവുകള്‍ക്ക് പരിഹാരമില്ല: ഖനനത്തിന്റെ പാരിസ്ഥിതികവും സാമൂഹികവുമായ ആഘാതങ്ങള്‍-റോഡുകളുടെ നാശം, ജലസ്രോതസ്സുകളിലെ സമ്മര്‍ദം, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യത, പൊടിയും മലിനീകരണവും-നേരിടേണ്ടത് സംസ്ഥാനവും തദ്ദേശസ്ഥാപനങ്ങളുമാണ്. എന്നാല്‍ അതിനാവശ്യമായ നികുതി വരുമാനം നിശ്ചയിക്കാനുള്ള അധികാരം കേന്ദ്രം നിയന്ത്രിക്കുന്നത് നീതിയുക്തമല്ലെന്നാണ് കേരളത്തിന്റെ വാദം.

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലം

2024 ജൂലൈയില്‍ ഒമ്പതംഗ സുപ്രീംകോടതി ബെഞ്ച് റോയല്‍റ്റി ഒരു നികുതിയല്ലെന്നും ധാതു അവകാശങ്ങള്‍ക്ക് പ്രത്യേക നികുതി ചുമത്താന്‍ സംസ്ഥാന നിയമസഭകള്‍ക്ക് അധികാരമുണ്ടെന്നും വിധിച്ചിരുന്നു. ധാതുസമ്പന്ന ഭൂമി ഭരണഘടനയിലെ 'ഭൂമി' എന്ന നിര്‍വചനത്തില്‍ വരുന്നതിനാല്‍ അതിനും സംസ്ഥാനങ്ങള്‍ക്ക് നികുതി ചുമത്താമെന്ന് കോടതി വ്യക്തമാക്കി.

2005 ഏപ്രില്‍ ഒന്നുമുതലുള്ള കുടിശ്ശിക ഘട്ടംഘട്ടമായി ഈടാക്കാനും പിന്നീട് കോടതി അനുമതി നല്‍കി. പുതിയ ബില്‍, ഇതുവരെ പിരിച്ചെടുക്കാത്ത പഴയ നികുതി ആവശ്യങ്ങള്‍ അസാധുവാക്കുന്നതിലൂടെ ആ വിധിയുടെ സാമ്പത്തിക പ്രയോജനം സംസ്ഥാനങ്ങള്‍ക്ക് നിഷേധിക്കുന്നുവെന്നാണ് വിമര്‍ശനം.

ബില്ലിനെതിരായ പ്രധാന വിമര്‍ശനങ്ങള്‍

ധാതു അവകാശങ്ങളിലെ നികുതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ പാര്‍ലമെന്റിന് കഴിയുമെങ്കിലും ഭൂമിക്കുള്ള സംസ്ഥാന നികുതി അധികാരം നിയന്ത്രിക്കാന്‍ കഴിയില്ലെന്ന് 2024-ലെ സുപ്രീംകോടതി വിധി വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ ധാതുസമ്പന്ന ഭൂമിയെ കേന്ദ്രത്തിന്റെ നിയന്ത്രണത്തിലാക്കുന്ന വ്യവസ്ഥ ഭരണഘടനാപരമായ പരിശോധനയില്‍ നിലനില്‍ക്കുമോയെന്ന സംശയമുണ്ട്.

പിരിച്ചെടുത്ത നികുതി തിരികെ നല്‍കേണ്ടെന്നും പിരിച്ചെടുക്കാത്ത കുടിശ്ശിക അസാധുവാകുമെന്നും പറയുന്നതും വിവേചനപരമാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. സമയത്ത് നികുതി അടച്ച കമ്പനിക്ക് പണം തിരികെ ലഭിക്കില്ല; അടയ്ക്കാതെ കുടിശ്ശിക വരുത്തിയ കമ്പനിക്ക് ബാധ്യതയില്‍നിന്ന് മോചനം ലഭിക്കും. ഇത് ഭരണഘടനയുടെ അനുച്ഛേദം 14 ഉറപ്പാക്കുന്ന തുല്യതാ തത്വത്തിന് വിരുദ്ധമാകാമെന്ന് വിലയിരുത്തലുണ്ട്.

സംസ്ഥാനങ്ങള്‍ക്ക് നികുതി ചുമത്താവുന്ന പരിധിയോ നിരക്കോ ബില്‍ തന്നെ നിശ്ചയിക്കുന്നില്ല. പകരം നിയന്ത്രണങ്ങള്‍ പിന്നീട് കേന്ദ്രസര്‍ക്കാര്‍ ചട്ടങ്ങളിലൂടെ തീരുമാനിക്കും. വ്യക്തമായ നിയമനയമോ മാര്‍ഗനിര്‍ദേശമോ ഇല്ലാതെ കേന്ദ്ര എക്‌സിക്യൂട്ടീവിന് വിപുലമായ അധികാരം കൈമാറുന്നത് അമിതമായ അധികാരപ്രത്യായോജനമാണെന്ന വിമര്‍ശനവുമുണ്ട്.

കേന്ദ്രത്തിന്റെ വിശദീകരണം

സംസ്ഥാനങ്ങള്‍ വ്യത്യസ്ത നിരക്കുകളില്‍ പലതരം നികുതികളും സെസുകളും ചുമത്തുന്നതും ഖനനം ആരംഭിച്ചശേഷം പുതിയ ലെവികള്‍ കൊണ്ടുവരുന്നതും വ്യവസായത്തില്‍ അനിശ്ചിതത്വം സൃഷ്ടിക്കുന്നുവെന്നാണ് കേന്ദ്രത്തിന്റെ വാദം. അമിതവും മുന്‍കാലപ്രാബല്യമുള്ളതുമായ നികുതികള്‍ ഖനനച്ചെലവ് വര്‍ധിപ്പിക്കുകയും നിക്ഷേപം നിരുത്സാഹപ്പെടുത്തുകയും ചില ഖനികളെ സാമ്പത്തികമായി അപ്രായോഗികമാക്കുകയും ചെയ്യുന്നുവെന്നും കേന്ദ്രം പറയുന്നു.

രാജ്യമാകെ ഏകീകൃതവും പ്രവചനക്ഷമവുമായ നികുതിഘടന സൃഷ്ടിച്ച് ആഭ്യന്തര ധാതു ഉല്‍പ്പാദനവും നിര്‍ണായക ധാതുക്കളിലെ നിക്ഷേപവും വര്‍ധിപ്പിക്കുകയാണ് ഭേദഗതിയുടെ ലക്ഷ്യമെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. എന്നാല്‍ വ്യവസായത്തിന് നികുതി സ്ഥിരത നല്‍കുന്നതിന്റെ പേരില്‍ സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അധികാരം കേന്ദ്രത്തിലേക്ക് മാറ്റാനാകില്ലെന്ന നിലപാടിലാണ് കേരളം.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com