ടൂറിസം മേഖല കിതയ്ക്കുന്നു; ഇന്ത്യക്കാര്‍ കനിയണമെന്ന് അഭ്യര്‍ത്ഥിച്ച് മാലിദ്വീപ് മന്ത്രി

മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിന് പിന്നാലെ ബോയ്‌ക്കോട്ട് മാലിദ്വീപ് കാമ്പയിന്‍ ശക്തമായിരുന്നു
Maldives
Image by Canva
Published on

മാലിദ്വീപിന്റെ  ടൂറിസത്തെ കൈവിടരുതെന്ന് ഇന്ത്യക്കാരോട് അഭ്യര്‍ത്ഥിച്ച് മാലിദ്വീപ് മന്ത്രി ഇബ്രാഹിം ഫൈസല്‍. ഇന്ത്യയുമായുള്ള നയതന്ത്രബന്ധത്തില്‍ വിള്ളലുണ്ടായതിനെ തുടര്‍ന്ന് മാലിദ്വീപിലേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ ഇടിവുണ്ടായ സാഹചര്യത്തിലാണ് പുതിയ നീക്കം .

ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെകുറിച്ച് സംസാരിക്കുകയായിരുന്നു മാലിദ്വീപ് മന്ത്രി.

''പുതുതായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഇന്ത്യയുമായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ എപ്പോഴും സമാധാനവും സൗഹൃദവുമായ അന്തരീക്ഷവുമാണ് പ്രോത്സാഹിപ്പിക്കുന്നത്. തുടര്‍ന്നും ഇന്ത്യക്കാര്‍ മാലിദ്വീപ് വിനോദ സഞ്ചാരത്തിന്റെ ഭാഗമാകണം. ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികളെ മാലിദ്വീപ് സര്‍ക്കാരും ജനങ്ങളും ഊഷ്ടമളമായി വരവേല്‍ക്കും''.- ഇബ്രാഹിം ഫൈസല്‍ പറഞ്ഞു. ടൂറിസത്തെ ആശ്രയിച്ചു നില്‍ക്കുന്ന രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ കുറിച്ച് ആശങ്കയും മന്ത്രി പ്രകടിപ്പിച്ചു.

അധിക്ഷേപങ്ങളില്‍ തുടക്കം

നേരത്തെ മൂന്ന് മാലിദ്വീപ് മന്ത്രിമാര്‍ ഇന്ത്യക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതിനെ തുടര്‍ന്നാണ് മാലിദ്വീപ്-ഇന്ത്യ ബന്ധം വഷളായത്. പിന്നാലെ സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാര്‍ മാലിദ്വീപ് സന്ദര്‍ശിക്കാനുള്ള പദ്ധതി ഉപേക്ഷിച്ചു. 'ബോയ്‌കോട്ട് മാലിദ്വീപ്' കാമ്പയിനുകളും ഹാഷ്ടാഗുകളും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ട്രെന്‍ഡിംഗ് ആയിരുന്നു.

സഞ്ചാരികള്‍ കുറഞ്ഞു

മാലിദ്വീപിലേക്ക് ഏറ്റവുമധികം വിദേശ വിനോദസഞ്ചാരികള്‍ എത്തുന്നത് ഇന്ത്യയില്‍ നിന്നാണ്. 2023ല്‍ 2,09,198 ഇന്ത്യക്കാരാണ് മാലദ്വീപ് സന്ദര്‍ശിച്ചത്. എന്നാല്‍ വിവാദങ്ങള്‍ക്ക് ശേഷം വലിയ ഇടിവുണ്ടായി. അടുത്തിടെ പുറത്തു വന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയില്‍ നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ആദ്യ നാല് മാസങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷത്തെ ആദ്യ നാല് മാസങ്ങളില്‍ 42 ശതമാനം കുറവുണ്ടായി.

കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ 73,785 വിനോദസഞ്ചാരികള്‍ മാലിദ്വീപില്‍ എത്തിയ സ്ഥാനത്ത് ഈ വര്‍ഷം ഇക്കാലയളവില്‍ എത്തിയത് 42,638 പേര്‍ മാത്രമാണ്.

മാര്‍ച്ച് നാലിന് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം മാലിദ്വീപിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് നിന്ന് ആറാം സ്ഥാനത്തേക്ക് എത്തി.

മാലിദ്വീപ് പ്രസിഡന്റായി മുഹമ്മദ് മുയിസു ചുമതലയേറ്റതു മുതലാണ് ഇന്ത്യയുമായുള്ള ബന്ധം വഷളായത്. മാലിദ്വീപിലെ ഇന്ത്യന്‍ സൈന്യത്തോട് ഉടന്‍ രാജ്യം വിടണമെന്ന് മുയിസു ആവശ്യപ്പെട്ടിരുന്നു. മാലിദ്വീപ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ ആദ്യം സന്ദര്‍ശിക്കുന്ന രാജ്യം ഇന്ത്യയായിരുന്നു. എന്നാല്‍ ഈ കീഴ്‌വഴക്കം മുയിസു തെറ്റിച്ചു. ചൈനയിലേക്കും ഇന്ത്യക്കെതിരായ നിലപാടുകളുള്ള തുര്‍ക്കിയേക്കുമാണ് അദ്ദേഹം പോയത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com