മില്ലെറ്റ് വില റോക്കറ്റ് വേഗത്തില്‍ മുകളിലേക്ക്; ഡിമാന്‍ഡ് കൂടിയപ്പോള്‍ ഉത്പാദനത്തില്‍ ഇടിവ്

കേരളം ഉള്‍പ്പെടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മില്ലെറ്റ് വിഭവങ്ങള്‍ക്ക് വലിയ സ്വീകാര്യ കൈവന്നിട്ടുണ്ട്

ഡിമാന്‍ഡ് കൂടുന്നതിനനുസരിച്ച് ഉത്പാദനം വര്‍ധിക്കാതെ വന്നതോടെ മില്ലെറ്റുകളുടെ (ചെറുധാന്യങ്ങള്‍) വില വിപണിയില്‍ അതിവേഗം കുതിക്കുന്നു. സോഷ്യല്‍മീഡിയയില്‍ ലഭിക്കുന്ന വന്‍ പ്രചരണം മില്ലെറ്റുകളുടെ വില്‍പനയെ സ്വാധീനിക്കുന്നു. കഴിഞ്ഞ വര്‍ഷം വരെ ഒരുപരിധിയില്‍ കൂടുതല്‍ ഡിമാന്‍ഡ് ഉണ്ടായിരുന്നില്ല.
അന്താരാഷ്ട്ര മില്ലെറ്റ് വര്‍ഷാചരണവും കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയും ചേര്‍ന്നതോടെയാണ് മില്ലെറ്റുകളുടെ വില്‍പന കുതിച്ചുയര്‍ന്നത്. ആവശ്യക്കാര്‍ കൂടിയതോടെ മില്ലെറ്റ് ഉത്പന്നങ്ങളുടെ വിലയും വര്‍ധിച്ചു. ഒരു വര്‍ഷത്തിനിടെ മില്ലെറ്റിന് 16.7 ശതമാനമാണ് വില ഉയര്‍ന്നത്.
ഡിമാന്‍ഡ് കൂടിയതിനൊപ്പം ഉത്പാദനത്തില്‍ ഇടിവുണ്ടായതും വില കൂടുന്നതിലേക്ക് നയിച്ചു. സര്‍ക്കാരിന്റെ പിന്തുണയുണ്ടായിട്ടു പോലും റാഗി കൃഷി കുറയുകയാണ് ചെയ്തത്. 2022-23 സാമ്പത്തികവര്‍ഷം 1.16 മില്യണ്‍ ഹെക്ടര്‍ സ്ഥത്തായിരുന്നു കൃഷി.
ഇത് ഇക്കഴിഞ്ഞ സാമ്പത്തികവര്‍ഷം 1.04 മില്യണ്‍ ഹെക്ടറായി കുറഞ്ഞു. ഉത്പാദനത്തിലും ഇതിനനുസരിച്ച് കുറവു രേഖപ്പെടുത്തി. 1.69 മില്യണ്‍ ടണ്ണില്‍ നിന്ന് 1.39 ടണ്ണായിട്ടാണ് വിളവ് കുറഞ്ഞത്. ഉത്പാദനം കുറഞ്ഞതോടെ വിലയും കുതിച്ചുയര്‍ന്നു. ജനുവരിക്ക് ശേഷം 10 ശതമാനത്തിലേറെയാണ് വില ഉയര്‍ന്നത്.
ജോവറിന്റെ വിലയില്‍ കുറവ്
മറ്റൊരു ചെറുധാന്യമായ ജോവറിന്റെ വില പക്ഷേ ഫെബ്രുവരിയെ അപേക്ഷിച്ച് കുറയുകയാണ് ചെയ്തത്. ഫെബ്രുവരിയില്‍ 12.7 ശതമാനം വില കുടിയിടത്തു നിന്നും 10 ശതമാനമായി മാര്‍ച്ചില്‍ കുറഞ്ഞു. ജോവര്‍ കൃഷി ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഇതിനൊപ്പം വിളവും വര്‍ധിച്ചതോടെയാണ് വില ചെറുതായി കുറഞ്ഞത്.
2023-24 വര്‍ഷം 4.03 മില്യണ്‍ ടണ്ണായിരുന്നു വിളവ്. മുന്‍വര്‍ഷം ഇത് 3.81 മില്യണ്‍ ടണ്‍ മാത്രമായിരുന്നു. കൃഷി 3.54 മില്യണ്‍ ഹെക്ടറില്‍ നിന്ന് 3.65 മില്യണ്‍ ഹെക്ടറായി വര്‍ധിച്ചെന്നതും ശ്രദ്ധേയമാണ്. റാഗി അടങ്ങിയ ബിസ്‌കറ്റ്, സ്‌നാക്‌സ്, മധുരപലഹാരങ്ങള്‍ എന്നിവയുടെ വില്‍പന ഇന്ത്യയില്‍ ഉയര്‍ന്നിട്ടുണ്ട്.
വില കൂടാനുളള കാരണങ്ങളിലൊന്ന് ഇതാണെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. ഐ.ടി.സി, നെസ്‌ലെ തുടങ്ങിയ കമ്പനികള്‍ മില്ലെറ്റ് അടങ്ങിയ വിഭവങ്ങള്‍ പുറത്തിറക്കിയതും വിലയില്‍ പ്രതിഫലിച്ചിട്ടുണ്ട്. കേരളം ഉള്‍പ്പെടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മില്ലെറ്റ് വിഭവങ്ങള്‍ക്ക് വലിയ സ്വീകാര്യത കൈവന്നിട്ടുണ്ട്.
വരുന്ന മണ്‍സൂണ്‍ മികച്ചതായിരിക്കുമെന്ന കാലാവസ്ഥ പ്രവചനങ്ങള്‍ മില്ലെറ്റ് ഉത്പാദനം വര്‍ധിക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ഡിമാന്‍ഡ് കൂടിയതിനാല്‍ അതിനൊത്ത ഉത്പാദനം ഉണ്ടായില്ലെങ്കില്‍ വീണ്ടും വില കൂടും. മികച്ച വില കിട്ടുന്നതിനാല്‍ കൂടുതല്‍ കര്‍ഷകര്‍ മില്ലെറ്റ് കൃഷിയിലേക്ക് തിരിയുമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.
Related Articles
Next Story
Videos
Share it