ജിഎസ്ടി വരുമാനത്തില്‍ 16 ശതമാനം ഇടിവ്; സമാഹരിച്ചത് 1.40 ലക്ഷം കോടിയിലധികം
2022 മെയ് മാസം രാജ്യത്ത് 1,40,885 കോടിയുടെ ജിഎസ്ടി വരുമാനം. ഇത് നാലാം തവണയാണ് ജിഎസ്ടി വരുമാനം 1.40 ലക്ഷം കോടി കടക്കുന്നത്. മുന്‍മാസത്തെ അപേക്ഷിച്ച് ജിഎസ്ടിയില്‍ 16 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. അതേ സമയം 2021 മെയ് മാസത്തെ അപേക്ഷിച്ച് വരുമാനത്തില്‍ 44 ശതമാനത്തിന്റെ വര്‍ധനവ് രേഖപ്പെടുത്തി.
കഴിഞ്ഞ ഏപ്രിലില്‍ 1.67 ലക്ഷം കോടിയെന്ന എക്കാലത്തെയും ഉയര്‍ന്ന നിലയില്‍ ജിഎസ്ടി വരുമാനം എത്തിയിരുന്നു. മെയ്മാസം ലഭിച്ചതില്‍ 25,036 കോടിരൂപ സെന്‍ട്രല്‍ ജിഎസ്ടി ഇനത്തിലും 32,001 കോടി രൂപ സ്റ്റേറ്റ് ജിഎസ്ടിയിലുമാണ്. ഐജിഎസ്ടിയായി 73,345 കോടി രൂപയും സെസ് ഇനത്തില്‍ 10,502 കോടിയും ലഭിച്ചു.
ഇന്നലെ സംസ്ഥാനങ്ങള്‍ക്ക് 2021 മെയ് 31 വരെയുള്ള ജിസ്ടി നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്രം തീരുമാനിച്ചിരുന്നു. ഇതിനായി 86,912 കോടി രൂപയാണ് കേന്ദ്രം നീക്കിവെച്ചത്. കേരളത്തിന് ജിഎസ്ടി നഷ്ടപരിഹാരമായി 5693 കോടി രൂപയാണ് ലഭിക്കുക.
രാജ്യത്ത് 2017ല്‍ ജിഎസ്ടി സംവിധാനം നിലവില്‍ വന്നതോടെ സംസ്ഥാനങ്ങള്‍ക്ക് നേരിട്ട വരുമാന നഷ്ടം നികത്താനാണ് 5 വര്‍ഷത്തേക്ക് നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചത്. ഈ മാസം ജൂണിന് ശേഷം ജിഎസ്ടി നഷ്ടപരിഹാരം നല്‍കുന്നത് അവസാനിപ്പിക്കുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്.