മസ്‌കിന്റെ സമ്പത്ത് കൊഴിയുന്നോ? ലോക സമ്പന്നപ്പട്ടികയില്‍ സക്കര്‍ബര്‍ഗിനോടും കീഴടങ്ങി

ലോകത്തെ ഏറ്റവും സമ്പന്നനെന്ന പട്ടം നഷ്ടപ്പെട്ട എലോണ്‍ മസ്‌കിന് ബ്ലൂംബെര്‍ഗിന്റെ ശതകോടീശ്വര പട്ടികയില്‍ തുടര്‍ച്ചയായ സ്ഥാനചലനം. ടെസ്‌ല, സ്‌പേസ്എക്‌സ്, എക്‌സ് (ട്വിറ്റര്‍) എന്നിവയുടെ മേധാവിയായ മസ്‌കിനെ പിന്തള്ളി കഴിഞ്ഞ മാര്‍ച്ച് ആദ്യവാരമാണ് ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് ലോകത്തെ ഏറ്റവും സമ്പന്നനെന്ന സ്ഥാനം പിടിച്ചെടുത്തത്.
പിന്നീട് ഫ്രഞ്ച് ഫാഷന്‍ ബ്രാന്‍ഡായ എല്‍.വി.എം.എച്ചിന്റെ മേധാവി ബെര്‍ണാഡ് അര്‍ണോ ഒന്നാംസ്ഥാനം സ്വന്തമാക്കി. ബെസോസ് രണ്ടാമതായി. ഇപ്പോഴിതാ, ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗും മസ്‌കിനെ മറികടന്നിരിക്കുന്നു. നിലവില്‍, മസ്‌ക് നാലാംസ്ഥാനത്താണുള്ളത്. 2020ന് ശേഷം ആദ്യമായാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ് മൂന്നാംസ്ഥാനത്തേക്ക് ഉയരുന്നതും എലോണ്‍ മസ്‌കിനെ പിന്തള്ളുന്നതും.
ഇലക്ട്രിക് കാര്‍ കമ്പനിയായ ടെസ്‌ല നേരിടുന്ന തുടര്‍ച്ചയായ വില്‍പനസമ്മര്‍ദ്ദവും ഓഹരികളുടെ തളര്‍ച്ചയുമാണ് മസ്‌കിനെ നാലാംസ്ഥാനത്തേക്ക് തള്ളിയത്. വിലകുറഞ്ഞ മോഡല്‍ ടെസ്‌ല അവതരിപ്പിച്ചേക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ നീക്കത്തില്‍ നിന്ന് ടെസ്‌ല പിന്മാറുന്നുവെന്ന വാര്‍ത്തകളെ തുടര്‍ന്ന് ടെസ്‌ല ഓഹരികളുടെ വിലയിടിഞ്ഞിരുന്നു. ഇതാണ് മസ്‌കിന്റെ ആസ്തിയെയും ബാധിച്ചത്. ഈ വര്‍ഷം ഇതുവരെ 34 ശതമാനം ഇടിവാണ് ടെസ്‌ല ഓഹരികള്‍ നേരിട്ടത്.
ബ്ലൂംബെര്‍ഗിന്റെ താരപ്പട്ടിക
22,300 കോടി ഡോളര്‍ (18.6 ലക്ഷം കോടി രൂപ/ഡോളറിനെതിരെ രൂപയുടെ മൂല്യം 83.4 എന്ന പ്രകാരം) ആസ്തിയുമായാണ് ബെര്‍ണാഡ് അര്‍ണോ ഒന്നാംസ്ഥാനം അലങ്കരിക്കുന്നത്. രണ്ടാമതുള്ള ബെസോസിന്റെ ആസ്തി 20,700 കോടി ഡോളര്‍.
18,700 കോടി ഡോളറാണ് സക്കര്‍ബര്‍ഗിന്റെ ആസ്തി. മസ്‌കിന്റേത് 18,100 കോടി ഡോളറും. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സാണ് അഞ്ചാമത് (15,300 കോടി ഡോളര്‍).
അദാനിയും അംബാനിയും
പട്ടികയില്‍ 11-ാം സ്ഥാനത്തുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് ഇന്ത്യക്കാരില്‍ മുന്നില്‍; ആസ്തി 11,200 കോടി ഡോളര്‍ (9.34 ലക്ഷം കോടി രൂപ). തൊട്ടടുത്ത്, 14-ാം സ്ഥാനത്ത് അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനിയുണ്ട്. 10,400 കോടി ഡോളറാണ് അദാനിയുടെ ആസ്തി (8.67 ലക്ഷം കോടി രൂപ).

Related Articles

Next Story

Videos

Share it