ക്ഷേമ പെന്‍ഷന്‍ കുടിശിക 10,000 രൂപയിലേക്ക്; സഹകരണ ബാങ്കുകളില്‍ നിന്ന് കടമെടുത്ത് കുടിശിക വീട്ടാനുള്ള സര്‍ക്കാരിന്റെ നീക്കം തുലാസില്‍

കഴിഞ്ഞ ആറുമാസമായി മുടങ്ങിക്കിടക്കുന്ന ക്ഷേമ പെന്‍ഷന്‍ തുക ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് കൊടുത്ത് തീര്‍ക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ മോഹം നടന്നേക്കില്ല. നിലവില്‍ ആറുമാസത്തെ കുടിശികയാണ് സര്‍ക്കാര്‍ വീട്ടാനുള്ളത്. 58 ലക്ഷം ക്ഷേമ പെന്‍ഷന്‍കാര്‍ സംസ്ഥാനത്തുണ്ട്. ഇവര്‍ക്ക് ഓഗസ്റ്റിലെ പെന്‍ഷന്‍ ഡിസംബറില്‍ കൊടുത്തു. സെപ്റ്റംബര്‍ മുതല്‍ ഫെബ്രുവരെയുള്ള പെന്‍ഷന്‍ കൊടുക്കാനുണ്ട്. അതായത് 9,600 രൂപവീതം ഓരോരുത്തര്‍ക്കും ലഭിക്കാനുണ്ട്.
മൊത്തം 4,000 കോടിയിലേറെ രൂപയാണ് ഇതിനായി സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തേണ്ടത്. നടപ്പുവര്‍ഷം പൊതുവിപണിയില്‍ നിന്ന് എടുക്കാവുന്ന കടമെല്ലാം ഇതിനകം തന്നെ സംസ്ഥാന സര്‍ക്കാര്‍ എടുത്തുകഴിഞ്ഞു. 28,000 കോടിയോളം രൂപയാണ് കടമെടുക്കാമായിരുന്നത്. ഇതുമുഴുവനും എടുത്തു. നടപ്പുവര്‍ഷം (2023-24) മാര്‍ച്ചിന് മുമ്പ് രണ്ടുമാസത്തെ ക്ഷേമ പെന്‍ഷന്‍ കുടിശികയെങ്കിലും കൊടുക്കാനുള്ള ശ്രമമാണ് ധനവകുപ്പ് നടത്തുന്നത്.
തര്‍ക്കം തുടരുന്നു, കുടിശിക നീളുന്നു
സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി അവസാനിച്ചതിനാല്‍ പെന്‍ഷന്‍ കമ്പനിക്ക് ഇനി കടമെടുക്കാനാവില്ല. അതുകൊണ്ട് സഹകരണ ബാങ്കുകളില്‍ നിന്ന് തുക സമാഹരിച്ച് വിതരണം ചെയ്യാനുള്ള ശ്രമമാണ് ധനവകുപ്പ് നടത്തുന്നത്. എന്നാല്‍, ഇത്തരത്തിലെടുക്കുന്ന കടത്തിന് തിരികെ നല്‍കേണ്ട പലിശയെച്ചൊല്ലി തര്‍ക്കവും ഉയര്‍ന്നിട്ടുണ്ട്. 9.75 ശതമാനം പലിശയെങ്കിലും വേണമെന്നാണ് സഹകരണ വകുപ്പ് ആവശ്യപ്പെട്ടത്. പരമാവധി 8.75 ശതമാനം തരാമെന്നാണ് ധനവകുപ്പിന്റെ നിലപാട്. ഇക്കാര്യത്തില്‍ സമവായമായിട്ടില്ല. ഫലത്തില്‍, ക്ഷേപമെന്‍ഷന്‍ വാങ്ങുന്നവര്‍ ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ നീളുന്നത്. ഒരുമാസത്തെ കുടിശികയെങ്കിലും വീട്ടാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെങ്കില്‍ ഉടന്‍ ഓരോരുത്തര്‍ക്കും നല്‍കേണ്ട പെന്‍ഷന്‍ കുടിശിക 10,000 രൂപ കടക്കും. പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ് ക്ഷേമപെന്‍ഷന്‍ ഇത്രത്തോളം മുടങ്ങുന്നത്.
Related Articles
Next Story
Videos
Share it