ലാബ് നിര്‍മ്മിത വജ്രത്തിന് പ്രിയമേറുന്നു; പോളിഷ് ചെയ്ത വജ്ര വില താഴേക്ക്

ഉത്സവകാലത്തും ഇന്ത്യയില്‍ വിലയിടിവ് നേരിട്ട് പോളിഷ് ചെയ്ത സര്‍ട്ടിഫൈഡ് വജ്രങ്ങള്‍. 2022ലെ നവരാത്രി ഉത്സവകാലത്തെ അപേക്ഷിച്ച് ഇക്കുറി വിലയിടിഞ്ഞത് 35 ശതമാനമാണ്. ചിലയിനം വജ്രങ്ങളുടെ വില 2004ലെ നിരക്കിലേക്കും താഴ്ന്നു.

ഇടിവിന് കാരണങ്ങളേറെ

ലാബ് നിര്‍മ്മിത വജ്രങ്ങളുടെ വര്‍ധിച്ചുവരുന്ന ജനപ്രീതി, റഷ്യ-യുക്രെയ്ന്‍ യുദ്ധം, യു.എസിലെയും ചൈനയിലെയും മാന്ദ്യം, ഇസ്രായേല്‍-ഹമാസ് യുദ്ധവും തുടങ്ങിയ ഘടകങ്ങള്‍ ഈ വിലയിടിവിന് കാരണമായതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഖനനം ചെയ്‌തെടുക്കുന്ന യഥാര്‍ത്ഥ വജ്രത്തിന്റെ (പോളിഷ് ചെയ്യാത്തവ) വില കുറഞ്ഞു നില്‍ക്കുന്നതും പോളിഷ് ചെയ്ത വജ്രങ്ങളുടെ വിലയിടിവിനുള്ള മറ്റൊരു കാരണമാണ്.

കുറഞ്ഞവിലയില്‍ വാങ്ങാന്‍ അവസരം

ലോകത്ത് ലഭ്യമായ 10 വജ്രങ്ങളില്‍ 9 എണ്ണവും പോളിഷ് ചെയ്യുന്ന ഇന്ത്യന്‍ വജ്രവ്യാപാരികള്‍ വില ഇടിഞ്ഞതോടെ ആഭ്യന്തര വിപണിയില്‍ കുറഞ്ഞ വിലയ്ക്കാണ് ഇവ വിറ്റഴിക്കുന്നത്. കുറഞ്ഞ വിലയ്ക്ക് വലിയ വജ്രങ്ങള്‍ സ്വന്തമാക്കാന്‍ ജനങ്ങള്‍ക്ക് ഇത് അവസരമൊരുക്കി. പോളിഷ് ചെയ്ത വജ്രങ്ങളുടെ വില്‍പന ഈ ദസറയില്‍ 20% വര്‍ധിച്ചു. 25 കാരറ്റ് മുതല്‍ 3 കാരറ്റ് വരെ വലിപ്പമുള്ള വജ്രത്തിനാണ് പരമാവധി വിലയിടിവ് സംഭവിച്ചതെന്ന് റിപ്പോര്‍ട്ട് പറയുന്നു. 2004ല്‍ ഏകദേശം 58.26 ലക്ഷം രൂപ (7,000 ഡോളര്‍) വിലയുണ്ടായിരുന്ന ഒരു കാരറ്റ് വജ്രത്തിന് ഇപ്പോള്‍ ഏതാണ്ട് അതേ വിലയാണുള്ളത്.

ലാബ് നിര്‍മ്മിത വജ്രത്തിന് പ്രിയമേറുന്നു

നടപ്പ് സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ പോളിഷ് ചെയ്ത വജ്രങ്ങളുടെ മൊത്തത്തിലുള്ള കയറ്റുമതി 28.76% ഇടിഞ്ഞ് 870 കോടി യു.എസ് ഡോളറിലെത്തി. ഇവിടെയാണ് ലാബ് നിര്‍മ്മിത വജ്രങ്ങളുടെ പ്രാധാന്യം. ഇത്തരം വജ്രങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതോടെ ഇന്ത്യയ്ക്ക് ഈ ലാബ് നിര്‍മ്മിത വജ്രങ്ങള്‍ പോളിഷ് ചെയ്ത് കയറ്റുമതി ചെയ്യാനാകും.

ഇതുവഴി പോളിഷ് ചെയ്യാത്ത വജ്ര ഇറക്കുമതി ഗണ്യമായി കുറയ്ക്കാനും ചെലവ് ചുരുക്കാനും കഴിയും. ഐ.ഐ.ടി മദ്രാസില്‍ 243 കോടി രൂപ ചെലവില്‍ ലാബ് നിര്‍മ്മിത വജ്രങ്ങള്‍ക്കായി ഇന്ത്യാ സെന്റര്‍ സ്ഥാപിക്കുന്നതിനുള്ള ഗ്രാന്റ് കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു. വിപണിയില്‍ ലാബ് നിര്‍മ്മിത വജ്ര വ്യാപാരത്തില്‍ തിളങ്ങുകയാണ് ലക്ഷ്യം.

Related Articles

Next Story

Videos

Share it