ചൈനീസ് കമ്പനികളുടെ നിക്ഷേപ പദ്ധതികള്‍ ഒഴിവാക്കാന്‍ മഹാരാഷ്ട്ര

ചൈനീസ് കമ്പനികളുടെ നിക്ഷേപ പദ്ധതികള്‍ ഒഴിവാക്കാന്‍ മഹാരാഷ്ട്ര
Published on

മഹാരാഷ്ട്രയില്‍ സംരംഭങ്ങള്‍ തുടങ്ങാനുള്ള ചൈനീസ് കമ്പനികളുടെ 5000 കോടിയുടെ നിക്ഷേപ പദ്ധതികള്‍ സര്‍ക്കാര്‍ സര്‍ക്കാര്‍ മരവിപ്പിച്ചു.കേന്ദ്രസര്‍ക്കാറുമായി കൂടി ആലോചിച്ച ശേഷമാണ് ചൈനീസ് കമ്പനികളെ ഒഴിവാക്കാന്‍ തീരുമാനിച്ചതെന്ന് മഹാരാഷ്ട്ര വ്യവസായ മന്ത്രി സുഭാഷ് ദേശായി മാധ്യമങ്ങളോടു പറഞ്ഞു.മഹാരാഷ്ട്ര സര്‍ക്കാര്‍ നടത്തിയ ഓണ്‍ലൈന്‍ മഹാരാഷ്ട്ര നിക്ഷേപ സംഗമം 'മാഗ്നറ്റിക് മഹാരാഷ്ട്ര 2.0' ല്‍ ഇതു സംബന്ധിച്ച് ഒപ്പിട്ട പ്രഥമിക കരാര്‍ ആണ് മരവിപ്പിക്കുന്നത്.

ചൈനീസ് കമ്പനിയായ ഗ്രേറ്റ് വാള്‍ മോട്ടോര്‍സ് തങ്ങളുടെ വാഹനനിര്‍മ്മാണ യൂണിറ്റ് 3,770 കോടി ചെലവില്‍ പൂനെയില്‍ സ്ഥാപിക്കാന്‍ കരാറായിരുന്നു. ഇതിന് പുറമേ പിഎംഐ ഇലക്ട്രോണിക്സ് 1000 കോടി നിര്‍മ്മാണ യൂണിറ്റും, ഹെഗ്ലി എഞ്ചിനീയറിംഗ് 250 കോടി നിക്ഷേപവും നടത്താം എന്ന് എംഒയു ഒപ്പിട്ടു. 3000ത്തോളം പേര്‍ക്ക് ജോലിയായിരുന്നു ഈ പദ്ധതികളിലൂടെ വാഗ്ദാനം ചെയ്യപ്പെട്ടത്.കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച സര്‍വ്വകക്ഷിയോഗത്തില്‍ ചൈനയ്ക്കെതിരെ ശക്തമായ നിലപാടാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറേ എടുത്തത്. ഇന്ത്യ സമാധാനം ആഗ്രഹിക്കുന്നു, പക്ഷെ അത് ഇന്ത്യയുടെ ബലഹീനതയായി കാണരുത്, ചൈനയുടെ സ്വഭാവം തന്നെ ചതിയാണ്, എന്നാല്‍ ഇന്ത്യയും ശക്തമാണ് - ഉദ്ദവ് താക്കറേ സര്‍വ്വകക്ഷി യോഗത്തില്‍ പറഞ്ഞു.

കോവിഡിന് ശേഷം സംസ്ഥാനത്തെ സാമ്പത്തിക നിക്ഷേപ രംഗത്തിന് ഉണര്‍വ് നല്‍കാനാണ് മാഗ്നറ്റിക് മഹാരാഷ്ട്ര 2.0 മഹാരാഷ്ട്ര സര്‍ക്കാര്‍ സംഘടിപ്പിച്ചത്. ഇതില്‍ ഇന്ത്യയിലെ ചൈനീസ് സര്‍ക്കാര്‍ അംബാസിഡര്‍ സണ്‍ വെയ്ഡോങിന്റെ സാന്നിധ്യത്തിലാണ് മഹാരാഷ്ട്ര സര്‍ക്കാരും ചൈനീസ് കമ്പനികളും 5000 കോടിയുടെ വിവിധ നിക്ഷേപ പദ്ധതികളുടെ എംഒയു ഒപ്പിട്ടത്.അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിക്കാന്‍ ഇടയാക്കിയ ചൈനീസ് പ്രകോപനത്തിന് മുന്‍പ് ആദ്യഘട്ട കരാറില്‍ ഏര്‍പ്പെട്ടിരുന്നു. ഇതിന്മേല്‍ കൂടുതല്‍ നടപടി വേണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനത്തെ അറിയിച്ചു.

ചൈനീസ് കമ്പനികളുമായുള്ള കരാറിന് പുറമേ ദക്ഷിണ കൊറിയ, യുഎസ്, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കമ്പനികളും ഏതാണ്ട് 12 ഓളം കരാറുകള്‍ മാഗ്നറ്റിക് മഹാരാഷ്ട്ര 2.0 ഓണ്‍ലൈന്‍ നിക്ഷേപ സംഗമത്തില്‍ ഒപ്പുവച്ചിരുന്നു. ഏതാണ്ട് ഒന്‍പത് എംഒയുകള്‍ ഒപ്പുവയ്ക്കുന്നതിനായി പരിഗണനയിലാണെന്നും മഹാരാഷ്ട്ര വ്യവസായ വകുപ്പ് അറിയിച്ചിരുന്നു. ഇതില്‍ ഇന്ത്യന്‍ കമ്പനികളുടെ നിക്ഷേപ നിര്‍ദേശങ്ങളും ഉള്‍പ്പെടുന്നുണ്ട്.

എന്നാല്‍ ഇന്ത്യ - ചൈന അതിര്‍ത്തി സംഘര്‍ഷങ്ങളെ തുടര്‍ന്ന് ചൈനയെ ബഹിഷ്‌കരിക്കുന്നത് ചൈനയുടെ സമ്പദ്വ്യവസ്ഥയെ കാര്യമായി ബാധിക്കില്ലെന്ന് പി. ചിദംബരം കഴിഞ്ഞ ദിവസം പറഞ്ഞു. അയല്‍രാജ്യമായ ഇന്ത്യയുമായുള്ള വ്യാപാരം ആഗോളതലത്തിലുള്ള ചൈനയുടെ വ്യാപാരത്തിന്റെ ഒരു ഭാഗം മാത്രമാണെന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യ ആഗോള വിതരണ ശൃംഖലയുടെ ഭാഗമായി തുടരുകയും ചൈനീസ് ചരക്കുകള്‍ ബഹിഷ്‌കരിക്കാതിരിക്കുകയും വേണമെന്ന് ചിദംബരം പറഞ്ഞു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com