എല്‍പിജി സബ്സിഡി ഭാരം ഒരു ലക്ഷം കോടി കടന്നേക്കും; ബജറ്റ് വകയിരുത്തലിന്റെ മൂന്നിരട്ടിയിലധികം, ഒരു സിലിണ്ടറില്‍ 490 രൂപയുടെ ബാധ്യത

നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ മൊത്തം സബ്സിഡി ചെലവുകളില്‍ 47 ശതമാനം വര്‍ധന രേഖപ്പെടുത്തി
LPG Cylinders
Image : Canva
Published on

അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ, എല്‍പിജി വിലയിലുണ്ടായ കുതിച്ചുകയറ്റവും ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും മൂലം രാജ്യത്തെ പാചകവാതക (LPG) സബ്സിഡി ഭാരം നടപ്പു സാമ്പത്തിക വര്‍ഷം (FY27) ഒരു ലക്ഷം കോടി രൂപ (1 ട്രില്യണ്‍ രൂപ) കടന്നേക്കാമെന്ന് റിപ്പോര്‍ട്ട്. ബജറ്റില്‍ വകയിരുത്തിയ 30,000 കോടി രൂപ എന്ന പരിധി ഇതിനോടകം തന്നെ മറികടന്നതായി സാമ്പത്തിക സേവന സ്ഥാപനമായ 'പിഎല്‍ ക്യാപിറ്റല്‍' (PL Capital) പുറത്തുവിട്ട പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ധനവിലയിലുണ്ടാകുന്ന പെട്ടെന്നുള്ള വര്‍ധന ഉപഭോക്താക്കളിലേക്ക് നേരിട്ട് കൈമാറാതെ, എണ്ണ വിപണന കമ്പനികളും (OMCs) കേന്ദ്ര സര്‍ക്കാരും ബാധ്യത ഏറ്റെടുക്കുന്നതാണ് സബ്സിഡി തുക വലിയ തോതില്‍ ഉയരാന്‍ കാരണം.

ഒരു സിലിണ്ടറില്‍ 490 രൂപയുടെ ബാധ്യത

നിലവിലെ വിപണി സാഹചര്യത്തില്‍ ഓരോ എല്‍പിജി സിലിണ്ടറിലും ഏകദേശം 490 രൂപയുടെ സബ്സിഡി നഷ്ടമാണ് ഉണ്ടാകുന്നത്. ഇത് നിലവിലെ തോതില്‍ തുടരുകയാണെങ്കില്‍ സാമ്പത്തിക വര്‍ഷാവസാനത്തോടെ എല്‍പിജി സബ്സിഡി ചെലവ് മാത്രം ഒരു ലക്ഷം കോടി രൂപ തൊടുമെന്നാണ് കണക്കാക്കുന്നത്.

സംഘര്‍ഷാവസ്ഥ തുടരുന്നത് ക്രൂഡ് ഓയില്‍, എല്‍പിജി ഇറക്കുമതി ചെലവുകള്‍ ഉയര്‍ത്തുകയും കേന്ദ്രത്തിന്റെ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്.

മൊത്തം സബ്സിഡി ചെലവില്‍ 47% വര്‍ധന

നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മാസങ്ങളായ ഏപ്രില്‍, മേയ് കാലയളവില്‍ പ്രധാന സബ്സിഡികള്‍ക്കായി സര്‍ക്കാര്‍ ചെലവിട്ടത് 75,540 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവിലെ 51,250 കോടി രൂപയെ അപേക്ഷിച്ച് സബ്സിഡി ചെലവില്‍ 47 ശതമാനം വര്‍ധനയുണ്ടായി.

ഭക്ഷ്യ സബ്സിഡി കഴിഞ്ഞ വര്‍ഷത്തെ 27,990 കോടി രൂപയില്‍ നിന്ന് 46 ശതമാനം വര്‍ധിച്ച് 40,800 കോടി രൂപയായി. ന്യൂട്രിയന്റ് അധിഷ്ഠിത വള സബ്സിഡി 39 ശതമാനം വര്‍ധിച്ച് 6,010 കോടി രൂപയായി.

യൂറിയ സബ്സിഡി കഴിഞ്ഞ വര്‍ഷത്തെ 18,950 കോടി രൂപയില്‍ നിന്ന് 50 ശതമാനം വര്‍ധനയോടെ 28,450 കോടി രൂപയിലെത്തി. പെട്രോളിയം സബ്സിഡി കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ പൂജ്യമായിരുന്ന സ്ഥാനത്ത് ഏപ്രില്‍-മേയ് മാസങ്ങളില്‍ മാത്രം 280 കോടി രൂപയായി ഉയര്‍ന്നു.

മൂലധന ചെലവുകള്‍ കുറഞ്ഞേക്കും

സബ്സിഡി ബാധ്യത കുത്തനെ ഉയരുന്ന സാഹചര്യത്തില്‍, ധനകമ്മി നിശ്ചിത പരിധിയില്‍ നിര്‍ത്തുന്നതിനായി മൂലധന ചെലവുകളില്‍ കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് സാധ്യത. വായ്പാ പരിധി ഉയര്‍ത്താതെ മറ്റ് വികസന പദ്ധതികളുടെ വേഗം കുറച്ച് ബജറ്റ് അസന്തുലിതാവസ്ഥ പരിഹരിക്കാന്‍ കേന്ദ്രം ശ്രമിച്ചേക്കും. മേയ് അവസാനത്തോടെ രാജ്യത്തെ മൂലധന ചെലവ് 2.5 ലക്ഷം കോടി രൂപയാണ്.

കേരളത്തില്‍ 90 ലക്ഷത്തിലധികം എല്‍പിജി കണക്ഷനുകളാണുള്ളത്. അന്താരാഷ്ട്ര തലത്തില്‍ വില കുതിച്ചുയരുമ്പോഴും സബ്സിഡി ഭാരം സര്‍ക്കാര്‍ സ്വയം ഏറ്റെടുക്കുന്നത് മലയാളി കുടുംബങ്ങളുടെ പ്രതിമാസ ബജറ്റിനെ ഉടനടി ബാധിക്കാതെ കാക്കുന്നുണ്ട്. എങ്കിലും, കേന്ദ്ര ധനകാര്യത്തില്‍ ഇത് സൃഷ്ടിക്കുന്ന സമ്മര്‍ദ്ദം വരും മാസങ്ങളില്‍ സംസ്ഥാനങ്ങള്‍ക്കുള്ള ധനസഹായങ്ങളെയും വികസന വിഹിതങ്ങളെയും പരോക്ഷമായി സ്വാധീനിച്ചേക്കാമെന്നാണ് വിലയിരുത്തലുകള്‍.

Driven by ongoing geopolitical tensions and rising fuel prices, India's LPG subsidy bill could touch Rs 1 lakh crore this fiscal, far exceeding the budget target of Rs 30,000 crore.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com