യു.കെയില്‍ വര്‍ക്ക് വീസയ്ക്ക് അപേക്ഷിക്കും മുമ്പേ അറിഞ്ഞിരിക്കണം പുതിയ മാറ്റങ്ങള്‍

തൊഴില്‍ തേടുന്ന മലയാളികളുടെ ഇഷ്ട രാജ്യങ്ങളിലൊന്നാണ് യു.കെ. കൊവിഡ് മഹാമാരിക്കു ശേഷം യു.കെയിലേക്കുള്ള കുടിയേറ്റം റെക്കോഡ് തലത്തിലാണ്. നേഴ്‌സിംഗ് രംഗത്തു നിന്നായിരുന്നു ഏറ്റവും വലിയ ഒഴുക്ക് ഉണ്ടായിരുന്നതെങ്കില്‍ പിന്നീട് സ്റ്റുഡന്റ് വീസയില്‍ പോകുന്നവരുടെ സംഖ്യയും കൂടിയിരുന്നു. ഇപ്പോള്‍ മറ്റ് തൊഴില്‍ മേഖലയില്‍ നിന്നുള്ളവരും ഈ യൂറോപ്യന്‍ രാജ്യം ലക്ഷ്യമിടുന്നുണ്ട്.

വിദേശീയരുടെ വരവ് വര്‍ധിച്ചതോടെ നിയന്ത്രണങ്ങളും കടുപ്പിച്ചിരിക്കുകയാണ് ഋഷി സുനക് സര്‍ക്കാര്‍. വര്‍ക്ക് വീസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് വേണ്ട മിനിമം ശമ്പളം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കഴിഞ്ഞദിവസം മുതല്‍ വര്‍ധന നിലവില്‍ വന്നു. ജോലിക്കാരെ ലഭ്യമല്ലാത്ത മേഖലകളില്‍ ഒഴിച്ച് ബാക്കി എല്ലാ രംഗത്തും മിനിമം ശമ്പളം കൂട്ടിയിട്ടുണ്ട്.

മിനിമം ശമ്പളത്തില്‍ വര്‍ധന

യു.കെയില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വലിയ തിരിച്ചടിയാണ് മിനിമം ശമ്പള നിയമം. ഏപ്രില്‍ 11 മുതല്‍ ഉയര്‍ന്ന ശമ്പളത്തിലുള്ള ജോലി ഓഫര്‍ കിട്ടിയവര്‍ക്ക് മാത്രമേ വര്‍ക്ക് വീസയ്ക്ക് അപേക്ഷിക്കാന്‍ സാധിക്കുകയുള്ളൂ. നേരത്തെ 26,200 പൗണ്ട് (27,21163 രൂപ) ആയിരുന്നു മിനിമം ശമ്പളമായി വേണ്ടിയിരുന്നത്. ഇത് 38,700 പൗണ്ടായി (40,19428 രൂപ) വര്‍ധിപ്പിച്ചിട്ടുണ്ട്.

50 ശതമാനത്തോളമുള്ള വര്‍ധന പലരുടെയും യു.കെ ജോലി സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടിയാകും. എന്നാല്‍, നേഴ്‌സിംഗ്, സോഷ്യല്‍ കെയര്‍, ടീച്ചര്‍മാര്‍ എന്നിവര്‍ക്ക് ഈ നിബന്ധന ബാധകമല്ല. കെയര്‍ വര്‍ക്കര്‍മാരായി എത്തുന്നവര്‍ക്ക് കുടുംബത്തെയോ ആശ്രിതരെയോ കൊണ്ടുവരാന്‍ പറ്റില്ല.

