കേരളത്തിന്റെ ജി.ഡി.പി ഹംഗറിയുടേതിന് തുല്യമാകും

സാമ്പത്തിക ശക്തിയില്‍ ഏറ്റവും മുന്നിലുള്ള 10 സംസ്ഥാനങ്ങളിലൊന്ന് കേരളം
Kerala GSDP
Image : Canva
Published on

കേരളത്തിന്റെ മൊത്ത സംസ്ഥാന ആഭ്യന്തര ഉത്പാദനം (ജി.എസ്.ഡി.പി/GSDP) 2027ഓടെ യൂറോപ്യന്‍ രാജ്യമായ ഹംഗറിക്ക് (Hungary) തുല്യമാകുമെന്ന് എസ്.ബി.ഐ റിസര്‍ച്ചിന്റെ എക്കോറാപ്പ് റിപ്പോര്‍ട്ട് (SBI Research's Ecowrap). ഇന്ത്യന്‍ ജി.ഡി.പിയില്‍ ഏറ്റവുമധികം പങ്ക് വഹിക്കുന്ന പത്ത് സംസ്ഥാനങ്ങളില്‍ ഒന്നുമായിരിക്കും കേരളം.

സംസ്ഥാന ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ച 2023-24 സംസ്ഥാന ബജറ്റ് പ്രകാരം 2022-23ല്‍ കേരളത്തിന്റെ ജി.എസ്.ഡി.പി 10.18 ലക്ഷം കോടി രൂപയായിരുന്നു; അതായത് ഏകദേശം 12,414 കോടി ഡോളര്‍. 2027ല്‍ ജി.എസ്.ഡി.പി 21,800 കോടി ഡോളറിലേക്ക് (17.87 ലക്ഷം കോടി രൂപ) കുതിച്ചുയരുമെന്നാണ് എക്കോറാപ്പ് റിപ്പോര്‍ട്ട് പ്രവചിക്കുന്നത്. ഇത് ഹംഗറിയുടെ ജി.ഡി.പിക്ക് തുല്യമായിരിക്കും.

ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ്ശക്തിയാകും

2027ഓടെ ഇന്ത്യ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു. 2014ല്‍ 2.03 ലക്ഷം കോടി ഡോളര്‍ മൂല്യവുമായി പത്താമത്തെ വലിയ സമ്പദ്ശക്തിയായിരുന്നു ഇന്ത്യ. ആഗോള ജി.ഡി.പിയില്‍ 2.4 ശതമാനമായിരുന്നു ഇന്ത്യയുടെ വിഹിതം.

2022ല്‍ ഇന്ത്യ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി; 3.39 ലക്ഷം കോടി ഡോളറാണ് ജി.ഡി.പി മൂല്യം. ജി.ഡി.പി വിഹിതം 3.4 ശതമാനവും. 2027ഓടെ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് കുതിക്കും. ആ വര്‍ഷം ജി.ഡി.പി മൂല്യം അഞ്ചുലക്ഷം കോടി ഡോളര്‍ ($5 ട്രില്യണ്‍ എക്കണോമി/$5 trillion economy) എന്ന നിര്‍ണായക നാഴികക്കല്ല് കടക്കുമെന്നും വിഹിതം 4 ശതമാനമാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 5.13 ലക്ഷം കോടി ഡോളറായിരിക്കും ജി.ഡി.പി മൂല്യം.

ജപ്പാനും ജര്‍മനിയും പിന്നിലാകും

ജപ്പാന്‍, ജര്‍മനി എന്നിവയെ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിലേക്ക് പിന്തള്ളിയാണ് 2027ല്‍ ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ്ശക്തിയാകുക. 2027ലും ഒന്നാംസ്ഥാനം അമേരിക്ക നിലനിറുത്തും; 31.09 ലക്ഷം കോടി ഡോളറായിരിക്കും അമേരിക്കന്‍ ജി.ഡി.പി മൂല്യം. 25.72 ലക്ഷം കോടി ഡോളറുമായി ചൈന രണ്ടാംസ്ഥാനത്തും തുടരും.

$50,000 കടക്കാന്‍ രണ്ട് സംസ്ഥാനങ്ങള്‍

2027ല്‍ രണ്ട് സംസ്ഥാനങ്ങളുടെ ജി.എസ്.ഡി.പി മൂല്യം 50,000 ഡോളര്‍ (41 ലക്ഷം കോടി രൂപ) എന്ന നാഴികക്കല്ല് താണ്ടുമെന്ന് എക്കോറാപ്പ് റിപ്പോര്‍ട്ട് പറയുന്നു. 64,700 കോടി ഡോളറുമായി (53 ലക്ഷം കോടി രൂപ) മഹാരാഷ്ട്രയായിരിക്കും ഒന്നാമത്. ഉത്തര്‍പ്രദേശ് 51,500 കോടി ഡോളറുമായി (42 ലക്ഷം കോടി രൂപ) രണ്ടാംസ്ഥാനത്തായിരിക്കും. ഇന്ത്യന്‍ ജി.ഡി.പിയില്‍ 13 ശതമാനമാണ് മഹാരാഷ്ട്രയുടെ പങ്ക്; ഉത്തര്‍പ്രദേശിന്റേത് 10 ശതമാനം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com