വികസനത്തിന്റെ ഇറാൻ മോഡൽ, കേരളത്തിനും ചില പാഠങ്ങൾ

നവംബറിലെ അവസാന എട്ട് ദിവസങ്ങള്‍ എനിക്ക് തന്നത് കുറെ നല്ല ഓര്‍മകളാണ്. ഇറാനിലേക്കുള്ള എന്റെ രണ്ടാമത്തെ യാത്ര. കൃത്യമായി പറഞ്ഞാല്‍ ടെഹ്‌റാനിലേയ്ക്ക്. ആദ്യത്തെ യാത്രയില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ആ രാജ്യത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ എനിക്ക് കഴിഞ്ഞു.

ഇറാനെ കുറിച്ച് ഞാന്‍ പഠിച്ച പത്ത് കാര്യങ്ങള്‍ ഏതൊക്കെയാണെന്നോ?

1. വൃത്തി എന്ന ശീലം

റോഡും ഇടവഴിയും പൊതുസ്ഥലങ്ങളും മാര്‍ക്കറ്റും മാലിന്യത്തിന്റെ അംശം പോലുമില്ലാത്തവിധം വൃത്തിയുള്ളതായിരുന്നു. പാതിരാത്രിയില്‍ വാക്വം ക്ലീനിങ്
നടത്തും എന്നാണു ഞാനറിഞ്ഞത്. പക്ഷേ, ഏത് നേരത്തും ടെഹ്‌റാന്‍ ക്ലീനായിരുന്നു. ഓരോ മണിക്കൂറിലും ആയിരങ്ങള്‍ എത്തുന്ന ഗ്രാന്‍ഡ് മാര്‍ക്കറ്റില്‍ പോലും മാലിന്യമോ സിഗരറ്റ് കുറ്റികളോ പ്ലാസ്റ്റിക് ബാഗുകളോ ഇല്ല. ഒരു ദൈനംദിന കാര്യം പോലെ വൃത്തി അവരുടെ ജീവിതത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട്.

2. അടിസ്ഥാന സൗകര്യങ്ങള്‍

വലിയ റോഡുകളായാലും ചെറിയ ഇടവഴികളായാലും എല്ലാ സ്ഥലങ്ങളും കൃത്യമായി, വ്യക്തമായി അടയാളപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലീഷിലും പേര്‍ഷ്യന്‍ ഭാഷയിലും. പ്രകൃതി സൗഹൃദമാണ് കെട്ടിട നിര്‍മാണം, ഊര്‍ജ സംരക്ഷണത്തിനു വേണ്ടി ചെയ്ത കാര്യങ്ങളും മനസിലാക്കാന്‍ കഴിയും, പ്രത്യേകിച്ചും പുതിയ കെട്ടിടങ്ങളില്‍. വലിയൊരു ചിലന്തിവല പോലെ തോന്നിക്കുന്ന റോഡുകളുടെ നിരയും ഫ്‌ളൈ ഓവറുകളും ചെറിയ തെരുവുകളും ജോഗിംഗ് ട്രാക്കും എല്ലാം ചേര്‍ന്ന് ടെഹ്‌റാനെ മിഡില്‍ ഈസ്റ്റിലെ ഒരു യൂറോപ്യന്‍ നഗരമാക്കി മാറ്റിയിട്ടുണ്ട്. അതിന്റെ
പേര്‍ഷ്യന്‍ സംസ്‌കാരം നിലനിര്‍ത്തിക്കൊണ്ടുതന്നെ. എട്ട് വര്‍ഷം നീണ്ടുനിന്ന ഇറാന്‍-ഇറാഖ് യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ പേരിലാണ് മിക്കവാറും റോഡുകളെല്ലാം.

3. പാരമ്പര്യവും ആധുനികതയും പിന്നെ പ്രകൃതിയും

പള്ളികള്‍ അനേകമുള്ള ഇവിടെ. അതോടൊപ്പം പൂന്തോട്ടങ്ങളും. അതില്‍ ഒന്ന് നിര്‍മിച്ചിരിക്കുന്നത് പഴയകാലത്ത് മാലിന്യം തള്ളിയിരുന്ന സ്ഥലത്താണ്. തടാകങ്ങളുടെ കൂട്ടത്തില്‍ മലിനജലം സംസ്‌കരിച്ച് നിര്‍മിച്ചതുണ്ട്, തിരിച്ചറിയാന്‍ കഴിയില്ല എന്നുമാത്രം. രണ്ട് കെട്ടിടങ്ങള്‍ക്ക് ഒരു മരം എന്നതാണ് കണക്ക്.