അപേക്ഷയ്ക്ക് പോയിന്റ് ബേസ്ഡ് സിസ്റ്റം

വര്‍ക്ക് വീസയ്ക്കായി അപേക്ഷിക്കുന്നത് പോയിന്റ് ബേസ്ഡ് സിസ്റ്റം (പി.ബി.എസ്) സംവിധാനത്തിലൂടെയാണ്. ജോലിക്കായി വരുന്നവര്‍ക്ക് 70 പോയിന്റ് ഉണ്ടെങ്കില്‍ മാത്രമേ യു.കെ സ്വപ്‌നത്തിന്റെ ആദ്യ കടമ്പ കടക്കാന്‍ സാധിക്കുകയുള്ളൂ. വിദഗ്ധ തൊഴില്‍ മേഖലയില്‍ നിന്നുള്ള ജോലി ഓഫറിനൊപ്പം ഇംഗ്ലീഷ് സംസാരിക്കാനുള്ള പരിജ്ഞാനം വഴി 50 പോയിന്റ് ലഭിക്കും.

ഏറ്റവും പുതിയ ധനംഓണ്‍ലൈന്‍ വാര്‍ത്തകളും അപ്ഡേറ്റുകളും ലഭിക്കാന്‍ അംഗമാകൂ: വാട്‌സ്ആപ്പ്, ടെലഗ്രാം

ജോലിക്കാര്‍ക്ക് ദൗര്‍ലഭ്യമുള്ള മേഖല, ഉയര്‍ന്ന ശമ്പളം എന്നിവയില്‍ നിന്ന് 20 പോയിന്റും കണ്ടെത്താം. സ്‌കില്‍ഡ് വീസയ്ക്കുള്ള ഫീസ് 719 പൗണ്ട് (74,676 രൂപ) മുതല്‍ 1,500 പൗണ്ട് (1,55,791 രൂപ) വരെയാണ്. ഇതിനൊപ്പം ഓരോ വര്‍ഷവും ഹെല്‍ത്ത്‌കെയര്‍ സര്‍ചാര്‍ജും നല്‍കണം. 1,035 പൗണ്ട് (1,07,496 രൂപ) വരെയാകും ഈ തുക. അടുത്തിടെ വലിയ തോതില്‍ സര്‍ചാര്‍ജ് വര്‍ധിപ്പിച്ചിരുന്നു.

ആരോഗ്യരംഗം, ഗ്രാഫിക് ഡിസൈനേഴ്‌സ്, കെട്ടിട നിര്‍മാണ മേഖല, മൃഗപരിപാലനം എന്നീ മേഖലയില്‍ നിലവില്‍ യു.കെയില്‍ തൊഴിലാളിക്ഷാമം നിലനില്‍ക്കുന്നുണ്ട്. ഈ മേഖലയില്‍ വര്‍ക്ക് വീസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് പോയിന്റ് ബേസ്ഡ് സിസ്റ്റത്തില്‍ എളുപ്പത്തില്‍ പോയിന്റ് ലഭിക്കും.

കുടിയേറ്റക്കാരില്‍ മുന്നില്‍ ഇന്ത്യക്കാര്‍

2023 ജൂണില്‍ അവസാനിച്ച കാലയളവില്‍ 1,180,000 പേര്‍ യു.കെയില്‍ എത്തിയെന്നാണ് കണക്ക്. ഇവരില്‍ 5,08,000 പേര്‍ തിരിച്ചുപോയി. യു.കെയില്‍ വന്നവരില്‍ 9,68,000 പേരും യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് പുറത്തു നിന്നുള്ളവരാണ്. ഈ ലിസ്റ്റില്‍ ഇന്ത്യക്കാരാണ് മുന്നില്‍. 2,53,000 ഇന്ത്യക്കാരാണ് ഇക്കാലയളവില്‍ യു.കെയില്‍ എത്തിയത്. തൊട്ടുപിന്നില്‍ നൈജീരിയ (1,41,000), ചൈന (89,000), പാക്കിസ്ഥാന്‍ (55,000), യുക്രെയ്ന്‍ (35,000) എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.

Related Articles

Next Story

Videos

Share it