അമേരിക്കയില്‍ കേരള ടൂറിസത്തിന്റെ ആദ്യത്തെ റോഡ് ഷോ
യുഎസില്‍ നിന്നും വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് കേരള ടൂറിസം അമേരിക്കയില്‍ റോഡ് ഷോ നടത്തി. ന്യൂയോര്‍ക്ക്, ലോസ് ഏഞ്ചല്‍സ്, സാന്‍ഫ്രാന്‍സിസ്‌കോ എന്നിവിടങ്ങളിലാണ് റോഡ് ഷോ നടത്തിയത്. ഇത് കൂടാതെ മൂന്ന് നഗരങ്ങളിലും 'ഗോ കേരള' മത്സരവും നടത്തി. അമേരിക്കയില്‍ നിന്ന് കേരളത്തിലേക്കുള്ള വിദേശ സഞ്ചാരികളുടെ എണ്ണം ഗണ്യമായി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
വിനോദസഞ്ചാര മേഖല
കേരള ടൂറിസത്തിന്റെ പുതിയ വിനോദസഞ്ചാര ഓഫറുകള്‍, അന്താരാഷ്ട്ര നിലവാരത്തിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍, ഉത്തരവാദിത്ത ടൂറിസം പദ്ധതികള്‍ എന്നിവ പരിപാടിയില്‍ അവതരിപ്പിച്ചു. കേരള ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എസ്. ശ്രീനിവാസാണ് സംഘത്തിന് നേതൃത്വം നല്‍കിയത്. എല്ലാത്തരം സഞ്ചാരികളെയും ആകര്‍ഷിക്കുന്ന വിനോദസഞ്ചാര ഉല്‍പന്നങ്ങളുടെയും പരിപാടികളുടെയും ശ്രേണി വിപുലീകരിക്കാന്‍ തീവ്രമായ ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന് കെ.എസ്. ശ്രീനിവാസ് പറഞ്ഞു.
അമേരിക്കയില്‍ ആദ്യം
ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയില്‍ നിന്നുള്ള സന്ദര്‍ശകരുടെ വരവ് വര്‍ധിക്കുന്നത് സംസ്ഥാന ടൂറിസത്തിന്റെ വളര്‍ച്ചയ്ക്ക് നിര്‍ണായക ഘടകമാകുമെന്ന് ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ പറഞ്ഞു. യുണൈറ്റഡ് കിംഗ്ഡം, ഫ്രാന്‍സ്, ജര്‍മ്മനി എന്നിവയ്ക്ക് ശേഷം കേരള ടൂറിസത്തിന്റെ നാലാമത്തെ പ്രധാന വിപണിയാണ് അമേരിക്ക. ഇതാദ്യമായാണ് കേരള ടൂറിസം അമേരിക്കയില്‍ റോഡ് ഷോ സംഘടിപ്പിക്കുന്നത്.
അവധിക്കാല പാക്കേജ്
ന്യൂയോര്‍ക്ക് റോഡ് ഷോയില്‍ ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് കോണ്‍സല്‍ ജനറല്‍ രണ്‍ധീര്‍ ജയ്സ്വാള്‍ മുഖ്യാതിഥിയായിരുന്നു. ഇതില്‍ വിദേശകാര്യ സഹമന്ത്രി ശ്രീമതി പ്രണീത് കൗര്‍ പങ്കെടുത്തു. റോഡ് ഷോയുടെ ഓരോ വേദിയിലും നടത്തിയ ഭാഗ്യ നറുക്കെടുപ്പിലെ വിജയികള്‍ക്ക് എയര്‍ ഇന്ത്യ സൗജന്യ ഇക്കണോമി ക്ലാസ് റൗണ്ട് ട്രിപ്പ് ടിക്കറ്റുകള്‍ നല്‍കി. നറുക്കെടുപ്പ് വിജയികള്‍ക്ക് കേരളത്തില്‍ 10 ദിവസത്തെ സൗജന്യ അവധിക്കാല പാക്കേജ് ലഭിക്കും.