യു.എ.ഇയിലേക്ക് പോകുന്ന കുറഞ്ഞ വൈദഗ്ധ്യമുള്ള ഇന്ത്യന്‍ തൊഴിലാളികള്‍ 300% അധികം സമ്പാദിക്കുന്നു

കേരളത്തിന്റെ സാമ്പത്തിക മേഖലയില്‍ ഏറെ സംഭാവന നല്‍കിയവരാണ് പ്രവാസികള്‍. വിദ്യാഭ്യാസം, റിയല്‍ എസ്റ്റേറ്റ്, ബാങ്കിംഗ്, കച്ചവടം, പാര്‍പ്പിടം, ടൂറിസം, ആരോഗ്യം അങ്ങനെ സാമ്പത്തിക വളര്‍ച്ചയുടെ ഏതു തലം പരിശോധിച്ചാലും അതില്‍ ഓരോന്നിലും പ്രവാസികളുടെ സംഭാവനയുണ്ടാകും.

പ്രവാസികളില്‍ കൂടുതലും തിരഞ്ഞെടുത്തത് സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത്, ഒമാന്‍, ഖത്തര്‍, ബഹ്റൈന്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളാണ്. പിന്നീട് അമേരിക്ക, കാനഡ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, മലേഷ്യ, ന്യൂസിലാന്റ് മുതലായ രാജ്യങ്ങളിലും ഈ പട്ടികയില്‍ ഇടം നേടി. കേരളത്തിലെ പ്രവാസികള്‍ ഉള്‍പ്പടെ നിരവധി പേരാണ് ഇന്ത്യയില്‍ നിന്നും വിദേശത്തേക്ക് കുടിയേറുന്നത്.

യു.എ.ഇയില്‍ 300%, യു.എസില്‍ 500%

വിദേശത്തേക്ക് ജോലിക്ക് പോകുന്ന ഇന്ത്യക്കാര്‍ക്ക് 120 ശതമാനം വരുമാന വര്‍ധനവ് ലഭിക്കുമെന്ന് വേള്‍ഡ് ഡെവലപ്മെന്റ് റിപ്പോര്‍ട്ട് കണക്കാക്കുന്നു. യു.എ.ഇലേക്ക് പോകുന്ന കുറഞ്ഞ വൈദഗ്ധ്യമുള്ള ഇന്ത്യന്‍ തൊഴിലാളികള്‍ 300% അധികം സമ്പാദിക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു.

യു.എസിലേക്ക് കുടിയേറുന്ന വൈദഗ്ധ്യം കുറഞ്ഞ ഇന്ത്യക്കാര്‍ വരുമാനത്തില്‍ 500 ശതമാനം വര്‍ധനവ് നേടുന്നുണ്ട്. സൗദി അറേബ്യ, ബഹ്റൈന്‍, ഒമാന്‍, ഖത്തര്‍, കുവൈറ്റ്, യു.എ.ഇ എന്നിവ ഉള്‍പ്പെടുന്ന ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളിലേക്ക് കുടിയേറുന്നവര്‍ക്ക് യു.എസിനെ അപേക്ഷിച്ച് നേട്ടം കുറവാണ്. ആഭ്യന്തര കുടിയേറ്റത്തിന്റെ കാര്യത്തില്‍ വരുമാന വര്‍ധനവ് 40 ശതമാനം മാത്രമാണ്.

പണമയയ്ക്കല്‍ വര്‍ധിച്ചു

ആഗോളതലത്തില്‍ കുടിയേറ്റക്കാരുടെ എണ്ണം 18.4 കോടിയാണെന്ന് റിപ്പോര്‍ട്ട് കണക്കാക്കുന്നു, ഇത് 3.7 കോടി അഭയാര്‍ത്ഥികള്‍ ഉള്‍പ്പെടെ ജനസംഖ്യയുടെ 2.3% ആണ്. ഇന്ത്യ, മെക്‌സിക്കോ, ചൈന, ഫിലിപ്പീന്‍സ് എന്നിവയുള്‍പ്പെടെ വലിയ കുടിയേറ്റ ജനസംഖ്യയുള്ള ചില രാജ്യങ്ങളിലേക്ക് പണമയയ്ക്കല്‍ വര്‍ധിച്ചിട്ടുണ്ട്. ഗള്‍ഫ് കോ-ഓപ്പറേഷന്‍ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളിലെ ഇന്ത്യന്‍ കുടിയേറ്റക്കാര്‍ അവരുടെ വരുമാനത്തിന്റെ 70 ശതമാനത്തോളം അവരുടെ കുടുംബങ്ങള്‍ക്ക് അയയ്ക്കുന്നണ്ട്.

അതേസമയം കുടിയേറ്റത്തിന് ചെലവ് കൂടുതല്‍ തന്നെയാണ്. ഉദാഹരണത്തിന്, ഖത്തറിലേക്ക് പോകുന്ന ഒരു ഇന്ത്യന്‍ തൊഴിലാളി കുടിയേറ്റ ചെലവ് വഹിക്കാന്‍ രണ്ട് മാസത്തെ തന്റെ വരുമാനം ഉപയോഗിക്കുന്നു. കുവൈത്തിലേക്ക് പോകുന്നവര്‍ക്ക് ഇത് അല്‍പ്പം കൂടുതലാണ്.

പ്രധാന ഇടനാഴികൾ

മെക്‌സിക്കോയില്‍ നിന്നും അമേരിക്കയിലേക്കുള്ള കുടിയേറ്റം, ഇന്ത്യയില്‍ നിന്നും യു.എ.ഇയേക്കും സൗദി അറേബ്യയിലേക്കും, ഇന്ത്യയിലും ചൈനയിലും നിന്ന് അമേരിക്കയിലേക്ക്, കസാഖ്സ്ഥാന്‍ റഷ്യന്‍ ഫെഡറേഷനിലേക്കും റഷ്യന്‍ ഫെഡറേഷന്‍ കസാക്കിസ്ഥാനിലേക്കും, ബംഗ്ലാദേശ് ഇന്ത്യയിലേക്ക്, ഫിലിപ്പീന്‍സ് അമേരിക്കയിലേക്ക് തുടങ്ങിയവ കുടിയേറ്റത്തിന്റെ ഇന്നത്തെ പ്രധാന ഇടനാഴികളില്‍ ഉള്‍പ്പെടുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it