ഇന്നും നാളെയും ലോക്ഡൗണിനു തുല്യമായ നിയന്ത്രണങ്ങള്‍; വീടിന് പുറത്തിറങ്ങുന്നവര്‍ അറിയാന്‍

ഇന്നും നാളെയും ലോക്ഡൗണിന് തുല്യമായ നിയന്ത്രണങ്ങള്‍ ആണ് സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്നത്. റോഡില്‍ എല്ലാ പ്രധാന ജംഗ്ഷനുകളിലും പോലീസിനെ വിന്യസിച്ചിട്ടുണ്ട്. പ്രധാന നിരത്തുകളിലെ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കാനുള്ള നിര്‍ദേശമുണ്ട്. ആശുപത്രിയൊഴിച്ചുള്ള മറ്റ് ആവശ്യങ്ങള്‍ക്ക് പുറത്തുപോകുന്നത് ഒഴിവാക്കണം. ഇന്നും നാളെയും വീട്ടില്‍ തന്നെ കഴിയണം. അനാവശ്യ യാത്രയോ പരിപാടിയോ അനുവദിക്കില്ല. നേരത്തെ നിശ്ചയിച്ച വിവാഹം നടത്താം.

ഹാളില്‍ പരമാവധി 75 ഉം, തുറസ്സായ സ്ഥലത്ത് 150പേര്‍ക്കും മാത്രം പ്രവേശനം. ഈ എണ്ണം പരമാവധി കുറയ്ക്കാന്‍ ശ്രദ്ധിക്കണം. മരണാനന്തര ചടങ്ങില്‍ പരമാവധി 50പേര്‍. ചടങ്ങുകളില്‍ ആകെ പങ്കെടുക്കുന്നവരുടെ എണ്ണമാണിത്. വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ ക്ഷണകത്തും തിരിച്ചറിയല്‍ കാര്‍ഡും കരുതണം. ദീര്‍ഘദൂര യാത്ര ഒഴിവാക്കണം.
ഏതെങ്കിലും വ്യക്തിപരമായ കാരണങ്ങളാല്‍ പുറത്തിറങ്ങുന്നവര്‍ സത്യപ്രസ്താവന കരുതിയാല്‍ മതി. വിവാഹം, മരണാനന്തര ചടങ്ങ്, അടുത്ത ബന്ധുവായ രോഗിയെ സന്ദര്‍ശിക്കല്‍, ആശുപത്രിയില്‍ പോകല്‍ ഇതിനെല്ലാം പരിമിതമായ അനുവാദമുണ്ട്. ഇവരെല്ലാം സ്വന്തമായി തയാറാക്കിയ സത്യപ്രസ്താവന കയ്യില്‍ കരുതണം. ട്രെയിന്‍, വിമാന സര്‍വീസുകള്‍ ഉണ്ടായിരിക്കും. പൊലീസ് പരിശോധിക്കുമ്പോള്‍ ടിക്കറ്റ്, ബോര്‍ഡിംഗ് പാസ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ കാണിക്കാവുന്നതാണ്.
അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം സത്യപ്രസ്താവന കയ്യില്‍ കരുതി ഹോട്ടലില്‍ പോയി ഭക്ഷണം വാങ്ങാവുന്നതാണ്. പരീക്ഷകള്‍ നടക്കുന്നതിനാല്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും യാത്ര ചെയ്യാം. വിദ്യാര്‍ഥികളെ എത്തിക്കുന്ന രക്ഷകര്‍ത്താക്കള്‍ കൂട്ടം കൂടാതെ മടങ്ങണം. പരീക്ഷ കഴിയുമ്പോള്‍ ഇവര്‍ എത്തിയാല്‍ മതിയാകും.
പുറത്തിറങ്ങേണ്ടവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ചുരുക്കത്തില്‍
1. സത്യപ്രസ്താവന കയ്യില്‍ കരുതുക
2. മാസ്‌ക് നിര്‍ബന്ധമായും ധരിക്കുക. തനിച്ച് കാര്‍ ഓടിച്ചു പോകുന്നവരും ഡ്രൈവിംഗ് സമയത്ത് മാസ്‌ക് ധരിക്കുക.
3. ആശുപത്രിയില്‍ അനാവശ്യമായി പോകരുത്.
4. മെഡിക്കല്‍ ഷോപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും സുരക്ഷയെ മാനിച്ച് ആശുപത്രികളില്‍ നിന്നും അകലെയുള്ള മെഡിക്കല്‍ ഷോപ്പുകള്‍ ഉപയോഗപ്പെടുത്തുക.
5. ബ്യൂട്ടീ പാര്‍ലര്‍, സലൂണ്‍ എന്നിവ പ്രവര്‍ത്തിപ്പിക്കുന്നതിനു നിയന്ത്രണമുള്ളതിനാല്‍ ഇന്നും നാളെയും അവ ഒവിവാക്കുക.
6. മറ്റു ജില്ലകളിലേക്കുള്ള നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിനാല്‍ കയ്യില്‍ സത്യപ്രസ്താവനയില്ലാതെ യാത്ര ചെയ്യരുത്.


Dhanam News Desk
Dhanam News Desk  
Next Story
Share it