രാജ്യത്ത് പണപ്പെരുപ്പം 0.7% മാത്രം! ഇന്ത്യ കൂളാണ്; പക്ഷേ, കേരളത്തില്‍ തീവില!

ദേശീയ ശരാശരിയേക്കാള്‍ ഏകദേശം 12 മടങ്ങ് കൂടുതലാണ് കേരളത്തിലെ പണപ്പെരുപ്പം
Retail Inflation
Image : Canva
Published on

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ റീറ്റെയ്ല്‍ പണപ്പെരുപ്പമുള്ള (CPI) സംസ്ഥാനമായി തുടര്‍ച്ചയായ പതിനൊന്നാം മാസവും കേരളം. നവംബറിലെ കണക്കുകള്‍ പ്രകാരം, കേരളത്തിലെ നിത്യോപയോഗ വസ്തുക്കളുടെ വിലക്കയറ്റം 8.27 ശതമാനമാണ്. ദേശീയ ശരാശരിയായ 0.71 ശതമാനത്തേക്കാള്‍ ഏകദേശം 12 മടങ്ങ് കൂടുതലാണിത്. പണപ്പെരുപ്പത്തില്‍ രണ്ടാം സ്ഥാനത്തുള്ള കര്‍ണാടകയുടെ 2.64 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിന്റെ സ്ഥിതി അതീവ ഗുരുതരമാണ്. 2.31 ശതമാനവുമായി ജമ്മു കശ്മീരാണ് മൂന്നാം സ്ഥാനത്ത്. കേരളത്തിലെ ഗ്രാമങ്ങളില്‍ പണപ്പെരുപ്പം 9.34 ശതമാനവും നഗരങ്ങളിലെ പണപ്പെരുപ്പം 6.33 ശതമാനവുമാണ്.

മാംസം, മത്സ്യം, മുട്ട, പാൽ ഉൽപ്പന്നങ്ങൾ തുടങ്ങിയ അവശ്യവസ്തുക്കളുടെ വിലവർദ്ധനവാണ് സംസ്ഥാനത്ത് സ്ഥിതി വഷളാക്കിയത്.

ദേശീയ തലത്തില്‍ നേരിയ വര്‍ധന

നവംബറില്‍ ദേശീയതലത്തില്‍ പണപ്പെരുപ്പം 0.7 ശതമാനമായി വര്‍ധിച്ചു. ഒക്ടോബറില്‍ രേഖപ്പെടുത്തിയ 0.3 ശതമാനം എന്ന ഏറ്റവും കുറഞ്ഞ നിരക്കില്‍ നിന്നാണ് ഈ വര്‍ധന. പച്ചക്കറി, മുട്ട, മാംസം, മീന്‍, സുഗന്ധവ്യഞ്ജനങ്ങള്‍ തുടങ്ങിയവയുടെ വിലയിലുണ്ടായ വര്‍ധനയാണ് വിലക്കയറ്റം വീണ്ടും തലയുയര്‍ത്താന്‍ പ്രധാന കാരണം

കഴിഞ്ഞ വര്‍ഷം നവംബറില്‍ 5.5 ശതമാനം ആയിരുന്ന വിലപ്പെരുപ്പം ഈ വര്‍ഷം ഗണ്യമായി കുറഞ്ഞെങ്കിലും, ഒക്ടോബറിനെ അപേക്ഷിച്ച് നവംബറില്‍ 46 ബേസിസ് പോയിന്റിന്റെ വര്‍ധനവ് ഉണ്ടായി.

നവംബറില്‍ ഭക്ഷ്യവില സൂചികയിലെ ഇടിവ് 3.9% മാത്രമായി ചുരുങ്ങി. ഒക്ടോബറില്‍ ഇത് 5 ശതമാനം ആയിരുന്നു. രാജ്യത്ത് നഗരങ്ങളിലെ വിലപ്പെരുപ്പം 1.4 ശതമാനം ആയി ഉയര്‍ന്നപ്പോള്‍ ഗ്രാമീണ മേഖലയില്‍ ഇത് 0.1% ശതമാനമാണ്.

വിലക്കയറ്റ സമ്മര്‍ദ്ദം കുറഞ്ഞതിന്റെ പശ്ചാത്തലത്തില്‍, ഈ മാസമാദ്യം റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ കാല്‍ ശതമാനം കുറവ് വരുത്തിയിരുന്നു. എന്നാല്‍, ഭക്ഷ്യവസ്തുക്കളുടെ വിലവര്‍ധന തുടര്‍ന്നാല്‍ പണനയ സമിതിയുടെ ഭാവി തീരുമാനങ്ങളെ സ്വാധീനിച്ചേക്കാം.

നവംബറിനെ അപേക്ഷിച്ച് ഡിസംബറില്‍ മിക്ക ഭക്ഷ്യവസ്തുക്കളുടെയും വില കൂടിയിട്ടുണ്ട് പ്രത്യേകിച്ചും തക്കാളിയുടെ വില കുത്തനെ ഉയര്‍ന്നത് ഈ മാസത്തെ കണക്കുകളില്‍ പ്രതിഫലിക്കുമെന്നും, ഇത് സാധാരണയായി ഡിസംബറില്‍ കാണുന്ന പച്ചക്കറി വിലകളിലെ കുറവിന് തിരിച്ചടിയാകുമെന്നും സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ക്രിസില്‍ പ്രവചനം ഇങ്ങനെ

2025-26 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ ചില്ലറവിലപ്പെരുപ്പം (Retail Inflatio/ CPI) ശരാശരി 2.5 ശതമാനമായി കുറയാന്‍ സാധ്യതയുണ്ടെന്നാണ് റേറ്റിംഗ് ഏജന്‍സിയായ ക്രിസിലിന്റെ പുതിയ വിലയിരുത്തല്‍. നിലവിലെ വിലയിരുത്തലുകളേക്കാള്‍ ഗണ്യമായ കുറവാണിത്. പ്രധാനമായും ഭക്ഷ്യവസ്തുക്കളുടെ വിലയില്‍ ഉണ്ടാകുന്ന കുറവാണ് ഈ വലിയ ഇടിവിന് കാരണമായി ക്രിസില്‍ ചൂണ്ടിക്കാണിക്കുന്നത്. ആഗോള എണ്ണവില ഉയരുന്നത് ചില്ലറവിലപ്പെരുപ്പം വീണ്ടും വര്‍ധിപ്പിക്കാനുള്ള സാധ്യതയും ക്രിസില്‍ തള്ളിക്കളയുന്നില്ല.

വിലപ്പെരുപ്പം കുറയുന്നതിനൊപ്പം, 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജി.ഡി.പി) വളര്‍ച്ചാ നിരക്ക് 6.8 ശതമാനം മുതല്‍ 7.2 ശതമാനം വരെയായിരിക്കുമെന്നും ക്രിസില്‍ കണക്കാക്കുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com