ലാപ്ടോപ്പ് ഇറക്കുമതി നിയന്ത്രിക്കാന്‍ പുതിയ സംവിധാനവുമായി കേന്ദ്രം

ലാപ്ടോപ്പുകള്‍, ടാബ്‌ലെറ്റുകള്‍, പേഴ്സണല്‍ കമ്പ്യൂട്ടറുകള്‍ എന്നിവയുടെ ഇറക്കുമതിക്കായി ഇന്ത്യ പുതിയ അംഗീകാര (authorisation) സംവിധാനം ആരംഭിക്കുന്നു. വിപണിയില്‍ ഹാർഡ്‌വെയറുകളുടെ വിതരണത്തെ ബാധിക്കാതെ ഇവയുടെ ഇറക്കുമതി നിരീക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് ഈ നീക്കമെന്ന് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട്. ഇതൊരു എന്‍ഡ്-ടു-എന്‍ഡ് ഡിജിറ്റല്‍ അംഗീകാര സംവിധാനമാണ്.

നവംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍

പുതിയ 'ഇറക്കുമതി കൈകാര്യ സംവിധാനം' (import management system) നവംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. ഇതില്‍ കമ്പനികള്‍ ഇറക്കുമതിയുടെ അളവും മൂല്യവും രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. നിരീക്ഷണത്തിനായാണ് ഈ വിവരങ്ങള്‍ ശേഖരിക്കുന്നതെന്നും ഇതിന്റെ ഭാഗമായി ഇറക്കുമതി അഭ്യര്‍ത്ഥനകളൊന്നും സര്‍ക്കാര്‍ നിരസിക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ അംഗീകാരം ഇറക്കുമതിയുടെ അളവും മൂല്യവും വ്യക്തമാക്കുമെന്നും 2024 സെപ്റ്റംബര്‍ 30 വരെ ഇതിന് സാധുത ഉണ്ടായിരിക്കുമെന്നും അധികൃതര്‍ പറഞ്ഞു. അതേസമയം ഐ.ടി ഹാർഡ്‌വെയര്‍ ഉപകരണങ്ങള്‍ക്ക് ആവശ്യമായ സ്പെയറുകള്‍, പാര്‍ട്സ്, ഘടകങ്ങള്‍ തുടങ്ങിയവയ്ക്ക് ഇറക്കുമതി നിയന്ത്രണങ്ങളൊന്നുമില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.

സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയും പി.എല്‍.ഐ പദ്ധതി (Production Linked Incentive Scheme) വഴി ആഭ്യന്തര ഉല്‍പ്പാദനം ഉത്തേജിപ്പിക്കുന്നതിനുമായി ലാപ്ടോപ്പുകള്‍,ടാബ്‌ലെറ്റുകള്‍, പേഴ്സണല്‍ കമ്പ്യൂട്ടറുകള്‍ എന്നിവയുടെ ഇറക്കുമതിക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ഓഗസ്റ്റില്‍ കേന്ദ്രം ഉത്തരവ് ഇറക്കിയിരുന്നു. ഇതോടെ ആശങ്കയിലായിരുന്ന ഡെല്‍, എച്ച്.പി, ആപ്പിള്‍, സാംസംഗ്, ലെനോവോ തുടങ്ങിയ ആഗോള ലാപ്ടോപ്പ് നിര്‍മ്മാതാക്കള്‍ക്ക് ഈ തീരുമാനം ആശ്വാസം പകരുന്നതാണ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it