സ്ത്രീകള്‍ക്ക് മാത്രമായുള്ള പാര്‍ക്ക്, ഗാര്‍ഡന്‍, ജിം പൂള്‍, കോംപ്ലക്‌സുകളും കുട്ടികള്‍ക്കും വൃദ്ധര്‍ക്കും വേണ്ടിയുള്ള പാര്‍ക്കുകളും അനവധിയാണ് ടെഹ്‌റാനില്‍.

നഗരത്തിനു നടുവിലും ഉള്‍പ്രദേശങ്ങളിലും ഒരുപോലെ. പാരമ്പര്യം ആധുനികതയുമായി ഒത്തുചേരുന്നു ഇവിടെ. പരമ്പരാഗത വേഷ
ങ്ങള്‍, ഭക്ഷണം, മര്യാദകള്‍, സംസ്‌കാരം, സംഗീതം, കുടുംബമൂല്യങ്ങള്‍ എന്നിവയ്‌ക്കൊപ്പം പുതിയ ഭാഷാപ്രയോഗങ്ങള്‍, സോഷ്യല്‍ മീഡിയ, പേര്‍ഷ്യന്‍ ജാസ്, ഫ്യുഷന്‍ ഡാന്‍സ് എന്നിവയെല്ലാം ചേര്‍ന്ന് ഇറാനെ മാറ്റങ്ങളുടെ നടുവിലെത്തിച്ചിരിക്കുന്നു.

4. സ്ത്രീകളുടെ സുരക്ഷ

നഗരത്തില്‍ സ്ത്രീകള്‍ ഒരു അല്ലലും കൂടാതെ യാത്ര ചെയ്യുന്നത് ഒരുപാട് ആശ്വാസം പകരുന്ന കാര്യമാണ്. ടെഹ്‌റാന്‍ യൂണിവേഴ്‌സിറ്റിയില്‍ റിസര്‍ച്ച് ചെയ്യുന്ന പെണ്‍കുട്ടിയ്ക്ക് രാത്രി പന്ത്രണ്ട് മണിക്കും തനിയെ ഡ്രൈവ് ചെയ്ത് പോകാന്‍ ഭയമില്ല. 'എനിക്ക് ഒരിക്കലും ഒരു പ്രശ്‌നവും നേരിടേണ്ടി വന്നിട്ടില്ല' എന്ന് ആ കുട്ടി പറഞ്ഞു. 'സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്ക് കനത്ത ശിക്ഷയാണ്. അത് മാത്രമല്ല, മൂല്യങ്ങളില്‍ അധിഷ്ഠിതമായ ഈ സമൂഹം സ്ത്രീകളെ അപമാനിക്കുന്നത് ഒരിക്കലും അനുവദിക്കുകയുമില്ല.'

5. വിദ്യാഭ്യാസത്തിന്റെ മികവ്

ഏറെ പ്രാധാന്യമുണ്ട് വിദ്യാഭ്യാസത്തിനു ഇവിടെ. 8.2 കോടി ജനങ്ങളില്‍ 1.2 കോടി ബിരുദധാരികള്‍ ഉണ്ടെന്നാണ് കണക്ക്. ഒരു ലക്ഷത്തോളം പേര്‍ക്ക് ഡോക്ടറേറ്റുമുണ്ട്, ഇപ്പോള്‍ പഠിക്കുന്ന അമ്പത് ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ.

ഓരോ പൗരനും സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കണം എന്നാണ് നിയമം, അതോടൊപ്പം കുട്ടികളെ ഹയര്‍ സെക്കന്ററി വരെയെങ്കിലും പഠിപ്പിക്കുകയും വേണം. സര്‍ക്കാര്‍ ലഭ്യമാക്കുന്ന വിദ്യാഭ്യാസം സൗജന്യമാണ്, മികച്ചതും. വലിയ ഫീസ് കൊടുത്ത് സ്വകാര്യ സ്ഥാപനങ്ങളില്‍ പഠിക്കുകയുമാകാം. പല പബ്ലിക് യൂണിവേഴ്‌സിറ്റികളിലും കുറെയൊക്കെ സൗജന്യമാണ് വിദ്യാഭ്യാസം.

