വീണ്ടും തിളയ്ക്കുന്നു കേരളത്തിന്റെ മസാലബോണ്ട്! തോമസ് ഐസക്കിനെ ചോദ്യം ചെയ്യാനുറച്ച് ഇ.ഡി

ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഉയര്‍ന്ന പലിശ ബാധ്യതയോടെ കിഫ്ബി മസാലബോണ്ട് ഇറക്കിയ സംഭവത്തിന് പിന്നില്‍ തനിക്ക് വ്യക്തിപരമായ റോള്‍ ഇല്ലെന്ന മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ വാദം പൊളിച്ച് യോഗങ്ങളുടെ മിനിറ്റ്‌സ് പുറത്തുവന്നതോടെ, അദ്ദേഹത്തിനുമേല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കുരുക്ക് മുറുകുന്നു.

ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഇ.ഡി ഓഫീസില്‍ നേരിട്ട് എത്തണമെന്ന് കാട്ടി തോമസ് ഐസക്കിന് സമന്‍സ് അയച്ചിരുന്നെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല. അതിന് മുമ്പും നാലുവട്ടം സമന്‍സ് അയച്ചിരുന്നെങ്കിലും അവഗണിച്ച തോമസ് ഐസക് കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടുകയും ചെയ്തിരുന്നു.
തുടര്‍ന്ന്, നടപടിക്രമങ്ങള്‍ പാലിച്ച് ഇ.ഡി വീണ്ടും സമന്‍സ് അയക്കുകയായിരുന്നു. എന്നാല്‍, കോടതിയുടെ അന്തഃസത്തയ്ക്ക് വിരുദ്ധമാണ് ഇ.ഡിയുടെ സമന്‍സെന്നും ഉപദ്രവിക്കാനാണ് ഇ.ഡി ശ്രമിക്കുന്നതെന്നും ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യലിന് ഹാജരാകുന്നതില്‍ നിന്ന് അദ്ദേഹം വിട്ടുനിന്നു. ഇനിയും സമന്‍സ് അയച്ചാല്‍ കോടതിയെ സമീപിക്കുമെന്ന് തോമസ് ഐസക് വ്യക്തമാക്കിയിട്ടുണ്ട്.
തോമസ് ഐസക്കിന് ഇ.ഡി വീണ്ടും സമന്‍സ് അയക്കുമെന്നാണ് സൂചനകള്‍. അദ്ദേഹം ഹാജരായില്ലെങ്കില്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിനടുത്തെത്തി ചോദ്യം ചെയ്യാനുള്ള സാധ്യകളുമുണ്ട്.
വാദം പൊളിക്കുന്ന മിനിറ്റ്‌സ്
മസാലബോണ്ട് ഇറക്കാനുള്ള തീരുമാനത്തില്‍ വ്യക്തിപരമായി തനിക്ക് ഒറ്റയ്ക്ക് ഉത്തരവാദിത്വമില്ലെന്നും കിഫ്ബി ഡയറക്ടര്‍ ബോര്‍ഡിന്റേതാണ് തീരുമാനമെന്നും തോമസ് ഐസക് പറഞ്ഞിരുന്നു. മുഖ്യമന്ത്രി ബോര്‍ഡിന്റെ ചെയര്‍മാനും താന്‍ വൈസ് ചെയര്‍മാനുമായിരുന്നു. ഇതുരണ്ടും പ്രത്യേക അധികാരങ്ങളില്ലാത്ത എക്‌സ് ഒഫീഷ്യോ പദവിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാല്‍, ഈ വാദങ്ങള്‍ പൊളിക്കുന്നതാണ് ഇ.ഡി പുറത്തുവിട്ട മിനിറ്റ്‌സ്. ഉയര്‍ന്ന പലിശയ്ക്ക് മസാലബോണ്ട് ഇറക്കുന്നത് സംബന്ധിച്ച ആശങ്ക 2019 ജനുവരി 17ലെ ജനറല്‍ ബോഡിയില്‍ സി.ഇ.ഒ കെ.എം. എബ്രഹാം പ്രകടിപ്പിച്ചിരുന്നു. ധനകാര്യ സെക്രട്ടറിയായിരുന്ന മനോജ് ജോഷിയും ഇതിനോട് യോജിച്ചിരുന്നു.
എന്നാല്‍, ഉയര്‍ന്ന പലിശനിരക്കുണ്ടെങ്കിലും അന്താരാഷ്ട്ര വിപണിയിലേക്ക് കടന്നുചെല്ലാവുന്ന നിലവിലെ അന്തരീക്ഷം പ്രയോജനപ്പെടുത്തണമെന്ന് തോമസ് ഐസക് അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ ഈ അഭിപ്രായമാണ് മസാലബോണ്ട് ഇറക്കുന്നതിലേക്ക് കിഫ്ബിയെ നയിച്ചതെന്നും ഇ.ഡി ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍, ഫെമ (FEMA) ചട്ടം ലംഘിച്ചുവെന്ന പേരിലാണ് തനിക്ക് കിഫ്ബി സമന്‍സ് അയക്കുന്നതെന്നും അത് കുറ്റം കണ്ടെത്തിയതിന്റെ ഭാഗമായി അല്ലെങ്കിലും കുറ്റം കണ്ടെത്താനാകുമോ എന്ന തരത്തിലുള്ളതാണെന്നും തോമസ് ഐസക് വിമര്‍ശിച്ചിരുന്നു.
എന്താണ് മസാലബോണ്ട്?
ഡോളറിന് പകരം സ്വന്തം കറന്‍സിയില്‍ രാജ്യങ്ങള്‍ വിദേശത്ത് കടപ്പത്രങ്ങള്‍ (Bonds) ഇറക്കാറുണ്ട്. ഇതിന് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ അതത് രാജ്യത്തിന്റെ പ്രത്യേകതകള്‍ കണക്കിലെടുത്ത് പേരും നല്‍കാറുണ്ട്.
ഇന്ത്യന്‍ രൂപയില്‍ വിദേശത്ത് ഇറക്കുന്ന ബോണ്ടുകള്‍ക്ക് ലഭിച്ച പേരാണ് മസാലബോണ്ട്. 2019ലാണ് ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ കേരളം 2,150 കോടി രൂപയുടെ മസാലബോണ്ട് ഇറക്കിയത്. 5 വര്‍ഷത്തെ കാലാവധിയില്‍ 9.723 ശതമാനം പലിശയ്ക്കായിരുന്നു ലിസ്റ്റിംഗ്. ഈ പലിശനിരക്ക് ഏറെ കൂടുതലാണെന്ന വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയാണ് ചട്ടലംഘനം നടന്നിട്ടുണ്ടെന്ന ആരോപണങ്ങളും ഉയര്‍ന്നതും ഇ.ഡി അന്വേഷണത്തിലേക്ക് കടന്നതും.
Related Articles
Next Story
Videos
Share it