വിദേശത്തു നിന്നുള്ള പണം വരവ്, കേരളം പിന്നോട്ട്
ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വില ഇടിയുകയും നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് ഉയര്‍ന്നു നില്‍ക്കുകയും ചെയ്യുന്ന സാഹചര്യമാണെങ്കിലും കേരളത്തിലേക്കുള്ള എന്‍.ആര്‍.ഐ ഫണ്ട് വരവ് കുറഞ്ഞുകൊണ്ടിരിക്കുകയാണ്. കോവിഡിനെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ വന്‍ തോതില്‍ തൊഴിലില്ലായ്മ അനുഭവപ്പെട്ടിട്ടുണ്ട്. ഇതാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികളില്‍ നിന്ന് പണം നാട്ടിലേക്കെത്തുന്ന തോത് കുറച്ചതെന്ന് ബാങ്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
ബാങ്കുകളിലേക്ക് എന്‍.ആര്‍.ഐ ഫണ്ട് എത്തുന്നുണ്ടെങ്കിലും നിക്ഷേപ വളര്‍ച്ചാ നിരക്ക് മുമ്പത്തെ പോലെ അത്ര മികച്ചതല്ല. സംസ്ഥാനതല ബാങ്കേഴ്സ് കമ്മിറ്റി (SLBC) പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ എന്‍.ആര്‍.ഐ നിക്ഷേപം 2,50,000 കോടി രൂപയോട് അടുക്കുന്നു. 2022 സെപ്റ്റംബറില്‍ ഇത് 2,45,723 കോടി രൂപയായിരുന്നു. 2022 മാര്‍ച്ചില്‍ നിന്ന് മൂന്ന് ശതമാനം മാത്രം വളര്‍ച്ച. 2021 സെപ്റ്റംബറിലെ കണക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളര്‍ച്ച നാല് ശതമാനമാണ്.
2021 മാര്‍ച്ച് അവസാനത്തെ കണക്കനുസരിച്ച് ആകെ എന്‍.ആര്‍.ഐ നിക്ഷേപം 2,29,636 കോടി രൂപയായിരുന്നു. തൊട്ടുമുമ്പത്തെ വര്‍ഷത്തേക്കാള്‍ 10 ശതമാനം വളര്‍ച്ച. എന്നാല്‍ മാര്‍ച്ച് 2022 ആയപ്പോഴേക്കും എന്‍.ആര്‍.ഐ നിക്ഷേപ വളര്‍ച്ചാ നിരക്ക് ഏകദേശം നാല് ശതമാനം എന്ന ഒറ്റയക്കത്തിലേക്ക് ചുരുങ്ങി. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവിക്കുന്ന 35 ലക്ഷത്തോളം വരുന്ന മലയാളികളുടേതാണ് ഇതില്‍ ഭൂരിഭാഗവും. എന്‍.ആര്‍.ഐ നിക്ഷേപത്തില്‍ കൂടുതലും ഈ രാജ്യങ്ങളില്‍ നിന്നാണ്.
പ്രവാസികള്‍ മടങ്ങി, കേരളം പിന്നിലായി
കോവിഡിന് ശേഷം 15 ലക്ഷം പ്രവാസികള്‍ മടങ്ങിയെത്തിയതായാണ് കഴിഞ്ഞ വര്‍ഷം കേരള സര്‍ക്കാര്‍ അറിയിച്ചത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള വരാണ് ഇതില്‍ കൂടുതലും. ഇതിന്റെ ഫലമായി രാജ്യത്തേക്ക് അയക്കുന്ന പണത്തിന്റെ അളവില്‍ കേരളം പിന്നിലായി. എന്നിരുന്നാലും കോവിഡിന് ശേഷം രാജ്യത്ത് വിദേശത്തു നിന്നുള്ള പണം വരവ് കൂടിയിട്ടുണ്ട്. ഇതില്‍ ഗണ്യമായ ഭാഗം ബാങ്കുകളിലേക്ക് നിക്ഷേപമായി എത്തുന്നുമുണ്ട്.