6. പൊതുജനാരോഗ്യം, വൈദ്യശാസ്ത്ര ഗവേഷണം, ചികിത്സാ സൗകര്യങ്ങള്‍

ഇറാനിലെ ചികിസാരംഗം ഏറെ മികച്ചതാണ്. പൊതുമേഖലയിലെ ചികിത്സാ സേവനങ്ങള്‍ ജനങ്ങള്‍ക്ക് സൗജന്യമാണ്. ഇവിടെ ഉപയോഗിക്കുന്ന മരുന്നുകളുടെ 98 ശതമാനവും പ്രാദേശികമായി നിര്‍മിക്കുന്നവയാണ്. ലോകത്ത് ഏറ്റവും മികച്ച ഏഴ് റിസര്‍ച്ച് സ്ഥാപനങ്ങളില്‍ ഒന്നായ റോയ്ന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ഐവിഎഫ്, കാന്‍സര്‍ ഗവേഷണ രംഗത്ത് ഇരുന്നൂറിലേറെ അന്താരാഷ്ട്ര അവാര്‍ഡുകളാണ് നേടിയിട്ടുള്ളത്. സ്വകാര്യ മേഖലയിലും ഏറെ മുന്നോട്ടു പോകുകയാണ് ഇറാന്‍ ഇപ്പോള്‍. അതുകൊണ്ട് മിഡില്‍ ഈസ്റ്റിലെ മെഡിക്കല്‍ ടൂറിസത്തിന്റെ കേന്ദ്രമായി മാറുകയാണ് ഈ രാജ്യം.

7. നിയന്ത്രണങ്ങള്‍ പലത്

ഇസ്ലാമിക രാജ്യമായതിനാല്‍ ജനങ്ങളുടെ വേഷത്തിലും പെരുമാറ്റത്തിലും ഒട്ടറെ നിയന്ത്രണങ്ങള്‍ ഇവിടെയുണ്ട്. ശരീരം പുറത്തുകാണാത്ത വിധത്തിലുള്ള വേഷവിധാനം സ്ത്രീയ്ക്കും പുരുഷനും ഒരുപോലെ നിര്‍ബന്ധമാണ്. പൊതുസ്ഥലത്ത് മൂത്രമൊഴിക്കുക എന്ന നമ്മുടെ നാട്ടിലെ ആചാരം ഇവിടെ തുടര്‍ന്നാല്‍ ശിക്ഷ ഉറപ്പ്.

8. മാന്ദ്യം നേരിടാനുള്ള വഴികള്‍

നവംബര്‍ മുതല്‍ പുതിയ വ്യാപാര നിയന്ത്രണങ്ങള്‍ വന്നതോടെ ഇറാന്‍ കറന്‍സിയുടെ മൂല്യം കുറയുകയാണ്. ഇത് എത്തുന്നത് മാന്ദ്യത്തിലേക്കാണ്. ഇപ്പോള്‍ വലിയ തകര്‍ച്ചയില്ലെങ്കിലും തൊഴിലുകളെ ഇത് ബാധിച്ചു തുടങ്ങി. തൊഴിലില്ലായ്മ ഇവിടെ ഒരു പ്രശ്‌നമായി മാറും. പക്ഷെ, മാന്ദ്യം മറികടക്കാന്‍ വഴി കണ്ടെത്തുകയാണ് തദ്ദേശീയര്‍.

ഇപ്പോള്‍ ബിസിനസ് നടത്തുന്ന രാജ്യങ്ങളുമായി ചരക്കു കൈമാറ്റക്കച്ചവടം നടത്തുകയാണ് ഇവര്‍. അതുകൊണ്ട്, ഇന്ത്യയിലെ ബസ്മതി അരിക്ക് പകരം എണ്ണയെത്തുന്നു. കൊടുക്കുന്ന പണത്തിന്റെ പകുതി രൂപയും ബാക്കി യൂറോയുമാണ്. ഡോളര്‍ ഇല്ലാത്ത വ്യാപാരം നടത്താന്‍ ജനങ്ങളെ സഹായിക്കുന്ന ഒട്ടേറെ ബാങ്കുകളും രംഗത്തെത്തിയിട്ടുണ്ട്. ഇറാന്‍ വെനിസ്യൂല ബാങ്ക്, യുണൈറ്റഡ് കൊമേഴ്‌സ്യല്‍ ബാങ്ക് ഓഫ് ഇന്ത്യ ഇന്‍ ടെഹ്‌റാന്‍, ഇറാന്‍ ജപ്പാന്‍ ബാങ്ക് എന്നിങ്ങനെ പലത്.

9. ശക്തമായ കുടുംബ ബന്ധങ്ങള്‍

കുടുംബങ്ങളും ബന്ധങ്ങളും ഏറെ കരുത്ത് നേടുന്നുണ്ട് ഇപ്പോള്‍ ഇറാനില്‍. ഒരു സ്ഥാപനം എന്ന നിലയില്‍ കുടുംബം ഏറെ ശക്തമാകുകയാണ്. അതോടൊപ്പം, സമപ്രായക്കാര്‍ക്കൊപ്പമുള്ള ഒത്തുചേരലുകളും സാങ്കേതിക വിദ്യയുടെ ഉപയോഗവും ക്രിയേറ്റിവ് ആയ രചനകളും ജനങ്ങള്‍ക്ക് പ്രിയപ്പെട്ടതാകുന്നു.

കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കുന്നതും കൂട്ടുകാരോടൊപ്പം സമയം ചെലവഴിക്കുന്നതും സോഷ്യല്‍ മീഡിയയും ക്യാമറകളും സ്മാര്‍ട്ട് ഫോണുകളും ഉപയോഗിക്കുന്നതും എല്ലാം കൂടുതലാണ്. ഗവണ്‍മെന്റ് നിയന്ത്രണമുള്ള ടെലിവിഷനും റേഡിയോയ്ക്കും വരെ ആരാധകര്‍ ഏറെ. അതുപോലെ തന്നെ സിനിമയ്ക്കും നാടകത്തിനും. യൂട്യൂബിനും ഫേസ്ബുക്കിനും ഇറാനില്‍ പകരക്കാരുണ്ട്, അവയ്‌ക്കെല്ലാം മികച്ച ഉപയോക്താക്കളുമുണ്ട്.

8.2 കോടി ജനങ്ങളുള്ള രാജ്യത്തുള്ളത് 7.5 കോടി ഹാന്‍ഡ് സെറ്റുകള്‍. ഇതിന്റെ ഹോള്‍ഡിംഗ് കമ്പനിയായ സ്മാര്‍ട്ട് ഐഡിയ ഇറാനിലെ ഏറ്റവും മികച്ച ഐ.റ്റി കമ്പനികളിലൊ
ന്നാണ്. റഷ്യന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ടെലഗ്രാമിനും ആവശ്യക്കാര്‍ ഏറെ.

10. വ്യത്യസ്തതകളുടെ മിശ്രണം

ഇസ്ലാമിക വിശ്വാസങ്ങള്‍ കാത്തുസൂക്ഷിക്കുന്ന, മികച്ച വിദ്യാഭ്യാസം നേടിയ ജനങ്ങളുള്ള ഒരു ആധുനിക രാജ്യമാണ് ഇന്ന് ഇറാന്‍. ഉയര്‍ന്ന നേതാക്കളുടെ ജീവിതവും ലാളിത്യം നിറഞ്ഞതാണ്. ഭിക്ഷക്കാരില്ലാത്ത ഈ നാട്ടില്‍ കുടിയേറ്റക്കാരും നിശ്ചയിക്കപ്പെട്ട സ്ഥലത്തു ചെറിയ കടകള്‍ നടത്തി ജീവിതമാര്‍ഗം തേടുന്നു. ചെറിയ ജോലികള്‍ക്ക് ആവശ്യമുണ്ടെന്ന് മനസിലാക്കിയതുകൊണ്ട് ഇവരെ ജനങ്ങളും അംഗീകരിക്കുന്നുണ്ട്.

ആഴ്ചയില്‍ അഞ്ചു ദിവസം നന്നായി അധ്വാനിച്ച് അവധി ദിവസങ്ങള്‍ കുടുംബത്തോടും കൂട്ടുകാരോടുമൊത്തും ആഘോഷിക്കുന്ന ജനതയുടെ രാജ്യമാണിത്, മികച്ച ഗതാഗത സൗകര്യങ്ങളുള്ള, ജനങ്ങളുടെ ജീവന് സുരക്ഷ നല്‍കുന്ന ഒരു രാജ്യം.

ഇറാനെക്കുറിച്ച് ഒട്ടേറെ തെറ്റിദ്ധാരണകളുമായാണ് ഞാന്‍ ടെഹ്‌റാനിലേയ്ക്ക് പോയത്, പക്ഷേ, തിരിച്ചുവന്നത് പേര്‍ഷ്യന്‍ സംസ്‌കാരത്തിന്റെയും ഭക്ഷണത്തിന്റെയും ജനങ്ങളുടെയും ആരാധകനായിട്ടാണ്. വ്യാപാര നിയന്ത്രണങ്ങള്‍ ഉള്‍പ്പെടെയുള്ള ഒട്ടേറെ പ്രശ്‌നങ്ങളും പരിമിതികളും ഉള്ളപ്പോഴും ജനങ്ങളുടെ സാമൂഹ്യ സുരക്ഷാ ഉറപ്പുവരുത്തുന്ന ഒരു സര്‍ക്കാരിന്റെയും.

Prof. Ujjwal Chowdhury
Prof. Ujjwal Chowdhury  

ഇന്ത്യൻ പൊളിറ്റിക്കൽ ഇക്കണോമിയുടെ പ്രശ്നങ്ങൾ സ്ഥിരമായി വിലയിരുത്തുന്ന ലേഖകൻ പേൾ അക്കാദമിയിൽ (മുംബൈ & ഡൽഹി) സ്കൂൾ ഓഫ് മീഡിയയുടെ മേധാവി ആണ്

Related Articles
Next Story
Videos
Share it