
2024-25 സാമ്പത്തിക വര്‍ഷത്തിൽ കേരളത്തിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്.ഡി.ഐ) ഇരട്ടിയിലധികം വർദ്ധിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 3,330 കോടി രൂപയാണ് സംസ്ഥാനത്തേക്ക് എഫ്.ഡി.ഐ യായി എത്തിയത്. മുന്‍ വർഷം ഇത് 1,633.42 കോടി രൂപയായിരുന്നു.
2024-25 ൽ ഇന്ത്യയ്ക്ക് ആകെ 4,21,929 കോടി രൂപയാണ് എഫ്.ഡി.ഐ ആയി ലഭിച്ചത്. മുൻ വർഷത്തേക്കാൾ 14.6 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏറ്റവും കൂടുതല്‍ വിദേശ നിക്ഷേപം ഒഴുകിയത് മഹാരാഷ്ട്രയിലേക്കാണ്. 1,64,875.21 കോടി രൂപയാണ് ഈ കാലയളവില്‍ മഹാരാഷ്ട്രയിലേക്ക് എത്തിയത്.
കോവിഡ് മഹാമാരി മൂലം ആഗോളതലത്തിൽ നിക്ഷേപ പ്രവാഹം കുറഞ്ഞ 2020-21 ൽ സംസ്ഥാനത്തിന് 1,581 കോടി രൂപയാണ് എഫ്.ഡി.ഐ ആയി ലഭിച്ചത്. എന്നാല്‍ 2022-23 വര്‍ഷത്തില്‍ 1,330.69 കോടി രൂപയായി വിദേശ നിക്ഷേപം കുറഞ്ഞു. സംസ്ഥാനത്തേക്കുളള നിക്ഷേപങ്ങളുടെ പ്രധാന മേഖല ഐ.ടി. ഐ.ടി അനുബന്ധ വ്യവസായങ്ങളാണ്. വെൻഷുർ (Vensure), കൈസെമി, അർമാഡ, ഡിസ്‌പേസ് (dSPACE) തുടങ്ങിയവ കേരളത്തിൽ നിക്ഷേപം നടത്തിയ പ്രമുഖ ഐ.ടി കമ്പനികളാണ്.
ഇൻവെസ്റ്റ് കേരള ഗ്ലോബൽ ഉച്ചകോടി 2025 ലെ പദ്ധതി നിർദ്ദേശങ്ങൾ യാഥാർത്ഥ്യമാകുമ്പോൾ സംസ്ഥാനത്തിന് കൂടുതൽ വിദേശ നിക്ഷേപം ലഭിക്കുമെന്നാണ് വ്യവസായ വകുപ്പ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്ത് നിക്ഷേപം നടത്തുന്നതിനായി രണ്ട് ഡസനിലധികം ബഹുരാഷ്ട്ര കമ്പനികളുമായി നടത്തുന്ന ചർച്ചകൾ മികച്ച രീതിയിലാണ് പുരോഗമിക്കുന്നത്. വൈദഗ്ധ്യമുള്ള മനുഷ്യവിഭവശേഷിയുടെ ലഭ്യതയാണ് കമ്പനികളെ കേരളത്തിലേക്ക് പ്രധാനമായും ആകര്‍ഷിക്കുന്നത്.
കേരളത്തിന് കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കാനുള്ള കഴിവുണ്ട് എന്ന നിലപാടാണ് വ്യവസായ വകുപ്പിനുളളത്. ഇതിനു യോജിച്ച പരിപാടികൾ ആവിഷ്കരിക്കുന്ന ശ്രമങ്ങളിലാണ് വകുപ്പ്. ഗ്ലോബല്‍ കേപ്പബിലിറ്റി സെന്റര്‍, ജീനോം സിറ്റി (Genome city) തുടങ്ങിയവ ഇത്തരത്തിലുളള സംരംഭങ്ങളാണ്.
Kerala's FDI more than doubles in 2024–25, major growth in IT sector and rising global investor interest.
Read DhanamOnline in English
Subscribe to Dhanam Magazine