ലോക ബാങ്കിന്റെ കണക്കനുസരിച്ച് 2022ല്‍ വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് ഏകദേശം 10,000 കോടി ഡോളര്‍ എത്തിയിട്ടുണ്ട്. തൊട്ടു മുന്‍വര്‍ഷത്തേക്കാള്‍ 12 ശതമാനം അധികം. 2021ല്‍ എന്‍.ആര്‍.ഐ ഫണ്ടിന്റെ വളര്‍ച്ചാ നിരക്ക് 7.5 ശതമാനമായിരുന്നെങ്കില്‍ പിന്നീടുള്ള വര്‍ഷങ്ങളില്‍ വളര്‍ച്ചാ നിരക്ക് ഇരട്ടയക്കത്തിലെത്തി.
രൂപയുടെ മൂല്യം കുറഞ്ഞത് സഹായിച്ചു
രാജ്യത്തേക്ക് വിദേശത്തു നിന്ന് പണം എത്തുന്നതില്‍ രണ്ടു ഘടകങ്ങളാണ് സഹായകമായത്. ഒന്ന്, 2022ല്‍ രൂപയുടെ മൂല്യം ഡോളറിനെ അപേക്ഷിച്ച് 11 ശതമാനം കുറഞ്ഞു. ഇത് ഏകദേശം 82 രൂപയില്‍ എത്തിനില്‍ക്കുന്നു. രണ്ടാമതായി, പുതിയ ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ടി (FCRA)ന്റെ ഭേദഗതി പ്രകാരം വിദേശ ഇന്ത്യക്കാര്‍ക്ക് സര്‍ക്കാരിനെ അറിയിക്കാതെ തന്നെ 10 ലക്ഷം രൂപ വരെ അയക്കാനാകും എന്നതാണ്. മുമ്പ് ഇത് ഒരുലക്ഷം രൂപയായിരുന്നു. 2022ന്റെ രണ്ടാമത്തെ പകുതിയില്‍ കൂടുതല്‍ പണം രാജ്യത്തേക്ക് അയക്കുന്നതിന് ഇത് സൗകര്യമൊരുക്കി.
മഹാരാഷ്ട്ര മറികടന്നു
എന്‍.ആര്‍.ഐ നിക്ഷേപം കുറഞ്ഞതിന് കേരളത്തിലേക്കുള്ള പണം വരവ് കുറഞ്ഞതുമായി ഭാഗികമായി ബന്ധമുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ വിദേശ പണം എത്തുന്ന സംസ്ഥാനങ്ങളില്‍ മഹാരാഷ്ട്ര കേരളത്തെ മറികടന്ന് ഒന്നാമതായി. ആകെ എത്തുന്ന വിദേശ പണത്തില്‍ മഹാരാഷ്ട്രയുടെ പങ്ക് 16 ശതമാനത്തില്‍ നിന്ന് 35 ശതമാനമായി ഉയര്‍ന്നു. കേരളത്തിന്റേത് 19 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി ഇടിഞ്ഞു. ലോകബാങ്ക് റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്ത് വിദേശ പണം എത്തിക്കുന്നതില്‍ യു.എ.ഇയെ പിന്തള്ളി യു.എസ് ഒന്നാമതായി.
കുറഞ്ഞ വളര്‍ച്ചാ നിരക്കിന് കാരണമായി ബാങ്കുകള്‍ ചൂണ്ടിക്കാട്ടുന്ന മറ്റൊരു കാരണം, സംസ്ഥാനത്തെ എന്‍.ആര്‍.ഐ നിക്ഷേപ അടിത്തറ വര്‍ധിച്ചതാണ്. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് അത് 1,00,000 കോടി രൂപയില്‍ താഴെയായിരുന്നുവെങ്കില്‍ ഇപ്പോഴത് 2,50,000 കോടിയിലെത്തി. മാത്രമല്ല, കോവിഡിന് ശേഷം പ്രവാസികള്‍ ബാങ്കില്‍ വലിയ നിക്ഷേപം സൂക്ഷിക്കാന്‍ താല്‍പ്പര്യപ്പെടുന്നുമില്ലെന്ന് അവര്‍ പറയുന്നു. പ്രത്യേകിച്ചും പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍. നാട്ടില്‍ തിരിച്ചെത്തിയ ശേഷം പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിനായി പലരും നിക്ഷേപം പിന്‍വലിക്കുകയും ചെയ്യുന്നതായി ബാങ്ക് വൃത്തങ്ങള്‍ പറയുന്നു.
