പ്രളയവും നിപയും തളർത്തിയില്ല, കരുത്തോടെ കേരള ടൂറിസം

പ്രളയവും നിപയും തളർത്തിയില്ല, കരുത്തോടെ കേരള ടൂറിസം
Published on

നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയവും നിപാ വൈറസ് ഭീതിയും സഞ്ചാരികളെ കേരളത്തിൽ നിന്ന് അകറ്റിയില്ല എന്ന് വേണം കരുതാൻ. വരുമാനത്തിലും വിനോദസഞ്ചാരികളുടെ എണ്ണത്തിലും ഗണ്യമായ വർധനയാണ് സംസ്ഥാനം രേഖപ്പെടുത്തിയത്.

കഴിഞ്ഞ വർഷം 8764.46 കോടി രൂപയുടെ വിദേശനാണ്യം ഉൾപ്പെടെ 36,528 കോടി രൂപയാണ് കേരളം വിനോദസഞ്ചാരത്തിലൂടെ നേടിയത്. 2017നെ അപേക്ഷിച്ച് 2874 കോടി രൂപ അധികം.

കഴിഞ്ഞ വർഷം 10.96 ലക്ഷം വിദേശികളുൾപ്പെടെ 167 ലക്ഷം സഞ്ചാരികൾ കേരളത്തിലെത്തി. 2017ൽ 157.65 ലക്ഷം പേരാണ് എത്തിയത്. വളർച്ച 5.93 ശതമാനം.

ഇംഗ്ലണ്ടിൽ നിന്നാണ് ഏറ്റവും കൂടുതൽ സഞ്ചാരികളെത്തിയത്, രണ്ടു ലക്ഷത്തിലേറെ പേര്‍. ഇതാദ്യമായാണ് ഒരു വിദേശരാജ്യത്തുനിന്ന് ഇത്രയധികം സഞ്ചാരികള്‍ കേരളത്തിലെത്തുന്നത്. രണ്ടാം സ്ഥാനം യുഎസിനാണ്. ഫ്രാൻസ്, ജർമനി, സൗദി അറേബ്യ എന്നീ രാജ്യങ്ങളും തൊട്ടു പിന്നിലുണ്ട്.

2018 ജനുവരി മുതൽ മാർച്ച് വരെയുള്ള ആദ്യ പാദത്തിൽ കേരളത്തിലേക്കുള്ള വിദേശ സഞ്ചാരികളുടെ വരവിൽ 12.3 ശതമാനവും ആഭ്യന്തര സഞ്ചാരികളുടെ വരവിൽ 20 ശതമാനവും വളർച്ച രേഖപ്പെടുത്തി. എന്നാൽ മേയ് മാസത്തിലെ നിപ പകർച്ചവ്യാധിയും ഓഗസ്റ്റിലെ പ്രളയവും വിനോദസഞ്ചാരികളുടെ വരവിനെ പ്രതികൂലമായി ബാധിച്ചു.

എന്നാല്‍ മെയ് മാസത്തിലെ നിപ പകര്‍ച്ചവ്യാധിയും ഓഗസ്റ്റിലെ പ്രളയവും വിനോദസഞ്ചാരികളുടെ വരവില്‍ കുറവാണ് രേഖപ്പെടുത്തിയത്. പ്രളയത്തേയും പ്രതികൂല സാഹചര്യങ്ങളേയും അതിജീവിച്ച കേരളത്തിലേക്ക് കഴിഞ്ഞ വര്‍ഷം ഇന്ത്യക്കകത്തും പുറത്തും നിന്ന് സംസ്ഥാന ജനസംഖ്യയുടെ പകുതിയിലേറെപ്പേര്‍ സഞ്ചാരികളായെത്തിയെന്നത് ശ്രദ്ധേയമാണെന്ന് സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

വൈവിധ്യവല്‍ക്കരണത്തിലൂന്നിയ പെപ്പര്‍ പോലുള്ള ജനകീയ പദ്ധതികളിലൂടെ വിനോദ സഞ്ചാര മേഖലയില്‍ ഇനിയും നേട്ടം കൊയ്യാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാന ടൂറിസം വകുപ്പിന്‍റേയും വ്യവസായത്തിന്‍റേയും മറ്റു സര്‍ക്കാര്‍ വകുപ്പുകളുടേയും കഠിനാധ്വാനത്തിലൂടെയാണ് വരുമാന വർധനവ് നേടാനായത്. സമൂഹ മാധ്യമങ്ങളുള്‍പ്പെടെ ഉപയോഗിച്ച് വിപുലമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് ഈ വളര്‍ച്ചയ്ക്ക് ഏറെ സഹായകരമായതായും ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് ഐഎഎസ് ചൂണ്ടിക്കാട്ടി.

വിനോദസഞ്ചാരമേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ ആവിഷ്കരിച്ചരിക്കുന്നതുകൊണ്ട് ഇതിലേറെ വിനോദസഞ്ചാരികള്‍ ഇക്കൊല്ലം കേരളത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ടൂറിസം ഡയറക്ടര്‍ പി.ബാലകിരണ്‍ ഐഎഎസ് പറഞ്ഞു. എണ്ണത്തേക്കാളേറെ ഗുണത്തിനു മുന്‍തൂക്കം നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇനിയും ഊന്നല്‍ നല്‍കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com