ബാങ്കുള്‍ പലിശ നിരക്ക് ഉയര്‍ത്തിയ സമയത്തു തന്നെയാണ് എന്‍.ആര്‍.ഐ നിക്ഷേപ വളര്‍ച്ചയില്‍ ഇടിവുണ്ടായിരിക്കുന്നത് എന്നതാണ് രസകരം. എസ്.ബി.ഐയുടെ പരമാവധി നിരക്ക് ഏകദേശം 7.75 ശതമാനമാണ്. സ്വകാര്യ ബാങ്കുകള്‍ അതിനേക്കാള്‍ കൂടുതല്‍ വാഗ്ദാനം നല്‍കുന്നുണ്ട്. കോവിഡിന് പുറമേ യു.എസ്, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള പണം വരവിനെ റഷ്യ-യുക്രൈന്‍ സംഘര്‍ഷവും തുടക്കത്തില്‍ ബാധിച്ചിരുന്നു. എന്നാല്‍ പിന്നീട് യുറോ,പൗണ്ട് എന്നിവയ്ക്കെതിരെ രൂപയുടെ മൂല്യം കുറഞ്ഞതോടെ എന്‍.ആര്‍.ഐ ഫണ്ടിന്റെ വരവ് കൂടി.
പ്രവാസി നിക്ഷേപത്തിന് നല്‍കുന്ന ഉയര്‍ന്ന പലിശനിരക്ക് കൂടുതല്‍ നിക്ഷേപം നേടാന്‍ ഫെഡറല്‍ ബാങ്കിനും മറ്റും നേട്ടമായി. ഫെഡറല്‍ ബാങ്കിന്റെ മൊത്തം എന്‍.ആര്‍.ഐ നിക്ഷേപങ്ങള്‍ 2022-23ല്‍ ഫെബ്രുവരി വരെയുള്ള കണക്കുപ്രകാരം 12 ശതമാനത്തോളം ഉയര്‍ന്ന് 75,000 കോടി കടന്നുവെന്ന് സീനിയര്‍ വൈസ് പ്രസിഡന്റും ഡെപ്പോസിറ്റ്‌സ്, ഫീ ഇന്‍കം ആന്‍ഡ് ബിസിനസ് വിഭാഗം കണ്‍ട്രി ഹെഡുമായ രതീഷ് ആര്‍ വ്യക്തമാക്കുന്നു.
നിക്ഷേപ പലിശ കൂടിയതിനാല്‍ രൂപയിലും മറ്റ് കറന്‍സികളിലുമുള്ള ദീര്‍ഘകാല നിക്ഷേപങ്ങളാണ് പ്രവാസികള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തുന്നത്. ''ഇന്ത്യയിലേക്കുള്ള പ്രവാസിപ്പണമൊഴുക്ക് ഉയര്‍ന്നെങ്കിലും വിദേശത്ത് പ്രത്യേകിച്ച് യൂറോപ്പ്, കാനഡ, യു.കെ എന്നിവിടങ്ങളില്‍ വ്യക്തിഗത ആവശ്യങ്ങള്‍, വിദ്യാഭ്യാസം, സ്ഥിരതാമസം (പെര്‍മനന്റ് റെസിഡന്‍സി) തുടങ്ങിയവയ്ക്കുള്ള പണം ചെലവാക്കലുകള്‍ കൂടിയിട്ടുണ്ട്'', അദ്ദേഹം പറഞ്ഞു.
നിലവില്‍, പ്രവാസി നിക്ഷേപത്തില്‍ 65 ശതമാനവും വരുന്ന ജി.സി.സി രാജ്യങ്ങളില്‍ നിന്നാണ്. എന്നാല്‍, അമേരിക്ക, ഓസ്‌ട്രേലിയ, കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ള നിക്ഷേപത്തില്‍ ശ്രദ്ധേയ വളര്‍ച്ചയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.